ഇത് ഹ്യൂണ്ടായ് ഓറ, എത്തുന്നത് ചെറുകാർ വിപണിയിൽ തരംഗമാവാൻ
Mail This Article
കോംപാക്ട് സെഡാൻ സെഗ്‌മെന്റിലേക്ക് ഹ്യുണ്ടേയ് പുറത്തിറക്കുന്ന പുതിയ വാഹനം ഓറ പ്രദർശിപ്പിച്ചു. സ്റ്റൈലിഷ് ഡിസൈനും ബി എസ് 6 പെട്രോൾ ഡീസൽ എൻജിനുകളുമായി എത്തുന്ന കാർ കോംപാക്ട് സെഡാൻ വിപണിയിൽ ചരിത്രം കുറിക്കുമെന്നാണ് ഹ്യുണ്ടായ് പ്രതിക്ഷിക്കുന്നത്.
ചെറുകാർ വിപണിയിലെ ആദ്യ 1.2 ലിറ്റർ ഇക്കോടോർക്ക് ഡീസൽ എൻജിൻ (ബിഎസ് 6 നിലവാരം) എന്നതാണ് ഹ്യൂണ്ടായ് ഓറയെ മറ്റ് വാഹനങ്ങളുമായി വ്യത്യസ്തനാക്കുന്ന മുഖ്യ സവിശേഷത. ഇതു കൂടാതെ ബിഎസ് 6 നിലവാരത്തിലുള്ള 1 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എൻജിൻ വകഭേദങ്ങളുമുണ്ട്. 5 സ്പീഡ് മാനുവൽ എഎംടി ട്രാൻസ്മിഷനാണ് ഓറയിലുള്ളത്.
പുതിയ ഐ10 നിയോസിനോട് സാമ്യമുള്ള രൂപമായിരിക്കും ഓറയ്ക്ക്. സെഗ്‌മെന്റിലെ മറ്റു കോംപാക്റ്റ് സെഡാനുകളെ വെല്ലുന്ന രൂപഭംഗിയിലാണ് പുതിയ കാർ എത്തുന്നത്. വലിയ ഗ്രിൽ, സ്റ്റൈലർ ഹെഡ്‌ലാംപ്, സ്പോർട്ടി അലോയ് വീലുകൾ എന്നിവ കാറിലുണ്ടാകും. 3995 എംഎം ആണ് ഓറയുടെ നീളം. 1680 എംഎം വീതിയും 1520 എംഎം പൊക്കവുമുണ്ട്.
സുരക്ഷയക്ക് ഏറെ പ്രാധാന്യമാണ് ഓറയ്ക്ക് നൽകിയിരിക്കുന്നത്. കരുത്തുറ്റ ബോഡി ഘടനയാണ്. മികച്ച റൈഡ് ആന്റ് ഹാൻഡലിങ് പെർഫോർമൻസ്, സൗകര്യപ്രദമായ റിയർ സീറ്റ്, സൈലന്റ് കാബിൻ എന്നിവയും കാറിന്റെ മുഖ്യ പ്രത്യേകതകളായി കാണിക്കുന്നു.
പുത്തൻ പവർ ട്രെയ്നുകൾക്കു പ്രകമ്പനം കുറവാണെന്നതിനു പുറമേ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമാവുമെന്നു ഹ്യുണ്ടേയ് അവകാശപ്പെടുന്നു. പ്രകടനത്തിലെ കാര്യക്ഷമത ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയിലും മികവ് പ്രതീക്ഷിക്കാം.