ഇതാണോ പുതിയ ക്രേറ്റ? അടുത്തറിയാം–വിഡിയോ
Mail This Article
ഹ്യുണ്ടേയ് നിരയിൽ ഏറ്റവും ആരാധകരുള്ള വാഹനങ്ങളിലൊന്നാണ് ക്രേറ്റ. ഹ്യണ്ടേയ്‌യുടെ വിശ്വാസ്യതയുമായി എത്തിയ ഈ ചെറു എസ്‍യുവി, യൂട്ടിലിറ്റി വെഹിക്കിൾ നിരയിലെ സൂപ്പർസ്റ്റാറാകാൻ അധികം കാലമെടുത്തില്ല. 2014 ൽ ചൈനയിൽ ഐഎക്സ് 25 ആയും 2015 ൽ ഇന്ത്യയിൽ ക്രേറ്റയായും വിൽപനയ്ക്കെത്തിയ വാഹനത്തിന്റെ പുതിയ പതിപ്പിന്റെ വിഡിയോ പുറത്തുവന്നിരിക്കുന്നു. പവർ ആൻഡ് ടോർക്ക് എന്ന യൂട്യൂബ് ചാനലാണ് ക്രേറ്റയുടെ ചൈന പതിപ്പിന്റെ വിഡിയോ പുറത്തുവിട്ടത്. അടുത്തിടെ നടന്ന ഷാങ്ഹായ് മോട്ടർ ഷോയിൽ ഐഎക്സ് 25 നെ ഹ്യുണ്ടേയ് പ്രദർശിപ്പിച്ചിരുന്നു. ചൈനയിൽ അടുത്ത വർഷം ആദ്യം പുതിയ വാഹനം വിപണിയിലെത്തും.
ഹ്യുണ്ടേയ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം തന്നെ വാഹനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ അധികം മാറ്റങ്ങളുമായിട്ടാണ് പുതിയ ക്രേറ്റ എത്തുക. ആദ്യ തലമുറയെക്കാൾ വലുപ്പമുള്ള വാഹനമായിരിക്കും പുതിയ ക്രേറ്റ. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവും 2610 എംഎം വീൽബെയ്സുമുണ്ടാകും. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ കൂടാതെ 1.4 ലീറ്റർ ടർബോ ഡീസൽ എൻജിനും പുതിയ ക്രേറ്റയിലുണ്ടാകും.
കൂടുതൽ എസ്‌യുവി ചന്തവുമായിട്ടാണ് പുതിയ ക്രേറ്റ എത്തുക. വലിയ ഗ്രില്ലുകൾ ബംപറിലേക്ക് ഇറങ്ങിയ എൽഇഡി സ്പ്ലിറ്റ് ഹെഡ്‍ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, എൽഇഡി ടെയ്ൽ ലാംപ്, എന്നിവ ക്രേറ്റയുടെ ചൈനീസ് പതിപ്പിലുണ്ട്. കൂടാതെ വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ മീറ്റർ കൺസോൾ തുടങ്ങി ധാരാളം ഫീച്ചറുകളുമുണ്ട്. അഞ്ച് സീറ്റ് വകഭേദം കൂടാതെ ഏഴു സീറ്റ് ക്രേറ്റയും സമീപ ഭാവിയിൽ പ്രതീക്ഷിക്കാം.
English Summary: 2020 Hyundai Creta Chinese Version Video