ട്രാഫിക് ബ്ലോക്കില്‍ ആംബുലൻസിന് വഴിയൊരുക്കി ബുള്ളറ്റ് യാത്രികർ: വിഡിയോ
Mail This Article
ട്രാഫിക് ബ്ലോക്കുകളിൽ അത്യാസന്നനിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകൾ പലപ്പോഴും കുടുങ്ങിപ്പോകാറുണ്ട്. കോട്ടയത്ത് അത്തരത്തിലൊരു അവസ്ഥയിൽ അരകിലോമീറ്റർ ദൂരം ഒാടി ഒരു പൊലീസുകാരൻ ആംബുലൻസിന് വഴിയൊരുക്കിയ വാർത്ത ഓർമയില്ലേ?. സമാനമായൊരു സംഭവത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.
അന്ന് കോട്ടയത്ത് രോഗിക്ക് രക്ഷയായത് പൊലീസ് ഉദ്യോഗസ്ഥനാണെങ്കിൽ ഇപ്പോൾ ഡൽഹിയിൽ ആംബുലൻസിന് വഴിയൊരുക്കിയത് ബുള്ളറ്റിലെത്തിയ യുവാക്കളാണ്. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിനു മുമ്പിൽ പാഞ്ഞ് അവർ വഴിയൊരുക്കുകയായിരുന്നു. ഡൽഹിയിലെ ബ്ലോക്കിൽ ഇവരുടെ സഹായത്താലാണ് ആംബുലൻസിലെ രോഗി രക്ഷപ്പെട്ടത്. വിഡിയോ വൈറലായതിനെ തുടർന്ന് യുവാക്കൾക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
ഒരു ജീവനാണ് ആംബുലൻസിൽ, വഴി മാറൂ പ്ലീസ്
എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴിയൊരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ.
English Summary: Royal Enfield Rides Make Way to Ambulance