കൂടുതൽ സ്റ്റൈലിഷായി പ്രീമിയം ഹാച്ച് ഐ 20, വില 6.79 ലക്ഷം രൂപ മുതൽ
Mail This Article
ഹ്യുണ്ടേയ് പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ വകഭേദം വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിൽ മാനുവൽ, ഐവിടി, ഡിസിടി, ഐഎംടി ഗിയർബോക്സുകളിൽ എത്തുന്ന വാഹനത്തിന് 6.79 ലക്ഷം മുതൽ 11.17 ലക്ഷം രൂപ വരെയാണ് വില. 1.2 ലീറ്റർ കാപ്പ പെട്രോൾ മാനുവലിന് 6.79 ലക്ഷം രൂപ മുതൽ 9.19 ലക്ഷം രൂപ വരെയും ഐവിടിക്ക് 8.59 ലക്ഷം മുതൽ 9.69 ലക്ഷം വരെയുമാണ് വില. ഒരു ലീറ്റർ ടർബൊ പെട്രോൾ എൻജിന്റെ ഐഎംടിക്ക് 8.79 ലക്ഷം മുതല്‍ 9.89 ലക്ഷം രൂപ വരെയും ഡിസിടിക്ക് 10.66 ലക്ഷം മുതൽ 11.17 ലക്ഷം രൂപ വരെയും 1.5 ലീറ്റർ ഡീസൽ മാനുവലിന് 8.19 ലക്ഷം മുതൽ 10.59 ലക്ഷം രൂപവരെയുമാണ് വില.
നവംബർ 5 ന് പുറത്തിറക്കുന്നതിന് മുന്നോടിയായാണ് ഹ്യുണ്ടേയ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. 21000 രൂപ നല്‍കി ഹ്യുണ്ടേയ് ഡീലർഷിപ്പ് വഴിയോ ക്ലിക് ടു ബൈ എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായോ ഐ20 ബുക്ക് ചെയ്യാം. മാഗ്ന, സ്പോർട്സ്, ആസ്ത, ആസ്ത ഓപ്ഷൻ എന്നീ വകഭേദങ്ങളിലായി മൂന്നു എൻജിൻ ഓപ്ഷനോടു കൂടിയാണ് പുതിയ ഐ20 വിപണിയിലെത്തുക. സെഗ്മെന്റിൽ ആദ്യമായി ഐഎംടി(ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ)യും പുതിയ ഐ20യിലൂടെ എത്തും.
1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ എന്നീ എൻജിനുകളാണ് പുതിയ ഐ20യിൽ. 1.2 ലീറ്റർ പെട്രോൾ എൻജിന് 5 സ്പീഡ് മാനുവൽ, ഐവിടി ഓട്ടമാറ്റിക്ക് ഗിയർബോക്സും 1 ലീറ്റർ എൻജിനിൽ ഏഴു സ്പീഡ് ഡിസിടി ഗിയർബോക്സും ഐഎംടി ഗിയർബോക്സുമുണ്ട്. 1.5 ലീറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇടം പിടിക്കുക. സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്കാകും ഈ ഐ 20. പ്രൊപ്പോഷൻ, ആർക്കിടെക്ച്ചർ, സ്റ്റൈലിങ്, ടെക്നോളജി എന്നീ ഘടകങ്ങളിൽ ഊന്നിയാണ് പുതിയ ഐ20 ഡിസൈൻ ചെയ്തിരിക്കുന്നത്. പുതു തലമുറ ഉപഭോക്താക്കൾക്കുള്ള ടെക്നോളജിയും പുതിയ ഐ 20യിലുണ്ട്.
ഡയമണ്ട് പാറ്റേൺ മെഷ് ഡിസൈനുള്ള ഹെക്സഗണൽ ഗ്രിൽ, മസ്കുലർ ബോഡി ലൈനുകൾ, മനോഹരമായ ഡേടൈം റണ്ണിങ് ലാംപുകൾ. ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇസഡ് രൂപത്തിൽ ഇൻസേർട്ടുകളുള്ള എൽഇഡി ടെയിൽ ലാംപുകൾ എന്നിവ പുതിയ ഐ20യിലുണ്ട്. സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടാറ്റ ആൽട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് തുടങ്ങി വാഹനങ്ങളുമായിട്ടാണ് പുതിയ ഐ20 മത്സരിക്കുക.
English Summary: Hyundai i20 Lauched In India