6 ലക്ഷം രൂപ വരെ വിലക്കുറവിൽ ഔഡി എസ്യുവികൾ
Mail This Article
ഇന്ത്യൻ അരങ്ങേറ്റത്തിന്റെ ദശവാർഷികാഘോഷത്തോടനുബന്ധിച്ച് എസ്‌യുവികളായ ക്യൂ ഫൈവിനും ക്യു സെവനിനും വിലക്കിഴിവുമായി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. പരിമിതകാലത്തേക്കു പ്രഖ്യാപിച്ച സെലിബ്രേറ്ററി പ്രൈസിനെ തുടർന്നു ക്യു ഫൈവ് 45 ടി എഫ്എസ്ഐ പെട്രോളിന്റെയും 40 ടിഡിഐയുടെയും രാജ്യത്തെ ഷോറൂം വില 49.99 ലക്ഷം രൂപയായി കുറഞ്ഞു. ഇപ്പോഴുള്ള വിലയായ 55.80 ലക്ഷം രൂപയെ അപേക്ഷിച്ച് 5.81 ലക്ഷം രൂപയുടെ ഇളവാണിത്. ക്യു സെവൻ 45 ടിഎഫ്എസ്ഐ പെട്രോളിന്റെ ഷോറൂം വിലയാവട്ടെ 4.83 ലക്ഷം രൂപ ഇളവോടെ 68.99 ലക്ഷം രൂപയായി. ഇതുവരെ 73.82 ലക്ഷം രൂപയായിരുന്നു ഈ മോഡലിന്റെ ഷോറൂം വില.
ക്യൂ സെവൻ 45 ടിഡിഐയുടെ പ്രത്യേക വില 71.99 ലക്ഷം രൂപയാണ്. നിലവിലുള്ള വിലയായ 78.01 ലക്ഷത്തെ അപേക്ഷിച്ച് 6.02 ലക്ഷം രൂപ കുറവ്. ഔഡിയുടെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളായ ക്യു സെവനും ക്യൂ ഫൈവും 2909ലാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തിയത്. പൊതുവേ പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്ന ആഡംബര കാർ വിപണിയിൽ വിൽപന മെച്ചപ്പെടുത്താനുള്ള തന്ത്രമായാണ് ഔഡിയുടെ പരിമിതകാല, സെലിബ്രേറ്ററി പ്രൈസ് വിലയിരുത്തപ്പെടുന്നത്.
പത്തു വർഷം മുമ്പ് നിരത്തിലെത്തിയ ക്യു ഫൈവും ക്യൂ സെവനും ചേർന്നാണ് ഔഡിക്ക് ഇന്ത്യയിൽ വിജയം നേടിക്കൊടുത്തതെന്നു കമ്പനി മേധാവി ബൽബീർ സിങ് ധില്ലൻ അഭിപ്രായപ്പെട്ടു. ശ്രേണിയിലെ ജനപ്രിയ മോഡലുകൾ വിജയകരമായ 10 വർഷം പൂർത്തിയാക്കുന്ന വേളയിൽ കൂടുതൽ ഔഡി പ്രേമികൾക്ക് ഇവ സ്വന്തമാക്കാൻ അവസരമൊരുക്കാനാണു പരിമിതകാലത്തേക്ക് ഈ പ്രത്യേക വില പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റോക്ക് തീരുംവരെ മാത്രമാവും ഈ പ്രത്യേക വില പ്രാബല്യത്തിലുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഔഡി ക്യു ഫൈവിന്റെയും ക്യൂ സെവനിന്റെയും പുതുക്കിയ ഷോറൂം വില ഒറ്റ നോട്ടത്തിൽ(പഴയ വില ബ്രാക്കറ്റിൽ):
ഔഡി ‘ക്യു ഫൈവ്’ 45 ടി എഫ് എസ് ഐ: 49.99 ലക്ഷം രൂപ മുതൽ(55.80 ലക്ഷം രൂപ മുതൽ)
40 ടി ഡി ഐ: 49.99 ലക്ഷം രൂപ മുതൽ(55.80 ലക്ഷം രൂപ മുതൽ)
ഔഡി ക്യു സെവൻ 45 ടി എഫ് എസ് ഐ: 68.99 ലക്ഷം രൂപ മുതൽ(73.82 ലക്ഷം രൂപ മുതൽ)
45 ടി ഡി ഐ: 71.99 ലക്ഷം രൂപ മുതൽ(78.01 ലക്ഷം രൂപ മുതൽ)
English Summary: Audi Q5, Q7 prices reduced for limited period