ഇ–സ്കൂട്ടർ വിപണി പിടിക്കാൻ ബജാജ്, ചേതക് പ്ലാറ്റ്ഫോമിൽ കെ ടി എം, ഹസ്വർണ സ്കൂട്ടറുകള്
Mail This Article
വൈദ്യുത സ്കൂട്ടറായ ചേതക്കിന്റെ പ്ലാറ്റ്ഫോമിൽ പ്രീമിയം ബ്രാൻഡുകളായ കെ ടി എമ്മിന്റെയും ഹസ്‌വർണയുടെയും ഇരുചക്രവാഹനങ്ങളും പുറത്തിറങ്ങുമെന്നു ബജാജ് ഓട്ടോ. പുതിയ പ്ലാറ്റ്ഫോം പങ്കിടുന്നതു സംബന്ധിച്ചു കെ ടി എം ചീഫ് എ്കസിക്യൂട്ടീവ് സ്റ്റെഫാൻ പിയററുമായി ബജാജ് ചർച്ചകൾ നടത്തി. നിലവിൽ മോഡൽ വികസന നടപടികളാണു പുരോഗമിക്കുന്നത്. ബജാജിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രിയൻ ഓഫ് റോഡ് ബൈക്ക് നിർമാതാക്കളാണു കെ ടി എം. ഈ ശ്രേണിയിലെ ബൈക്കുകൾ ഇപ്പോൾ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. അതേസമയം കെടിഎമ്മിന്റെ പക്കലുള്ള മറ്റൊരു ബ്രാൻഡായ ഹസ്ക്വർണ ശ്രേണിയിലെ മോഡലുകൾ എതാനും മാസത്തിനകം ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ.
കെ ടി എം ശ്രേണിയിലെ സ്കൂട്ടറിന് റേസിങ് സന്നദ്ധത പ്രധാനമാണെന്നു ബജാജ് ചൂണ്ടിക്കാട്ടി. ഹസ്ക്വർണ ശ്രേണിയിലെത്തുമ്പോഴും ആ ബ്രാൻഡിന്റെ പ്രതിച്ഛായ നിലനിർത്താൻ ശ്രമം വേണ്ടിവരും. ഇത്തരം നിബന്ധനകളൊക്കെ പാലിച്ചാവും പ്ലാറ്റ്ഫോം പങ്കിട്ടു പുതിയ മോഡലുകൾ പുറത്തിറക്കുകയെന്നും ബജാജ് വിശദീകരിച്ചു.കെ ടി എം ഡീലർഷിപ് ശൃംഖല വഴി വിൽപ്പനയ്ക്കെത്തുന്ന ‘ചേതക്കി’ന് മൂന്നു വർഷം അഥവാ അര ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണു ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടറിലെ ബാറ്ററിയാവട്ടെ 70,000 കിലോമീറ്റർ പിന്നിടും വരെ നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു; അതുകൊണ്ടുതന്നെ ‘ചേതക്കി’ൽ അതിവേഗ ചാർജിങ് സൗകര്യം ലഭ്യമാവാനിടയില്ല.
ഫാസ്റ്റ് ചാർജിങ് ബാറ്ററിയുടെ ആയുസ് 25 — 30% കുറയ്ക്കുമെന്ന് ബജാജ് ഓട്ടോ അർബനൈറ്റ് വിഭാഗം മേധാവി എറിക് വാസ് വെളിപ്പെടുത്തി. മുൻഗാമിയെ പോലെ ഈടുള്ള സ്കൂട്ടറാണ് ഈ ‘ചേതക്കി’ലും ബജാജ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. മോട്ടോർ സൈക്കിളുകൾ വിപണി കീഴടക്കിയയോടെ ജനപ്രിയ സ്കൂട്ടറായിരുന്ന ‘ചേതക്കി’ന്റെ നിർമാണം തന്നെ അവസാനിപ്പിച്ച് 2005ലാണു ബജാജ് ഓട്ടോ ഈ വിഭാഗത്തിൽ നിന്നു പിൻമാറിയത്. എന്നാൽ വൈദ്യുതവാഹന വിഭാഗത്തിലെ സാധ്യത പ്രയോജനപ്പെടുത്താൻ പുത്തൻ ഇ സ്കൂട്ടറുമായി തിരിച്ചെത്തുകയാണു ബജാജ്; പുതുതായി വികസിപ്പിച്ച ഇ സ്കൂട്ടറിനു പഴയ പടക്കുതിരയുടെ പേരായ ‘ചേതക്’ തന്നെയാണു കമ്പനി തിരഞ്ഞെടുത്തത്. തുടക്കത്തിൽ പുണെയിലും ബെംഗളൂരുവിലും മാത്രം ‘ചേതക്’ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. പുതുവർഷത്തോടെ തന്നെ ഈ പുതിയ ‘ചേതക്’ വിൽപ്പനയ്ക്കും തുടക്കമായേക്കും.
English Summary: Bajaj Plans Electric KTM, Husqvarna Scooters Based on New Chetak Platform