പെട്രോൾ എൻജിനുമായി എസ് ക്രോസ്, അവതരണം ഓഗസ്റ്റ് 5ന്
Mail This Article
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ക്രോസോവറായ എസ് ക്രോസും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരത്തിലേക്ക്. ഇതു വരെ ഡീസൽ എൻജിനോടെ മാത്രം ലഭ്യമായിരുന്ന എസ് ക്രോസ് മേലിൽ പെട്രോൾ എൻജിനോടെ മാത്രമാവും വിൽപനയ്ക്കെത്തുകയെന്ന വ്യത്യാസവുമുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി പെട്രോൾ എൻജിനുള്ള എസ് ക്രോസ് അനാവരണം ചെയ്തത്. ഏപ്രിലോടെ കാർ വിൽപനയ്ക്കെത്തിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് 19 മഹാമാരി പടർന്നതോടെ പെട്രോൾ എസ് ക്രോസ് അവതരണം ജൂലൈ 29ലേക്കു മാറ്റി. എന്നാൽ ഓഗസ്റ്റ് അഞ്ചിനാവും കാർ അരങ്ങേറ്റം കുറിക്കുയെന്നാണു കമ്പനിയുടെ പുതിയ പ്രഖ്യാപനം.
ഇതുവരെ ഫിയറ്റിൽ നിന്നു കടമെടുത്ത 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനാണ് എസ് ക്രോസിനു കരുത്തേകിയിരുന്നത്. എന്നാൽ ഈ എൻജിൻ ബിഎസ്ആറ് നിലവാരത്തിലേക്ക് ഉയർത്താത്ത സാഹചര്യത്തിലാണു മാരുതി സുസുക്കി എസ് ക്രോസിലും കെ 15 ബി പെട്രോൾ എൻജിൻ ഘടിപ്പിക്കുന്നത്. സിയാസിലൂടെ അരങ്ങേറിയ ഈ 1.5 ലീറ്റർ ബിഎസ്ആറ് പെട്രോൾ എൻജിന് 105 ബി എച്ച് പി വരെ കരുത്തും 138 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും പെട്രോൾ എൻജിനുള്ള എസ് ക്രോസ് ലഭ്യമാവും. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ വകഭേദങ്ങളിൽ എത്തുന്ന ‘എസ് ക്രോസി’ന്റെ മൂന്നു മുന്തിയ പതിപ്പുകൾ മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ ലഭ്യമാവുക.
മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെയായിരുന്നു എസ് ക്രോസിലെ ഡീസൽ എൻജിന്റ വരവ്. എന്നാൽ എൻജിൻ പെട്രോളാവുന്നതോടെ ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള വകഭേദങ്ങളിൽ മാത്രമാവും ഈ സംവിധാനം. പുതിയ എൻജിന്റെയും ഓട്ടമാറ്റിക് ട്രാൻസ്മിഷന്റെയും വരവിനപ്പുറമുള്ള മാറ്റമൊന്നും ഈ എസ് ക്രോസിലുണ്ടാവില്ല. 2017ലാണു കമ്പനി ഇതിനു മുമ്പ് എസ് ക്രോസ് പരിഷ്കരിച്ചത്.
ഡീസൽ എൻജിനുള്ള എസ് ക്രോസിന് 8.81 ലക്ഷം മുതൽ 11.44 ലക്ഷം രൂപ വരെയായിരുന്നു ഡൽഹിയിലെ ഷോറൂം വില. എൻജിൻ പെട്രോളാവുന്നതോടെ വിലയിൽ നേരിയ കുറവിനാണു സാധ്യത. 8.50 ലക്ഷം രൂപ മുതലാവും എസ് ക്രോസ് വിൽപനയ്ക്കെത്തിയേക്കും. പെട്രോൾ എൻജിൻ ഘടിപ്പിച്ചതോടെ വാഹനത്തിനു നീളമേറിയത് വിറ്റാര ബ്രേസയുടെ വിലവർധനയ്ക്കു വഴി വച്ചിരുന്നു. നാലു മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങൾക്കുള്ള നികുതി ഇളവ് നഷ്ടമായതായിരുന്നു പ്രശ്നം. എന്നാൽ 4.2 മീറ്റർ നീളമുള്ള എസ് ക്രോസിന് എൻജിൻ മാറ്റം നികുതി നിരക്കിൽ വ്യത്യാസമൊന്നും വരുത്തില്ല. 8.49 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലമതിക്കുന്ന റെനോ ഡസ്റ്ററിനോടാവും പുതിയ എസ് ക്രോസിന്റെ മത്സരം.
English Summary: Maruti Suzuki S Cross Petrol Launch In August 5th