സൂപ്പർ പെർഫെക്ഷനുള്ള സ്പോർട്സ് സൈക്കിൾ; പക്ഷേ കൈവെള്ളയിലൊതുങ്ങും
Mail This Article
ചിത്രം കണ്ടാൽ ഗിയറുള്ള സ്പോർട്സ് സൈക്കിൾ, ടയറും സീറ്റും പെഡലും ചെയിനുമെല്ലാമുണ്ട്. പച്ചനിറവും കമ്പനിയുടെ പേരും വാട്ടർബോട്ടിലും തുടങ്ങി സൈക്കളിൽ സാധാരണ കാണാറുള്ള എല്ലാ സാധാനങ്ങളും ഈ സൈക്കിളിന്റെ ഭാഗമാണ്. എന്നാലൊന്ന് ചിവിട്ടിക്കളയാം എന്നു കരുതി അടുത്തു ചെന്നാലോ, ആരും അദ്ഭുതപ്പെടും. ഇത് കൈവെള്ളയിൽ ഒതുങ്ങുന്ന ഒരു കുഞ്ഞൻ മിനിയേച്ചർ സൈക്കിളാണ്.
സ്കെയിൽ മോഡലുകളുടെ പെർഫെക്ഷനുള്ള ഈ സൈക്കിൾ നിർമിച്ചത് കോട്ടയം മേവെള്ളൂർ ബിഎസ്എൻഎല്ലിലെ ജീവനക്കാരനായ ബിപിൻ മോഹനാണ്. ഒർജിനലിനെ വെല്ലുന്ന പെർഫെക്ഷൻ എന്നാണ് സൈക്കിൾ കാണുന്നവരെല്ലാം ഒറ്റവാക്കിൽ പറയുന്നത്.
ലോക്ഡൗൺ കാലത്തെ രണ്ടാഴ്ചത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ കുഞ്ഞൻ സൈക്കിൾ. പേനയുടെ റീഫില്ലറും സിറിഞ്ചും പിവിസി ഫോം ഷീറ്റും മൊട്ടുസൂചിയും അലുമിനിയം കമ്പികളുമാണ് ഈ സൈക്കിൾ നിർമിക്കുന്നതിന്റെ അസംസ്കൃത വസ്തുക്കൾ. ഇത്രയും സാധനങ്ങളും അൽപം ക്ഷമയും മനസിലൊരു രൂപവുമുണ്ടെങ്കിൽ സൈക്കിൾ ഉണ്ടാക്കിയെടുക്കാം എന്ന് ബിപിൻ പറയുന്നു.
സൈക്കിൾ മാത്രമല്ല ബൈക്കു മുതൽ റോൾസ് റോയ്സ് കാറിന്റെ വരെ മിനിയേച്ചർ ബിപിൻ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടിക്കാലത്തു തുടങ്ങിയ ഹോബി കൗമാരത്തിലേക്കും യൗവനത്തിലേക്കും കൂടെകൂട്ടി. ഒഴിവു സമയം കിട്ടുമ്പോളോഴെല്ലാം മിനയേച്ചർ വാഹനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ബിപിൻ പറയുന്നു.
English Summary: Miniature Craft By Bipin Mohan