വെന്യുവിനു വില വർധന; 5 വകഭേദം ഒഴിവാക്കി
Mail This Article
കോംപാക്ട് എസ്‌യുവിയായ വെന്യുവിന്റെ വില ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) വർധിപ്പിച്ചു. 5,000 മുതൽ 12,000 രൂപ വരെ വില വർധിപ്പിച്ചതിനൊപ്പം വെന്യുവിന്റെ വകഭേദങ്ങളുടെ എണ്ണം പരിഷ്കരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്; ഇതുവരെ 24 വകഭേദങ്ങളിൽ വെന്യു ലഭ്യമായിരുന്നത് 19 ആയിട്ടാണു കുറച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണിൽ വെന്യു ഐഎംടി അവതരിപ്പിച്ചപ്പോഴാണ് ഹ്യുണ്ടേയ് 24 വകഭേദങ്ങൾ വിൽപ്പനയ്ക്കെത്തിച്ചത്. എന്നാൽ എസ് എക്സ്, എസ് എക്സ് (ഒ) വകഭേദങ്ങളിലെ ഇരട്ട വർണപതിപ്പുകൾ ഒഴിവാക്കാനാണു കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അകത്തും പുറത്തും ചുവപ്പ് ഹൈലൈറ്റ് സഹിതമെത്തുന്ന സ്പോർട് വകഭേദങ്ങൾ ഇരട്ട വർണ സങ്കലനത്തിൽ ലഭ്യമാണെന്ന കാരണത്താലാണ് ഈ നീക്കം.
പരിഷ്കരിച്ച നിരക്ക് നിലവിൽ വന്നതോടെ ഹ്യുണ്ടേയിയുടെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ സൊണെറ്റിന്റെ വില വെന്യുവിനെ അപേക്ഷിച്ച് 4,000 രൂപ കുറവായിട്ടുണ്ട്. എങ്കിലും മുന്തിയ വകഭേദമായ സൊണെറ്റ് ജി ടി എക്സ് പ്ലസ്’ സ്വന്തമാക്കാൻ 12.89 ലക്ഷം രൂപ മുടക്കേണ്ട സ്ഥിതിയാണ്; അതേസമയം ‘വെന്യു’വിന്റെ മുന്തിയ വകഭേദമയ 1.0 ടി – ജി ഡി ഐഡിസിടിഎസ് എക്സ് പ്ലസ് സ്പോർട് 11.65 ലക്ഷം രൂപയ്ക്കു ലഭ്യവുമാണ്.
മറ്റു പ്രമുഖ എതിരാളികളായ മാരുതി സുസുക്കി വിറ്റാര ബ്രേസ, ടൊയോട്ട അർബൻ ക്രൂസർ, ഫോഡ് ഇകോസ്പോർട്, മഹീന്ദ്ര എക്സ്‌യുവി 300, ടാറ്റ നെക്സൻ എന്നിവയുമായി താരതമ്യം ചെതാലും ‘വെന്യു’വിന്റെ വില തികച്ചും മത്സരക്ഷമമാണ്.
English Summary: Hyundai Venue price hiked