ബിഎസ് 6 പോളൊയും വെന്റോയും വിപണിയിൽ
Mail This Article
ഫോക്സ്‌വാഗന്റെ ജനപ്രിയ മോഡലുകളായ പോളൊയുടെയും വെന്റോയുടെയും ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) പതിപ്പുകൾ വിൽപനയ്ക്കെത്തി. മലിനീകരണ നിയന്ത്രണത്തിൽ ബിഎസ്ആറ് നിലവാരം പാലിക്കുന്ന പോളൊ ശ്രേണിക്ക് 5.82 ലക്ഷം രൂപ മുതലാണു വില, വെന്റോയ്ക്കാവട്ടെ 8.86 ലക്ഷം രൂപ മുതലും. ‘ഇ എ 211’ എൻജിൻ ശ്രേണിയിലെ എം പി ഐ, ടി എസ് ഐ പെട്രോൾ എൻജിനുകൾ സഹിതമാണു ‘പോളൊ’ വിൽപ്പനയ്ക്കെത്തുക; അതേസമയം ഇതേ ശ്രേണിയിലെ ടി എസ് ഐ എൻജിൻ മാത്രമാവും ‘വെന്റോ’യ്ക്കു കരുത്തേകാനുണ്ടാവുക.
നിലവിലെ 1.2 ലീറ്റർ ടി എസ് ഐ എൻജിനു പകരം ബി എസ് ആറ് നിലവാരത്തോടെ ഒരു ലീറ്റർ, ടി എസ് ഐ എൻജിനാവും കാറുകളിൽ ഇടംപിടിക്കുക. 110 പി എസ് വരെ കരുത്തും 175 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിൻ ഈ വിഭാഗത്തിലെ പെട്രോൾ എൻജിനുകളിൽ ഏറ്റവും കരുത്തുറ്റതാണ്.ഈ എൻജിനു കൂട്ടായി ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളാണു ലഭ്യമാവുക. ഒരു ലീറ്റർ ടി എസ് ഐ പെട്രോൾ എൻജിനു താരതമ്യേന ഭാരം കുറവാണെങ്കിലും കൂടുതൽ കരുത്തുറ്റതും കാര്യക്ഷമമവുമാണെന്നു ഫോക്സ്വാഗൻ അവകാശപ്പെടുന്നു.
എൻജിനുകൾക്ക് ഒതുക്കമുള്ള രൂപകൽപ്പന ഉറപ്പാക്കുന്നതിനൊപ്പം ടി എസ് ഐ സാങ്കേതികവിദ്യ ഉയർന്ന പവർ ഡ്രൈവബിലിറ്റി, കിടയറ്റ പ്രകടനം, കുറഞ്ഞ ഇന്ധന ചെലവ്, ഉയർന്ന ഇന്ധനക്ഷമത തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണു ഫോക്സ്‌വാഗന്റെ പക്ഷം.