ബജാജ് ചേതക് എത്തുക കെടിഎം ഷോറൂം വഴി
Mail This Article
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ വൈദ്യുത സ്കൂട്ടറായ ചേതക് വിൽപനയ്ക്കെത്തുക കെ ടി എം ഡീലർഷിപ്പുകൾ വഴി. ആദ്യഘട്ടത്തിൽ പുണെയിലും ബെംഗളൂരുവിലുമാവും വൈദ്യുത സ്കൂട്ടറായ ചേതക് ലഭിക്കുകയെന്നാണു കരുതുന്നത്. ക്രമേണ മറ്റു പ്രധാന നഗരങ്ങളിലെ കെ ടി എം ഡീലർഷിപ്പുകൾ മുഖേനയും ചേതക് ഇ വി വിൽപനയ്ക്കെത്തും. ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ആദ്യ വൈദ്യുത വാഹനമാണു പുതിയ ചേതക്. ഇന്ത്യയിൽ വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്ന ആദ്യ മുൻ നിര, ഇരുചക്രവാഹ നിർമാതാവുമാണു ബജാജ് ഓട്ടോ. യൂറോപ്യൻ ശൈലിയിലുള്ള രൂപകൽപ്പനയും നാലു കിലോവാട്ട് വൈദ്യുത മോട്ടോറിന്റെ പിൻബലവുമൊക്കെയായാണ് പണ്ടു കാലത്ത് ഇന്ത്യൻ സ്കൂട്ടർ വിപണിയെ അടക്കിവാണിരുന്ന ചേതക്കിന്റെ വൈദ്യുത വാഹനമായുള്ള മടക്കം.
പ്രീമിയം സ്കൂട്ടർ എന്ന നിലയ്ക്കാണു ബജാജ് ഓട്ടോ പുതിയ ചേതക്കിനെ വിപണനം ചെയ്യാൻ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെയാണു സ്കൂട്ടർ വിൽപനയ്ക്കായി പ്രീമിയം ഡീലർഷിപ് ശൃംഖലയായ കെടിഎം ഷോറൂമുകളെ തന്നെ ബജാജ് കൂട്ടുപിടിക്കുന്നത്. വൈകാതെ ഹസ്ക്‌വർണ ശ്രേണിയിലെ ഇരുചക്രവാഹനങ്ങളും ഇതേ ഷോറൂമുകൾ മുഖേന വിൽപനയ്ക്കെത്തുന്നുണ്ട്. ചുരുക്കത്തിൽ സാധാരണ ബജാജ് ഓട്ടോ ഷോറൂമുകളെ അപേക്ഷിച്ചു മികച്ച അനുഭവമാകും കെ ടി എം ഡീലർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നത്.
അതേസമയം നിലവിലുള്ള ബജാജ് ഡീലർഷിപ്പുകളുടെ നിലവാരം മെച്ചപ്പെടുത്താനും കമ്പനിക്കു പദ്ധതിയുണ്ട്. ബാറ്ററിയിൽ ഓടുന്ന ചേതക്കിനെ 1.40 ലക്ഷത്തോളം രൂപ വിലനിലവാരത്തിലാവും ബജാജ് ഓട്ടോ വിൽപ്പനയ്ക്കെത്തിക്കുകയെന്നാണു പൊതുവേയുള്ള പ്രതീക്ഷ. ഇത്രയും പണം മുടക്കുന്നവർക്ക് അനിനനുസൃതമായ ഉപഭോക്തൃ സേവനവും ബജാജ് ഉറപ്പാക്കേണ്ടി വരും.