ട്രെൻഡിങ്ങായി മണിയാശാൻ ട്രോളുകൾ; ടൊയോട്ടയുടെ പേജില്‍ മലയാളികളുടെ കമന്റ് പ്രവാഹം
Mail This Article
എംഎം മണി ഉപയോഗിക്കുന്ന ഇന്നോവ രണ്ടു വർഷം കൊണ്ട് 34 ടയർമാറി എന്ന വാർത്ത വന്നതോടെ വിവാദങ്ങള്‍ ആരംഭിച്ചതാണ്. അനാവശ്യധൂർത്ത് എന്ന വിവാദം കത്തുമ്പോൾ മണിയാശാനെ ട്രോളുകയാണ് സമൂഹമാധ്യമങ്ങൾ. ‘ഒരു ടയർ കുത്തിപ്പൊട്ടിച്ചു, ഒന്ന് ഞെക്കി പൊട്ടിച്ചു, ഒന്ന് കടിച്ചു പൊട്ടിച്ചു, എടോ ഡ്രൈവറെ, നിങ്ങൾ ആശാനെയും കൂട്ടി ഹിമാലയം ട്രിപ്പ് നടത്താറുണ്ടോ? പിന്നെ എന്തിനാണ് ഹേ രണ്ടു വർഷം കൊണ്ട് 34 ടയർ മാറ്റിയത്. ടയറുകൾ കൂട്ടി വച്ച് കൊട്ടാരം പണിയുന്ന ആശാൻ..’ മണിയാശാൻ നായകനായ സിനിമ ‘ടയറൻ’ തുടങ്ങി ട്രോൾ പേജുകളിൽ നിറയുകയാണ് മന്ത്രി എം.എം മണിയും അദ്ദേഹത്തിന്റെ കാറും ടയറുകളും. കൂടാതെ ടൊയോട്ട ഇന്ത്യയുടെ ഫെയ്സ്ബുക്ക് പേജിലും മലയാളികൾ കയറി കമന്റിടുകയാണ്.
രണ്ടു വര്‍ഷത്തിനിടെ എംഎം മണിയുടെ ടൊയോട്ടയുടെ ടയര്‍ മാറ്റിയത് 34 തവണയാണെന്ന വിവരാവകാശരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിഷേധം കനക്കുന്നത്. മുണ്ട് മുറുക്കി ഉടുക്കാൻ പറഞ്ഞ ധനമന്ത്രിയെയും ട്രോളി സജീവമാവുകയാണ് ഇൗ വിഷയം. കേരള മന്ത്രി 2017 മോഡല്‍ ഇന്നോവയുടെ ടയര്‍ രണ്ട് വര്‍ഷത്തിനിടെ 10 തവണ മാറ്റി. ഇതെപ്പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് മറുപടിയുമായി കമ്പനി നേരിട്ട് രംഗത്തെത്തുകയും ചെയ്തു. ''നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. നിങ്ങളെ ബന്ധപ്പെടേണ്ട അഡ്രസ് നല്‍കുക. ഞങ്ങള്‍ സഹായിക്കാം, ടീം ടൊയോട്ട'' , എന്നാണ് മറുപടി.
ടൊയോട്ട ഇന്ത്യയുടെ പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും കമന്‍റുകളുടെ പ്രവാഹമാണ്. ഞങ്ങളുടെ പാവപ്പെട്ട മന്ത്രി ഇന്നോവ ക്രിസ്റ്റയുടെ ടയര്‍ മാറ്റിയത് 34 തവണയാണ്. അതുകൊണ്ട് ഈ വണ്ടി വാങ്ങാന്‍ പാവപ്പെട്ട എനിക്ക് പണമില്ല എന്നൊരാള്‍. ചിലർ ഇന്നോവയുടെ ടയർ ലൈഫിനെ കുറ്റം പറയുമ്പോൾ എംഎം മണിയുടെ ധൂർത്താണ് ഇതെന്നാണ് മറ്റുപലരും പറയുന്നത്. കൂടാതെ ഇതൊക്കെ ഞങ്ങള്‍ നികുതി അടക്കുന്നവരുടെ പണമാണ് എന്ന സങ്കടം പങ്കുവെയ്ക്കുന്നവരുമുണ്ട്. ഏതായാലും മണിയാശാന്റെ ടയറുമാറ്റല്‍ സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി മുന്നേറുകയാണ്.