മോളിവുഡിലെ ആദ്യ ജി വാഗൺ ആസിഫിന് സ്വന്തം
Mail This Article
മോളിവുഡിലെ ആദ്യ ജി വാഗൺ സ്വന്തമാക്കി യുവ നടൻ ആസിഫ് അലി. മെഴ്സിഡീസ് ബെൻസിന്റെ ജി 55 എഎംജിയാണ് താരം സ്വന്തമാക്കിയത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ബിഗ് ബോയ്സ് ടോയ്സ് എന്ന സെക്കന്റ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് 2012 മോഡൽ ജി വാഗൺ നടൻ ആസിഫ് സ്വന്തമാക്കിയത്.
ജി വാഗണിന്റെ കരുത്തുകൂടിയ പെർഫോമൻസ് പതിപ്പാണ് ജി 55 എഎംജി. 2002 മുതൽ 2012 വരെയാണ് മെഴ്സിസീസ് ബെൻസ് ജി 55 എഎംജി പുറത്തിറക്കിയിട്ടുള്ളത്. അതിൽ 2005 മുതൽ 2012 വരെ വിപണിയിലുണ്ടായിരുന്ന തലമുറയാണ് ആസിഫിന്റേത്. 2014 ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത വാഹനത്തിൽ 5.5 ലീറ്റർ വി8 പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 507 പിഎസ് കരുത്തും 700 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്.
ജി വാഗൺ
ഡെയ്‌മ്‌ലറിന്റെ ചരിത്രത്തിൽ തന്നെ ഇപ്പോഴും നിർമിക്കുന്ന ഏറ്റവും പഴക്കമുള്ള മോഡലാണ് ജി വാഗൺ. നാൽപ്പത് വർഷം മുൻപ് 1979 ലാണ് ആദ്യ ജി വാഗൺ പുറത്തിറങ്ങുന്നത്. അതിനു ശേഷം നിരവധി ജനപ്രിയ ജി വാഗൺ മോഡലുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായാണ് ജി വാഗണിന്റെ കണക്കാക്കുന്നത്.