ബുക്ക് ചെയ്യാം പുതിയ ഇലക്ട്രിക് ചേതക്
Mail This Article
അടുത്തയിടെ അനാവരണം ചെയ്ത ചേതക് ഇ സ്കൂട്ടറിനുള്ള ബുക്കിങ്ങുകൾ പുതുവർഷത്തിൽ സ്വീകരിച്ചു തുടങ്ങുമെന്നു ബജാജ് ഓട്ടോ ലിമിറ്റഡ്. ജനുവരിയിൽ ബുക്കിങ് ആരംഭിക്കുന്നതോടൊപ്പം ചേതക്കിന്റെ വിലയും പ്രഖ്യാപിക്കുമെന്നു കമ്പനി സൂചിപ്പിച്ചു. ചേതക് ഇലക്ട്രിക് യാത്രയുടെ സമാനപ ചടങ്ങിലായിരുന്നു ഇ സ്കൂട്ടറിന്റെ ബുക്കിങ് ആരംഭിക്കുന്നതു സംബന്ധിച്ച വെളിപ്പെടുത്തൽ. രാജ്യത്തെ കെ ടി എം ഷോറൂമുകൾ വഴിയാവും ഇ സ്കൂട്ടറായ ചേതക് വിൽപ്പനയ്ക്കെത്തുകയെന്നു നേരത്തെ തന്നെ ബജാജ് ഓട്ടോ വെളിപ്പെടുത്തിയിരുന്നു.
പഴയ പടക്കുതിരയായ ചേതക്കിന്റെ ദീപ്ത സ്മരണകൾ വീണ്ടുമുണർത്താൻ ലക്ഷ്യമിട്ടാണു കമ്പനിയുടെ ആദ്യ വൈദ്യുത ഇരുചക്രവാഹനത്തിനു ബജാജ് ഓട്ടോ അതേ പേരുതന്നെ തിരഞ്ഞെടുത്തത്. പഴമയുടെ സ്പർശം തുളുമ്പുന്ന രൂപകൽപ്പനയോടെ എത്തുന്ന ഈ ചേതക്കിൽ വലിപ്പമേറിയ ബോഡി പാനലുകളും അഴകൊഴുകുന്ന ശൈലിയുമാണു ബജാജ് പിന്തുടരുന്നത്. ഒപ്പം മൾട്ടി സ്പോക്ക് വീൽ, കോണ്ടൂർഡ് സീറ്റ് തുടങ്ങി ആധുനികയുടെ സ്പർശവും ബജാജ് സമ്മാനിക്കുന്നുണ്ട്.
എൻജിനു പകരം നാലു കിലോവാട്ട് മോട്ടോറുമായെത്തുന്ന പുതുതലമുറ ചേതക്കിൽ രണ്ടു റൈഡിങ് മോഡുകളും ക്രമീകരിച്ചിട്ടുണ്ട്: സ്പോർട്, ഇകോ. പ്രകടനക്ഷമയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണു ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇകോ മോഡിൽ സ്കൂട്ടറിന്റെ സഞ്ചാരപരിധി(റേഞ്ച്) 95 കിലോമീറ്ററായി ഉയരും.
വില എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇ സ്കൂട്ടർ വിപണിയിലെ പ്രീമിയം വിഭാഗത്തിലാവും ചേതക് ഇടംപിടിക്കുകയെന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ ഫെതർ ടച് സ്വിച് ഗീയർ, പൂർണ തോതിലുള്ള എൽഇഡി ലൈറ്റിങ്, ഡിജിറ്റൽ കൺസോൾ, മിറർ സ്റ്റോക്ക്, സൈഡ് സ്റ്റാൻഡ്, ഫ്ളഷ് ഫിറ്റിങ് പില്യൻ ഫുട് പെഗ് തുടങ്ങിയവയ്ക്കൊക്കെ ഗുണമേന്മയേറിയ സാമഗ്രികൾ തുടങ്ങിയവയൊക്കെ ബജാജ് ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരം സൗകര്യങ്ങളും സൗകര്യങ്ങളും ഗുണനിലവാരവുമൊക്കെ പരിഗണിക്കുമ്പോൾ പുത്തൻ ചേതക്കിന്റെ വില ഒരു ലക്ഷം രൂപയ്ക്കു മുകളിലെത്താനാണു സാധ്യത.
English Summary: Bajaj Chetak Booking To Open in Januvary 2020