ബുള്ളറ്റ് 350: ബജറ്റ് പതിപ്പുകൾക്കു വില വർധന
Mail This Article
അടുത്തയിടെ വിപണിയിലെത്തിയ ബുള്ളറ്റ് 350 ബൈക്കുകളുടെ വില റോയൽ എൻഫീൽഡ് വർധിപ്പിച്ചു. സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എബിഎസ്)ത്തോടെ എത്തുന്ന ബൈക്കുകളുടെ വിലയിൽ 2,754 മുതൽ 3,673 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലെത്തിയത്. കുറഞ്ഞ വിലയ്ക്കു ബുള്ളറ്റ് ലഭ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു റോയൽ എൻഫീൽഡ് കഴിഞ്ഞ ഓഗസ്റ്റിൽ ഈ പുത്തൻ ബൈക്കുകൾ പുറത്തിറക്കിയത്. വർധനയ്ക്കു ശേഷവും റോയൽ എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളായി ബുള്ളറ്റ് 350 കെഎസ്, ബുള്ളറ്റ് 350 ഇഎസ് എന്നിവ തുടരും.
നിരത്തിലെത്തിയ വേളയിൽ 1.12 ലക്ഷം രൂപയായിരുന്നു കിക്ക് സ്റ്റാർട്ടും സിംഗിൾ ചാനൽ എബിഎസും മാത്രമുള്ള ബുള്ളറ്റ് 350 ബൈക്കിനു ഡൽഹി ഷോറൂമിലെ വില; ഇതാണിപ്പോൾ 1,14,754 രൂപയായി ഉയർന്നത്. ഇലക്ട്രിക് സ്റ്റാർട്ടുള്ള വകഭേദത്തിന്റെ വിലയാവട്ടെ മുമ്പത്തെ 1.27 ലക്ഷം രൂപയിൽ നിന്ന് 1,30,365 രൂപയുമായി. അതേസമയം ഇരട്ട ചാനൽ എ ബി എസുള്ള ബുള്ളറ്റ് 350 വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല. ബൈക്കിന്റെ കിക് സ്റ്റാർട് പതിപ്പിന് 1,21,380 രൂപയും ഇലക്ട്രിക് സ്റ്റാർട് വകഭേദത്തിന് 1,35,613 രൂപയുമാണു ഷോറൂം വില.
ബുള്ളറ്റിന്റെ 350 സി സി ശ്രേണിക്കു കരുത്തേകുന്നത് 349 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ്. 5,250 ആർ പി എമ്മിൽ 20 പി എസ് വരെ കരുത്തും 4,000 ആർ പി എമ്മിൽ 28 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. അതിനിടെ റോയൽ എൻഫീൽഡിൽ നിന്നുള്ള അടുത്ത തലമുറ മോട്ടോർ സൈക്കിളുകളുടെ പരീക്ഷണ ഓട്ടവും ഊർജിതമായി മുന്നേറുന്നുണ്ട്. അടുത്ത ഏപ്രിലിൽ മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരം പ്രാബല്യത്തിലെത്തുന്നതോടെ ഈ പുതുതലമുറ മോഡലുകൾ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. ഭാവിയിലെ സുരക്ഷാ, മലിനീകരണ നിയന്ത്രണ നിലവാരങ്ങൾ കൈവരിക്കാനായി പുത്തൻ എൻജിനും പ്ലാറ്റ്ഫോമുമൊക്കെയായിട്ടാവും ഈ പുതുതലമുറ ബൈക്കുകളുടെവരവെന്നാണു കരുതുന്നത്.
English Summary: Royal Enfield Bullet 350 Prices Increased