ADVERTISEMENT

കോംപാക്ട് സെഡാൻ വിപണിയിൽ പുതിയ വാഹനം പുറത്തിറക്കാനൊരുങ്ങി റെനോ. നാലു മീറ്ററിൽ താഴെ നീളമുള്ള പുത്തൻ കോംപാക്ട് സെഡാൻ അവതരിപ്പിച്ചു മാരുതി ഡിസയർ, ഹ്യുണ്ടേയ് എക്സെന്റ്, ഹോണ്ട അമെയ്സ്, ഫോ‌ക്സ്‌വാഗൻ അമിയൊ തുടങ്ങിയവയോടുമൊക്കെ മത്സരിക്കാനാണു റെനോയുടെ പദ്ധതി. അതേസമയം റെനോയുടെ എൻട്രി ലവൽ സെഡാൻ ഉടനൊന്നും വിൽപ്പനയ്ക്കെത്തില്ല, മിക്കവാറും 2021ലാവും ഈ കാറിന്റെ അരങ്ങേറ്റമെന്നാണു പ്രതീക്ഷ.

ഇന്ത്യയിൽ നിർമിക്കുന്ന കോംപാക്ട് സെഡാൻ റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ട് പിന്തുടരുന്ന ലാറ്റിൻ അമേരിക്കൻ, ദക്ഷിണ പൂർവ ഏഷ്യൻ വിപണികളിലേക്കു കയറ്റുമതി ചെയ്യാനും റെനോയ്ക്കു പരിപാടിയുണ്ട്. ഒപ്പം ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതയും കമ്പനി പരിഗണിക്കും. എക്സൈസ് ഡ്യൂട്ടി നിരക്കിലെ ഇളവാണു നാലു മീറ്ററിൽ താഴെ നീളമുള്ള എൻട്രി ലവൽ  സെഡാൻ വിപണിയുടെ പ്രധാന ആകർഷണം. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ കടുത്ത മത്സരവും നിലനിൽക്കുന്നുണ്ട്.

തികച്ചും മത്സരക്ഷമമായ വിലകളിൽ വിവിധ മോഡലുകൾ വിൽപനയ്ക്കെത്തിക്കുന്നതാണു റെനോയുടെ മികവ്. അതുകൊണ്ടുതന്നെ കോംപാക്ട് സെഡാന്റെ കാര്യത്തിലും റെനോ ഈ ശൈലി തന്നെയാവും പിന്തുടരുക.ഇന്ത്യയിലെ സെഡാൻ വിപണിയിൽ റെനോ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത് ഇതാദ്യമല്ല. നേരത്തെ ലോഗനിലൂടെ ഈ വിപണിയിൽ ചുവടുറപ്പിക്കാൻ റെനോ നടത്തിയ ശ്രമം വിജയിച്ചില്ല. തുടർന്ന് വെരിറ്റൊ എന്ന പേരിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതേ കാർ വിൽപ്പനയ്ക്കെത്തിച്ചെങ്കിലും ഫലം വ്യത്യസ്തമായിരുന്നില്ല. പിൽക്കാലത്തു റെനോ ഫ്ളുവൻസ് എന്ന പ്രീമിയം സെഡാനുമായി വിപണിയിലെത്തിയെങ്കിലും ഭാഗ്യം കടാക്ഷിച്ചില്ല.

അടുത്തയിടെ വിപണിയിലെത്തിയ ട്രൈബറിന് അടിത്തറയാവുന്ന സിഎംഎഫ് – എപ്ലസ് പ്ലാറ്റ്ഫോമിൽ തന്നെയാവും റെനോ പുതിയ സെഡാനും സാക്ഷാത്കരിക്കുക. എൻട്രി ലവൽ ഹാച്ച്ബാക്കായ ക്വിഡിലെ സിഎംഎഫ് – എ പ്ലാറ്റ്ഫോമിന്റെ പരിഷ്കൃത രൂപമാണു സിഎംഎഫ് – എ പ്ലസ് പ്ലാറ്റ്ഫോം. പ്ലാറ്റ്ഫോം സമാനമായതിനാൽ ട്രൈബറിലെ എൻജിൻ സാധ്യതകൾ തന്നെയാവും കോംപാക്ട് സെഡാനിലുമുണ്ടാവുക. പെട്രോൾ എൻജിനോടെ മാത്രം വിൽപനയ്ക്കെത്തുമെന്നു കരുതുന്ന കാറിൽ ഓപ്ഷനൽ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഇടംപിടിച്ചേക്കും.

English Summary: Renault Compact Sedan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com