ADVERTISEMENT

ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസ് മനുഷ്യ ജീവിതത്തെ ആകെ തന്നെ മാറ്റിമറിക്കുകയാണ്. കോവിഡ് 19 സൃഷ്ടിക്കുന്ന വെല്ലുവിളിയെ അതിജീവിക്കുന്നതോടെ ജീവിതക്രമത്തിലും ശീലങ്ങളിലും പതിവുകളിലുമൊക്കെ മാറ്റം അനിവാര്യമാവുമെന്നാണു വിലയിരുത്തൽ. കൊറോണ വൈറസും കോവിഡ് 19 മഹാമാരിയും മൂലം ഏറ്റവുമധികം തിരിച്ചടി നേരിട്ട മേഖലയാണ് പൊതുഗതാഗതം. വൈറസിനോടുള്ള ഭയം മൂലം ബസ്സുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും വിമാനങ്ങളിൽനിന്നുമെല്ലാം കഴിവതും ഒഴിഞ്ഞുനിൽക്കാനുള്ള ശ്രമത്തിലാണു ലോകജനത.

ഈ സാഹചര്യത്തിലാണ് കോവിഡ് അനന്തരകാലത്തെ പൊതുഗതാഗതം സുരക്ഷിതമാക്കാനുള്ള പുത്തൻ തന്ത്രവുമായി ലണ്ടൻ ആസ്ഥാനമായ ഓൺഡിമാൻഡ് ബസ് കമ്പനിയായ സ്നാപ് എത്തുന്നത്. യാത്രയ്ക്കിടെ വൈറസ് പകരുമെന്ന ആശങ്കയകറ്റാനായി മേൽക്കൂരയില്ലാത്ത ബസ്സുകൾ സർവീസിനിറക്കാനാണു സ്നാപ്പിന്റെ ആലോചന.

ബ്രിട്ടീഷ് തലസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ബസ് സർവീസ് ആരംഭിക്കാനാണു കമ്പനി തയാറെടുക്കുന്നത്. കൊറോണ പടരുംമുമ്പുള്ള കാലത്ത് തുറന്ന മേൽത്തട്ടുമായി  വിനോദ സഞ്ചാരികൾക്കായി നിരത്തു നിറഞ്ഞിരുന്ന ഇരുനില ബസ്സുകളാണു സ്നാപ് പുതിയ സർവീസിനായി പരിഗണിക്കുന്നത്.  വിനോദ സഞ്ചാരികൾക്ക് യഥേഷ്ടം കയാറാനും ഇറങ്ങാനും നഗരം ചുറ്റാനും അവസരമൊരുക്കി 233 ‘ഹോപ് ഓൺ, ഹോപ് ഓഫ്’ ഇരുനില ബസ്സുകളാണ് ലണ്ടിനിലുണ്ടായിരുന്നത്.

എന്നാൽ കോവിഡ് 19 പടരുകയും സന്ദർശകർ ഇല്ലാതാവുകയും ചെയ്തതോടെ ഈ ബസ്സുകൾ വെറുതെ കിടക്കുകയാണ്. ഇതിൽ ഏതാനും ബസ്സുകൾ ഉപയോഗിച്ചു പരീക്ഷണാടിസ്ഥാനത്തിലുള്ള പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാനാണു സ്നാപ്പിന്റെ പദ്ധതി. കൊറോണയുമായി ബന്ധപ്പെട്ട് യാത്രക്കാർക്കുള്ള ആശങ്കകൾ പലതും ഒഴിവാക്കാൻ തുറന്ന മേൽത്തട്ടും യഥേഷ്ടം വായുസഞ്ചാരവുമുള്ള ഈ ബസ്സുകൾ സഹായകമാവുമെന്ന് കമ്പനി കരുതുന്നു.

നിലവിൽ ഇത്തരം ബസ്സുകളിൽ യാത്ര ചെയ്യാൻ താൽപര്യമുള്ളവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണു സ്നാപ്. ലണ്ടൻ നഗരത്തിന്റെ വടക്കുകിഴക്കിനെ തെക്കുപടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ മെട്രോ റയിൽവേയുടെ വിക്ടോറിയ ലൈനിനു സമാന്തരമായി കമ്പനി പരീക്ഷണഓട്ടവും സംഘടിപ്പിച്ചു. 

വൈറസ് പ്രതിരോധത്തിന് ആവശ്യമായ സാമൂഹിക അകലം പാലിച്ചും മേൽത്തട്ടിൽ മാത്രം യാത്രക്കാരെ കയറ്റിയുമുള്ള സർവീസാണു സ്നാപ് ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ എണ്ണം സാധാരണ ഗതിയിലുള്ളതിന്റെ നാലിലൊന്നായി കുറയുമെങ്കിലും മെട്രോയ്ക്കു സമാനമായ ടിക്കറ്റ് (3.30 യൂറോ അഥവാ 287.43 രൂപ) നിരക്കിൽ പുതിയ സർവീസ് സാധ്യമാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പിക് അപ്, ഡ്രോപ് സൗകര്യവും ലഭ്യമാക്കും; എന്നാൽ സാധാരണ ബസ്സുകളെ അപേക്ഷിച്ച് സ്റ്റോപ്പ് കുറവാകും. കൂടാതെ ഓരോ ട്രിപ്പിനു ശേഷവും ബസ് അണുവിമുക്തമാക്കാനും നടപടിയുണ്ടാവും. 

ഓഗസ്റ്റ് ഒന്നു മുതൽ അത്യാവശ്യ കാര്യങ്ങൾക്ക് പൊതുഗതാഗതം ഉപയോഗിക്കാമെന്ന നിലപാടിലാണു ബ്രിട്ടീഷ്  സർക്കാർ. നിലവിൽ വീട്ടിലിരുന്ന ജോലി ചെയ്യുന്നവർ പലരും തൊഴിലിടത്തിലേക്കു മടങ്ങുന്നതിൽ തല്പരരാണ്. ഇത്തരം അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി, സുരക്ഷിത യാത്ര സാധ്യമാക്കാനുള്ള ശ്രമത്തിലാണു സ്നാപ്.

English Summary: London’s Covid-safe Commute idea On Alternative Mass Transportation Mode: Open-air Buses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com