5 വർഷം; 8 ലക്ഷം പിന്നിട്ട് ബലേനൊ വിൽപന
Mail This Article
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ വിൽപന എട്ടു ലക്ഷം യൂണിറ്റ് പിന്നിട്ടു. 2015ൽ അരങ്ങേറിയ ബലേനൊ അഞ്ചു വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിരത്തിലെത്തി ഒറ്റ വർഷം കഴിയുമ്പോൾ തന്നെ ബലേനൊയുടെ വിൽപന ആദ്യ ലക്ഷം തികഞ്ഞിരുന്നു. 2016 മുതലിങ്ങോട്ടു വിൽപനയിൽ തുടർച്ചയായ മുന്നേറ്റമാണു ബലേനൊ കൈവരിച്ചത്. രണ്ടു വർഷത്തിനു ശേഷം 2018ൽ ബലേനൊ വിൽപന അഞ്ചു വർഷം യൂണിറ്റ് തികഞ്ഞു. തുടർന്നുള്ള രണ്ടു വർഷത്തിനിടെയാവട്ടെ മൂന്നു ലക്ഷം ബലേനൊ കൂടി നിരത്തിലെത്തി.
അരങ്ങേറ്റം കഴിഞ്ഞു രണ്ടു വർഷം പിന്നിടുമ്പോഴാണു 2017ൽ ബലേനൊയുടെ മുന്തിയ വകഭേദമായ ആൽഫയിൽ കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ(സിവിടി) ഗീയർബോക്സ് ഇടംപിടിച്ചത്. തുടർന്ന് 2019ൽ സ്മാർട് ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയും ബലേനൊ വിൽപനയ്ക്കെത്തി. മലിനീകരണ നിയന്ത്രണത്തിൽ ബിഎസ്ആറ് നിലവാരമുള്ള എൻജിൻ ഘടിപ്പിച്ചതിനൊപ്പമായിരുന്നു ഈ പരിഷ്കാരം.
2018ൽ ബലേനൊയിൽ ചില്ലറ പരിഷ്കാരങ്ങളും മാരുതി സുസുക്കി നടപ്പാക്കി. പുതിയ ബംപർ, ഗ്രിൽ, അലോയ് വീൽ, ആൻഡ്രോയ്ഡ് ഓട്ടോ–ആപ്പിൾ കാർ പ്ലേ കംപാറ്റിബിലിറ്റിയോടെ 17.78 സെ. മീ. സ്മാർട്പ്ലേ സ്റ്റുഡിയോ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, മൾട്ടി കളർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയവയായിരുന്നു മാറ്റങ്ങൾ. പൂർണമായും ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ബലേനൊ മാരുതി സുസുക്കി ഓസ്ട്രേലിയ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലെ വിവിധ വിപണികളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട്.
പെട്രോൾ എൻജിനോടെ മാത്രമാണു നിലവിൽ ബലേനൊ വിപണിയിലുള്ളത്. കാറിലെ 1.2 ലീറ്റർ കെ 12 ബി എൻജിന് 83 പി എസ് വരെ കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇതിനു പുറമെ 1.2 ലീറ്റർ, ഡ്യുവൽജെറ്റ് ഡ്യുവൽ വി വി ടി എൻജിൻ സഹിതവും ബലേനൊ ലഭിക്കും. 90 പി എസ് വരെ കരുത്തും 113 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇരു എൻജിനുകൾക്കും കൂട്ടായി അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സുണ്ട്. കൂടാതെ 1.2 ലീറ്റർ കെ 12 ബി എൻജിൻ സി വി ടി ഗീയർബോക്സ് സഹിതവും ലഭിക്കും.
കാറിന്റെ പ്രകടനക്ഷമതയേറിയ പതിപ്പായ ‘ബലേനൊ ആർ എസി’ലാവട്ടെ ഒരു ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എൻജിനാണ് ഇടംപിടിച്ചിരുന്നത്. 102 പി എസോളം കരുത്തും 190 എൻ എം ടോർക്കുമായിരുന്നു ഈ എൻജിന്റെ ശേഷി. എന്നാൽ ബി എസ് ആറ് നിലവാരം പ്രാബല്യത്തിലെത്തിയതോടെ മാരുതി സുസുക്കി ബലേനൊയുടെ ഡീസൽ, ടർബോ പെട്രോൾ വകഭേദങ്ങൾ പിൻവലിക്കുകയായിരുന്നു. പ്രീമിയം ഡീലർഷിപ് ശൃംഖലയായ നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന ‘ബലേനൊ’യുടെ മുംബൈയിലെ ഷോറൂം വില 5.70 ലക്ഷം രൂപ മുതൽ 9.03 ലക്ഷം രൂപ വരെയാണ്. ടാറ്റ ‘ആൾട്രോസ്’, ഹോണ്ട ‘ജാസ്’, ഹ്യുണ്ടേയ് ‘ഐ 20’ തുടങ്ങിവയ്ക്കു പുറമെ ‘ബലേനൊ’യുടെ ബാഡ്ജ് എൻജിനീയറിങ് രൂപമായ ടൊയോട്ട ‘ഗ്ലാൻസ’യോടും ഈ മോഡൽ മത്സരിക്കുന്നുണ്ട്.
English Summary: Maruti Baleno completes 5 years in India with 8 lakh Units Sold