ADVERTISEMENT

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് ആറ് (ബി എസ് ആറ്) നിലവാരം ഉടന്‍ പ്രാബല്യത്തിലെത്താനിരിക്കെ കെട്ടിക്കിടക്കുന്ന ബി എസ് നാല് എന്‍ജിനുള്ള വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍. നിലവില്‍ സ്‌റ്റോക്കുള്ള വാഹനങ്ങള്‍ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയ്ക്കും നേപ്പാളിനും പുറമെ  റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതയാണു നിര്‍മാതാക്കള്‍ പരിഗണിക്കുന്നത്. 

മാര്‍ച്ച് 31നകം ബി എസ് നാല് നിലവാരമുള്ള സ്‌റ്റോക്ക് പൂര്‍ണമായി വിറ്റഴിക്കാന്‍ തീവ്രശ്രമം നടക്കുന്നതിനിടയിലാണു കൊറോണ വൈറസ് വില്ലനായത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം 21 ദിവസത്തേക്ക് അടച്ചിട്ടതോടെ അവശേഷിക്കുന്ന ബി എസ് നാല് സ്‌റ്റോക്ക് വിറ്റഴിക്കാനുള്ള സാധ്യത തീര്‍ത്തും മങ്ങി. ഇളവ് തേടി വാഹന ഡീലര്‍മാരുടെ അസോസിയേഷനായ ഫാഡ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിലവിലുള്ള സ്‌റ്റോക്കിന്റെ 10% വാഹനങ്ങള്‍ ലോക്കൗട്ടിനു ശേഷമുള്ള 10 ദിവസം കൊണ്ടു വില്‍ക്കാനുള്ള അനുമതിയാണു ലഭിച്ചത്. രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ 7.27 ലക്ഷത്തോളം ബി എസ് നാല് വാഹനങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണു കണക്ക്. ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം ഇരുചക്രവാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കെട്ടിക്കിടക്കുന്ന ബി എസ് നാല് സ്‌കൂട്ടറുകളും ബൈക്കുകളും ഇന്ത്യയ്ക്കു സമാനമായ മാനദണ്ഡം പിന്തുടരുന്ന അയല്‍രാജ്യങ്ങളിലെത്തിച്ച് വില്‍ക്കുക പ്രയാസമാവില്ല. പ്രധാനമായും ശ്രീലങ്ക, ഇന്തൊനീഷ, ആഫ്രിക്ക, ബംഗ്ലദേശ് വിപണികളിലാണ് ഇന്ത്യന്‍ നിര്‍മിത ഇരുചക്രവാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

 

എന്നാല്‍ അവശേഷിക്കുന്ന ബി എസ് നാല് യാത്രാവാഹന(പിവി) കയറ്റുമതി ഇത്രയും എളുപ്പമാവില്ലെന്നാണു വിലയിരുത്തല്‍. ട്രാന്‍സ്മിഷന്‍, മലിനീകരണ നിയന്ത്രണം, സുരക്ഷാ നിലവാരം തുടങ്ങിയവയെ വ്യത്യാസങ്ങള്‍ പരിഗണിക്കുമ്പോള്‍ അപൂര്‍വം റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളിലേക്കു മാത്രമാണ് യാത്രാവാഹന കയറ്റുമതി സാധ്യമാവുക എന്നതാണു പ്രശ്‌നമെന്നു നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ വിശദീകരിക്കുന്നു. വിലയുടെ കാര്യത്തിലുള്ള വെല്ലുവിളി കൂടിയാവുന്നതോടെ കയറ്റുമതി കൂടുതല്‍ കേശകരമാവുമെന്നും അദ്ദേഹം കരുതുന്നു. ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതിയെ കൂടി ആശ്രയിച്ച് ബി എസ് നാല് സ്‌റ്റോക്ക് വിറ്റഴിക്കാനായിരുന്നു നിസ്സാന്റെ പദ്ധതി. എന്നാല്‍ കൊറോണ വൈറസ് ബാധ സൃഷ്ടിച്ച ലോക്ക് ഡൗണ്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

വാണിജ്യ വാഹന(സി വി) കയറ്റുമതിയിലും സമാന പരിമിതികളുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ ബംഗ്ലദേശില്‍ ഇപ്പോഴും ബി എസ് രണ്ട്, ബി എസ് മൂന്ന് നിലവാരത്തിലുള്ള വാഹനങ്ങളാണു വില്‍പ്പനയിലുള്ളത്. നേരിയ തോതിലെങ്കിലും കയറ്റുമതി സാധ്യമാവുന്ന ശ്രീലങ്കന്‍, ആഫ്രിക്കന്‍ വിപണികളും ബി എസ് നാല് നിലവാരം കൈവരിച്ചിട്ടില്ല. ബി എസ് നാല് വാഹനങ്ങളെ ബി എസ് മൂന്ന് നിലവാരത്തിലേക്കു താഴ്ത്താനാവുമെങ്കിലും കനത്ത ചെലവു വരുമെന്ന് വോള്‍വോ ഐഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ വിനോദ് അഗര്‍വാള്‍ വിശദീകരിക്കുന്നു. 

മുമ്പ് 2017ല്‍ ഭാരത് സ്‌റ്റേജ് നാല് നിലവാരം പ്രാബല്യത്തിലെത്തിയപ്പോഴും കെട്ടിക്കിടക്കുന്ന ബി എസ് മൂന്ന് വാഹനങ്ങള്‍ വിറ്റൊഴിവാക്കാന്‍ വിവിധ നിര്‍മാതാക്കള്‍ കയറ്റുമതിയെയായിരുന്നു ആശ്രയിച്ചത്. അന്ന് അയല്‍ രാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും ശ്രീലങ്കയുമൊക്കെയായിരുന്നു ഇത്തരം വാഹനങ്ങളുടെ പ്രധാന വിപണി. ഇത്തവണയാവട്ടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം മാത്രമേ വാഹന കയറ്റുമതിയെക്കുറിച്ച് ആലോചിക്കാനാവൂ എന്ന പരിമിതിയുമുണ്ട്. ബി എസ് ആറ് നിലവാരം പ്രാബല്യത്തിലെത്താനിരിക്കെ ബി എസ് നാല് എന്‍ജിനുള്ള ഏഴു ലക്ഷത്തോളം ഇരുചക്രവാഹനങ്ങളും 15000 യാത്രവാഹനങ്ങളും 12000 വാണിജ്യ വാഹനങ്ങളുമുണ്ട്.

English Summary: Unsold BS 4 Vehicles May Be Exported

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com