വിപ്ലവം സൃഷ്ടിക്കാൻ ഫോക്സ്‍വാഗൻ ഐഡി ബസ്, ഒറ്റ ചാർജിൽ 600 കി.മീ
Mail This Article
ബീറ്റിൽ കഴിഞ്ഞാൽ ഫോക്സ്‍വാഗന്റെ ഏറ്റവും പ്രശസ്തമായ വാഹനങ്ങളിലൊന്നാണ് മൈക്രോബസ്. അമ്പതുകളിൽ തുടങ്ങി ഇന്നും ജനപ്രിയ വാഹനമായി തുടരുന്ന മൈക്രോ ബസിനെ പുതിയ രൂപത്തിൽ വിപണിയിലെത്താക്കാൻ ഫോക്സ്‍വാഗന്‍ ഒരുങ്ങുന്നു. ഐഡി ബസ് എന്ന പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം 2017 ഡിട്രോയിറ്റ് ഓട്ടോഷോയിലായിരുന്നു.
2022 ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിൽ ഏഴുപേർക്കു സഞ്ചരിക്കാം. ലോകത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോണമസ് കോമേഷ്യൽ വാഹനമാണ് ഈ ഐഡി ബസെന്നാണ് വാഹനം പ്രദർശിപ്പിച്ചുകൊണ്ട് ഫോക്സ്‍വാഗൻ അവകാശപ്പെട്ടത്. മനോഹരമായ രൂപഭംഗിയിൽ എത്തുന്ന എംപിവി ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ ഓടും.
എൽഇഡി ഹെഡ്‌ലംപുകൾ എൽഇഡി ടെയിൽ ലാംപുകൾ, 22 ഇഞ്ച് വീലുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ വാഹനത്തിലുണ്ടാകും. 369 ബിഎച്ച്പി കരുത്തു നൽകുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിൽ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5 സെക്കന്റിൽ താഴെ മാത്രം മതി. ക്യാംപർ വാനായും ഉപയോഗിക്കാൻ സാധിക്കുന്ന ഉൾഭാഗമാണ് വാഹനത്തിന്.
2016 പാരീസ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഫോക്സ്‌വാഗണിന്റെ ഇലക്ട്രിക് പ്ലാറ്റ്ഫോമായ എംഇഡിയെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിർമിക്കുക. 4941എംഎം നീളവും 1976എംഎം വീതിയും 1963എംഎം ഉയരവും 3,300എംഎം വീൽബേസുമുണ്ടാകും ഐഡി ബസിന്. ആദ്യ ഘട്ടത്തിൽ അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിലാവും വാഹനം വിൽപനയ്ക്കെത്തുക.
English Summary: Volkswagen ID Buzz