ഗ്ലാൻസയുടെ പാത പിന്തുടരുന്ന ടൊയോട്ടയുടെ ബ്രെസ ഏപ്രിലിൽ
Mail This Article
മാരുതിയുടെ ചെറു എസ്‍യുവി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പ് ഏപ്രിലിൽ വിപണിയിലെത്തും. ഗ്ലാൻസയുടെ പിൻഗാമിയായി ടൊയോട്ടയുടെ ലൈനപ്പിലെത്തുന്ന ബ്രെസയുടെ പേര് ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഗ്ലാൻസയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം ബ്രെസയുടെ പുതിയ പതിപ്പിനും ലഭിക്കുമെന്നാണ് ടൊയോട്ട പ്രതീക്ഷിക്കുന്നത്.
പുതിയ വിറ്റാര ബ്രെസയിലെ 1.5 ലീറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുക. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും പുതിയ വാഹനത്തിനുണ്ടാകും. സ്മാർട്ട് ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കെ15ബി പെട്രോൾ എൻജിന് 4,400 ആർപിഎമ്മിൽ 104.69 ബിഎച്ച്പി കരുത്തും 6,000 ആർപിമ്മിൽ 138 എൻഎം ടോര്‍ക്കുമുണ്ട്. മാനുവൽ പതിപ്പിന് ലീറ്ററിന് 17.03 കിലോമീറ്ററും ഓട്ടമാറ്റിക്ക് പതിപ്പിന് 18.76 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ടൊയോട്ട ഗ്ലാൻസ 2019 ജൂണിലാണ് വിപണിയിൽ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറാൻ ഗ്ലാൻസയ്ക്കു കഴിഞ്ഞു. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്ജ് ചെയ്ത് ഉടൻ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.
English Summary: Toyota Brezza in April