ഇന്ത്യൻ നിർമിത ട്രൈബർ ദക്ഷിണാഫ്രിക്കയിലേക്കും
Mail This Article
ഇന്ത്യയിൽ നിർമിച്ച വിവിധോദ്ദേശ്യ വാഹനമായ ട്രൈബർ റെനോ ദക്ഷിണാഫ്രിക്കൻ വിപണിയിലും വിൽപ്പനയ്ക്കെത്തിച്ചു. ചെന്നൈയിലെ ശാലയിൽ നിർമിച്ച എം പി വി ആഫ്രിക്കയിലെത്തുന്നതോടെ വില 1,64,900 റാൻഡ്(അഥവാ 7.91 ലക്ഷം രൂപ) ആണ്.എക്സ്പ്രഷൻ, ഡൈനമിക്, പ്രസ്റ്റീജ് വകഭേദങ്ങളിലാണ് ‘ട്രൈബർ’ ലഭ്യമാവുക; അടിസ്ഥാന മോഡലിന് 1.65 ലക്ഷം റാൻഡും മുന്തിയ പതിപ്പുകൾക്ക് യഥാക്രമം 1,74,900 റാൻഡും(ഏകദേശം 8.39 ലക്ഷം രൂപ) 1,89,900 റാൻഡു(9.11 ലക്ഷത്തോള രൂപ)മാണു വില.
ഇന്ത്യയിൽ ലഭ്യമാവുന്ന ‘ട്രൈബറി’നു സമാനമായ മോഡലാണു ഫ്രഞ്ച് നിർമാതാക്കളായ റെനോ ദക്ഷിണാഫ്രിക്കയിലും വിൽപ്പനയ്ക്കെത്തിക്കുന്നത്. ഇന്ത്യയിലെ പോലെ ഒരു ലീറ്റർ, മൂന്നു സിലിണ്ടർ എൻജിനാണ് ആഫ്രിക്കൻ വിപണിക്കുള്ള ‘ട്രൈബറി’ലും ഇടംപിടിക്കുക; പക്ഷേ ഈ എൻജിൻ സൃഷ്ടിക്കുന്ന കരുത്ത് 71 പി എസ് ആയും ടോർക് 96 എൻ എമ്മായും കുറയുമെന്ന വ്യത്യാസമുണ്ട്. പെട്രോൾ ലീറ്ററിന് 18 കിലോമീറ്ററാണ് ‘ട്രൈബറി’നു റെനോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ദക്ഷിണാഫ്രിക്കൻ റോഡുകളുടെ സാഹചര്യം പരിഗണിച്ചു ‘ട്രൈബറി’ന്റെ സസ്പെൻഷനിലും റെനോ ചില്ലറ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
ആൻഡ്രോയ്ഡ് ഓട്ടോ/ആപ്ൾ കാർ പ്ലേയും ആറു സ്പീക്കറും സഹിതം എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, നാല് എയർ ബാഗ്, കീ രഹിത എൻട്രി, പവേഡ് മിറർ, മൂന്നു നിര സീറ്റിലും എ സി വെന്റ് തുടങ്ങിയവയൊക്കെ ദക്ഷിണാഫ്രിക്കൻ ‘ട്രൈബറി’ലുമുണ്ട്. മൂന്നാം നിര സീറ്റ് അനായായം അഴിച്ചു നീക്കാനുള്ള സൗകര്യവുമുണ്ട്. ദക്ഷിണ ആഫ്രിക്കയിൽ അഞ്ചു വർഷം അഥവാ ഒന്നര ലക്ഷം കിലോമീറ്റർ, രണ്ടു വർഷം അഥവാ 30,000 കിലോമീറ്റർ നീളുന്ന സർവീസ് പാക്കേജുകളോടെയാണു കാറിന്റെ വരവ്.
‘ട്രൈബറി’ന്റെ മുന്തിയ വകഭേദങ്ങളിൽ ഇക്കൊല്ലം പകുതിയോടെ റെനോ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ലഭ്യമാക്കുമെന്നാണു പ്രതീക്ഷ; ഇതോടെ കാർ വിലയിൽ 10,500 റാൻഡിന്റെ വരെ വർധനയ്ക്കും സാധ്യതയുണ്ട്. പിന്നാലെ ഒരു ലീറ്റർ, ടർബോ പെട്രോൾ എൻജിൻ ഘടിപ്പിച്ച ‘ട്രൈബറും’ ദക്ഷിണാഫ്രിക്കൻ വിപണിയിലെത്തിയേക്കും. ഇന്ത്യയിലെ പോലെ ഡാറ്റ്സൻ ‘ഗോ പ്ലസ്’, സുസുക്കി ‘എർട്ടിഗ’ എന്നിവയോടാണു ദക്ഷിണാഫ്രിക്കയിലും ‘ട്രൈബറി’ന്റെ പോരാട്ടം.
English Summary: Made in India Triber In South Africa