ADVERTISEMENT

ഇന്ത്യൻ കാർ വിൽപനയിൽ പുതുചരിത്രം രചിച്ചു മാരുതി സുസുക്കി ഓൾട്ടോ. മൊത്തം വിൽപന 40 ലക്ഷം യൂണിറ്റ് പിന്നിടുകയെന്ന അത്യപൂർവ നേട്ടമാണ് ഓൾട്ടോ സ്വന്തമാക്കിയത്. ഇന്ത്യൻ വാഹന ചരിത്രത്തിൽ ഇതാദ്യമായാണ് ഏതെങ്കിലും കാർ ഈ നേട്ടം കൈവരിക്കുന്നതെന്നു നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എംഎസ്ഐഎൽ) അവകാശപ്പെട്ടു. രണ്ടു ദശാബ്ദം മുമ്പ് പുതു നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിരത്തിലെത്തിയ ഓൾട്ടോ ബ്രാൻഡ് തുടർച്ചയായ 16 വർഷമാണ് ഇന്ത്യൻ കാർ വിപണിയിലെ അനിഷേധ്യ നേതാവായി ജൈത്രയാത്ര തുടർന്നത്. 

ഒതുക്കമുള്ളതും ആധുനികവുമായ രൂപകൽപ്പനയും അനായാസം ഓടിക്കാമെന്നതും ഉയർന്ന ഇന്ധനക്ഷമതയും പരിഷ്കരിച്ച സുരക്ഷാ നിലവാരവും അകത്തളത്തിലെ സുഖസൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ചേർന്നാണ് ഓൾട്ടോയെ പ്രിയങ്കരമാക്കുന്നതെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം. കാറിന്റെ രൂപഭംഗിക്കൊപ്പം പതിറ്റാണ്ടുകളിലൂടെ മാരുതി സുസുക്കി ആർജിച്ച വിശ്വാസ്യതയും ഓൾട്ടോയുടെ വിജയക്കുതിപ്പിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. 

നിരത്തിലെത്തി ആദ്യ എട്ടു വർഷത്തിനിടെ തന്നെ എൻട്രി ലവൽ ഹാച്ച്ബാക്കായ  ഓൾട്ടോ വിൽപന 10 ലക്ഷം യൂണിറ്റ് തികഞ്ഞിരുന്നു. 2012 ആയതോടെ കാറിന്റെ മൊത്തം വിൽപന 20 ലക്ഷമായി ഉയർന്നു. തുടർന്നുള്ള 20 ലക്ഷം യൂണിറ്റ് കൈവരിക്കാൻ ഓൾട്ടോയ്ക്കു വേണ്ടി വന്നത് എട്ടു വർഷം മാത്രം. 2016ലാണ് ഓൾട്ടോയുടെ മൊത്തം വിൽപന 30 ലക്ഷം യൂണിറ്റ് തികഞ്ഞത്. നാലു വർഷത്തിനിപ്പുറം 2020ൽ വിൽപന 40 ലക്ഷമായും ഉയർന്നു. 2018 മാർച്ചിലായിരുന്നു ഓൾട്ടോ വിൽപന 35 ലക്ഷം യൂണിറ്റ് പിന്നിട്ടത്. 

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരം പുലർത്തുന്ന ഓൾട്ടോയ്ക്കു കരുത്തേകുന്നത് 796 സി സി, മൂന്നു സിലിണ്ടർ, പെട്രോൾ എൻജിനാണ്. 48 ബി എച്ച് പി വരെ കരുത്തും 69 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് സഹിതമെത്തുന്ന കാറിന് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എആർഎഐ) സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത ലീറ്ററിന് 22.05 കിലോമീറ്ററാണ്. 

പെട്രോളിനു പുറമെ സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാക്കുന്ന ഓൾട്ടോ എസ്-സി എൻ ജിയും വിൽപനയ്ക്കുണ്ട്. ഇന്ധനം സി എൻ ജിയാവുന്നതോടെ എൻജിന്റെ പരമാവധി കരുത്ത് 40 ബി എച്ച് പിയായും ടോർക്ക് 60 എൻ എമ്മായും കുറയുമെന്നു മാത്രം. ഓരോ കിലോഗ്രാം സി എൻ ജിയിലും കാർ 31.59 കിലോമീറ്റർ ഓടുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. ഡൽഹി ഷോറൂമിൽ 2.95 ലക്ഷം രൂപ മുതൽ 4.36 ലക്ഷം രൂപ വരെയാണ് ഓൾട്ടോ ശ്രേണിയുടെ വില. ഓൾട്ടോയുടെ എതിരാളികൾ റെനോ ക്വിഡും ഡാറ്റ്സൻ റെഡിഗൊയുമാണ്. ബിഎസ്ആറ് നിലവാരം പ്രാബല്യത്തിലെത്തിയതോടെ ഒരു ലീറ്റർ എൻജിനുമായി എത്തിയിരുന്ന ഓൾട്ടോ കെ10 മാരുതി സുസുക്കി പിൻവലിച്ചിരുന്നു. പകരം ഈ വിഭാഗത്തിൽ എസ് പ്രസൊയാണു കമ്പനിക്കായി പട നയിക്കുന്നത്.

English Summary: Maruti Suzuki Alto Touches 40 Lakhs Sales Milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com