ന്യൂജെന്‍ കാറുകള്‍ തോറ്റുപോകും രൂപഭംഗിയില്‍ ഇലക്ട്രിക് അംബാസിഡര്‍
Mail This Article
സാധാരണക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള എല്ലാത്തരം ജനങ്ങളുടേയും ഇഷ്ട വാഹനമായിരുന്നു അംബാസിഡര്‍. ഒരു കാലത്ത് വിപണി വാണിരുന്ന അംബാസിഡര്‍ 21-ാം നൂറ്റാണ്ടിലെ പുതിയ വാഹനങ്ങളുടെ കുത്തൊഴുക്കില്‍ അരങ്ങൊഴിഞ്ഞു. എങ്കിലും ഇന്നും നമ്മുടെ മനസുകളില്‍ അംബാസിഡറിന് പ്രിയങ്കരമായ കാറിന്റെ സ്ഥാനമാണ്. നമ്മുടെ സ്വന്തം അംബിക്കൊരു കിടിലന്‍ മെയ്ക്ക് ഓവര്‍ നല്‍കിയിരിക്കുകയാണ് പുണെ ആസ്ഥാനമായുള്ള ഡിഡി 2 എന്ന ഡിഡി ഡിസൈന്‍ കമ്പനി.
അംബാസിഡറിനെ ഇലക്ട്രിക് ആക്കിയാണ് ഡിസി2 കണ്‍സെപ്റ്റ് രൂപം ഡിസൈന്‍ ചെയ്തത്. അംബാസിഡറിന്റെ രൂപത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇ-അംബിയുടെ ഡിസൈന്‍. വലിയ ഗ്രില്ലും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപും അടങ്ങുന്ന മനോഹരമായ മുന്‍ഭാഗമാണ് ഇ-അംബിക്ക്, വശങ്ങളില്‍ വലിയ മസ്‌കുലറായ വീല്‍ ആര്‍ച്ചുകളും മനോഹരമായ അലോയ് വീലുകളുമുണ്ട്. ടെസ്്‌ല കാറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒളിപ്പിച്ചുവെച്ച ഡോര്‍ ഹാന്‍ഡിലുകളാണ്. പിന്നിലും വലിയ ബുട്ട്‌ഡോറും എല്‍ഇഡി ടെയില്‍ ലാംപുകളും.
പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് അംബിയുടെ ബാറ്ററി ഉറപ്പിച്ചിരിക്കുന്നത്. ഇന്റീരിയറിലും ആഡംബര സൗകര്യങ്ങളുണ്ട്. 2008 ല്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡിസി പ്രദര്‍ശിപ്പിച്ച ഹോട്‌റോഡ് അംബിയുമായി ഏറെ സാമ്യമുണ്ട് പുതിയ കണ്‍സെപ്റ്റിന്. അംബാസിഡര്‍ എന്ന വ്യാപാര നാമം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ നിന്ന് പ്യുഷേ സ്വന്തമാക്കിയതു മൂലം ഈ ഡിസൈന്‍ കണ്‍സെപ്റ്റായി തന്നെ ഇരിക്കാനാണ് കൂടുതല്‍ സാധ്യത.
English Summary: Electric Ambassador By DC