പുതിയ അടിപൊളി നിറങ്ങളിൽ ക്ലാസിക് 350
Mail This Article
ക്ലാസിക് 350 മോട്ടോർ സൈക്കിളുകൾ രണ്ടു പുതിയ നിറങ്ങളിൽ കൂടി വിൽപ്പനയ്ക്കെത്തിച്ച് റോയൽ എൻഫീൽഡ്. പുതുതായി മെറ്റാലൊ സിൽവർ, ഓറഞ്ച് എംബർ നിറങ്ങവിൽ ലഭിക്കുന്ന ‘ക്ലാസിക് 350’ ബൈക്കുകൾക്ക് 1.83 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂമുകളിൽ വില. യുവാക്കളെ ലക്ഷ്യമിട്ടു കൂടുതൽ തിളക്കമുള്ള നിറങ്ങളിൽ ‘ക്ലാസിക് 350’ ലഭ്യമാക്കാനാണു കമ്പനിയുടെ ശ്രമമെന്നും റോയൽ എൻഫീൽഡ് വിശദീകരിച്ചു. പുതിയ നിറത്തിലുള്ള ‘ക്ലാസിക് 350’ ഉടൻ തന്നെ രാജ്യമെങ്ങുമുള്ള ഷോറൂമുകളിൽ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ അഭിരുചിക്കൊത്ത് മോട്ടോർ സൈക്കിളുകൾ സജ്ജമാക്കാൻ അവസരം നൽകുന്ന ‘മെയ്ക്ക് ഇറ്റ് യുവേഴ്സ്’(എം ഐ വൈ) പദ്ധതിയിൽ ‘ക്ലാസിക് 350’ ബൈക്കുകളും ലഭ്യമാണ്. അലോയ് വീലും ട്യൂബ് രഹിത ടയറുമൊക്കെയായിട്ടാണ് എത്തുന്നതെങ്കിലും പുത്തൻ നിറക്കൂട്ട് അവതരിപ്പിച്ച് ‘ക്ലാസിക് 350’ യുവാക്കൾക്കു കൂടുതൽ സ്വീകര്യമാക്കാനാണു കമ്പനി ശ്രമിക്കുന്നത്. ബൈക്കുകളെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് അനുസൃതമായി അണിയിച്ചൊരുക്കാനാണ് ‘എം ഐ വൈ’ അവസരം നൽകുന്നത്. ഒപ്പം ഈ പദ്ധതിയിൽ ഓരോരുത്തർക്കും ഇഷ്ടമുള്ള അനുബന്ധ സാമഗ്രികൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്. റോയൽ എൻഫീൽഡ് അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റിലൂടെയോ ‘എം ഐ വൈ’ സേവനം പ്രയോജനപ്പെടുത്താം. ത്രിമാന കോൺഫിഗറേഷൻ സൗകര്യവും ‘എം ഐ വൈ’ വാഗ്ദാനം ചെയ്യുന്നുണ്ട്.
‘ക്ലാസിക് 350’ ബൈക്കിൽ ആരംഭിച്ച ‘എം ഐ വൈ’ സൗകര്യം ക്രമേണ മോഡൽ ശ്രേണിക്കു പൂർണമായി തന്നെ ലഭ്യമാക്കുമെന്നും റോയൽ എൻഫീൽഡ് പ്രഖ്യാപിക്കുന്നു. ഹോണ്ടയുടെ അവതരണമായ ‘ഹൈനെസ് 350’ പോലുള്ള പുതിയ എതിരാളികൾ രംഗത്തെത്തിയതു കൂടി പരിഗണിച്ചാവും ഈ സൗകര്യം തുടക്കത്തിൽ തന്നെ ‘ക്ലാസിക് 250’ ബൈക്കിനു റോയൽ എൻഫീൽഡ് ലഭ്യമാക്കിയത്.
ദശാബ്ദത്തിലേറെയായി കമ്പനിയുടെ ഏറ്റവും വിജയം വരിച്ച മോട്ടോർ സൈക്കിളാണ് ‘ക്ലാസിക് 350’ എന്ന് റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു. ലളിതമെങ്കിലും കാലത്തെ വെല്ലുന്ന രൂപകൽപ്പനയും സംശുദ്ധമായ മോട്ടോർസൈക്ലിങ് അനുഭവവുമാണു ‘ക്ലാസിക്കി’ന് ഈ സ്വീകാര്യത നേടിക്കൊടുത്തതെന്നും അദ്ദേഹം കരുതുന്നു. ‘ക്ലാസിക്’ കൂടുതൽ ആകർഷകമാക്കാനുള്ള നടപടികളുടെ ഭാഗമായാണു മോട്ടോർ സൈക്കിളിന്റെ പുതുവകഭേദങ്ങളും വ്യക്തിഗത താൽപര്യങ്ങൾക്ക് അനുസൃതമായി ബൈക്ക് രൂപകൽപ്പന ചെയ്യാനുള്ള അവസരവും നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
English Summary: Royal Enfield bets big on digital customization, Classic 350