ജീപ്പിന്റെ രൂപഭംഗിയിൽ പുതിയ ഥാർ ഈവർഷമെത്തും
Mail This Article
ജീപ്പിന്റെ രൂപഭംഗിയിലെത്തുന്ന പുതിയ ഥാർ ഈ വർഷം പകുതിയോടെ വിപണിയിലെത്തും. കഴിഞ്ഞ മാസം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുമെന്ന് കരുതിയ വാഹനമാണിത്. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാതെ ഈ വർഷം പകുതിയോടെ വാഹനം വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.
പുതിയ ഥാറിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. പുതിയ ഥാറിന് കൂടുതൽ വലുതും അൽപം കൂടി ഓഫ് റോഡ് ഫ്രണ്ട്‌ലിയുമായ രൂപമാണ്. പുതിയ ഡിസൈനിലുള്ള അലോയ് വീൽ, പിന്നിൽ സ്പെയർ ടയർ എന്നിവയും ഥാറിൽ കാണാം. എൽഇഡി ടെയിൽ ലാമ്പുകൾ, ബമ്പർ ഡിസൈൻ എന്നിവ പതുക്കിയിട്ടുണ്ട്. മുൻവശത്ത്, പുതിയ ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രിൽ ഫാസിയയും വ്യക്തമായി അറിയാൻ സാധിക്കുന്നുണ്ട്.
പുതു ഥാറിന്റെ കാബിന് അകത്ത് പുത്തൻ ഡാഷ്‌ബോർഡ് ഡിസൈനാണുള്ളത്. ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ, എല്ലാ യാത്രകാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവയും ഉണ്ടാകും. ഓഡിയോ കൺട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിങ് ക്യാമറ എന്നിവയ്ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഥാറിലുണ്ടാകും.
140 ബിഎച്ച്പി ഉൽപാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എൻജിനാകും പുതിയ ഥാറിലുണ്ടാകുക. കൂടാതെ 190 ബിഎച്ച്പിയുള്ള 2.2 ലീറ്റർ െപട്രോൾ എൻജിനും ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നവീകരണങ്ങൾ ഥാറിന്റെ വില കൂട്ടുമെന്നും സൂചനകൾ നൽകുന്നു.