ADVERTISEMENT

വേഗപ്പോരിൽ ബുഗാട്ടിയുടെ ഹൈപ്പർ കാറായ ഷിറോണിനു വെല്ലുവിളി ഉയർത്താൻ ഹെന്നെസ്സി വെനം എഫ് ഫൈവ് എത്തുന്നു. മണിക്കൂറിൽ 311 മൈൽ(അഥവാ 500 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിവുള്ള വെനം എഫ് ഫൈവിനു ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാർ എന്ന പെരുമയും സ്വന്തമാണെന്നാണു യു എസിലെ ടെക്സസ് ആസ്ഥാനമായ ട്യൂണിങ് ഹൗസായ ഹെന്നെസ്സി പെർഫോമൻസ് എൻജിനീയറിങ്ങിന്റെ പക്ഷം. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘വെനം എഫ് ഫൈവി’നു വെറും 2.6 സെക്കൻഡ് മതിയെന്നും ഹെന്നെസ്സി വ്യക്തമാക്കുന്നു.

മഹത്തായ കാർ നിർമിക്കാനുള്ള ഉദ്യമമെന്നു മാത്രമാണ് വെനം എഫ് ഫൈവ് പദ്ധതിയെ ഹെന്നെസ്സി വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള 24 കാറുകൾ മാത്രമാണു നിർമിക്കുകയെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്; 21 ലക്ഷം ഡോളർ(അഥവാ 15.47 കോടി രൂപ) ആണു കാറിനു വില. മണിക്കൂറിൽ 300 മൈൽ(അഥവാ 482 കിലോമീറ്റർ) എന്ന വേഗപരിധി കീഴടക്കിയ ചരിത്രമാണു ബുഗാട്ടിയുടെ ഷിറോൺ അവകാശപ്പെടുന്നത്. വുൾഫ്സ്ബർഗിനടുത്ത് ഇറ — ലെസീനിൽ ഫോക്സ്വാഗന്റെ ഉടമസ്ഥതയിലുള്ള പരീക്ഷണ ട്രാക്കിൽ ഔദ്യോഗിക ടെസ്റ്റ് ഡ്രൈവറായ ആൻഡി വാലസിന്റെ സാരഥ്യത്തിലുള്ള ‘ഷിറോൺ’ മാതൃകയാണ്  2019 ഓഗസ്റ്റിൽ ഈ നേട്ടം കൈവരിച്ചത്. 

hennessey-venom-f5-3

പരീക്ഷണ ഓട്ടത്തിനിടെ കാർ മണിക്കൂറിൽ 304.773 മൈൽ(അഥവാ 490.484 കിലോമീറ്റർ) വേഗം കൈവരിച്ചെന്നായിരുന്നു ഔദ്യോഗിക രേഖ. തുടർന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹൈപ്പർ കാറായും ഷിറോൺ’ മാറി. 2017ൽ കോനിസെഗ് ‘അഗേര ആർ എസ്’ കൈവരിച്ച 284.55 മൈൽ വേഗമായിരുന്നു അതുവരെയുള്ള റെക്കോഡ്(മടക്കയാത്ര കൂടിയാവുന്നതോടെ ശരാശരി വേഗം മണിക്കൂറിൽ 277.87 മൈലും). എന്നാൽ ഇതിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ‘ഷിറോൺ’  പുറത്തെടുത്തത്. 

അതേസമയം ‘ഷിറോണി’നെ വെല്ലാൻ ഹെന്നെസ്സി അണിയിച്ചൊരുക്കിയ ഹൈപ്പർ കാറിനു കരുത്തേകുന്നത് 6.6 ലീറ്റർ, ഇരട്ട ടർബോ ചാർജ്ഡ് വി എയ്റ്റ് എൻജിനാണ്; 8,000 ആർ പി എമ്മിൽ 1,817 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. പിൻ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന കാറിനു ഭാരം 1,360 കിലോഗ്രാമാണ്. ഇതോടെ കാറിന്റെ കരുത്തും ഭാരവുമായുള്ള അനുപാതം 1.34 എച്ച് പി/കിലോഗ്രാമാവുന്നു. താരതമ്യേന ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമിതിയും ഉയർന്ന കരുത്തുമാണ് ‘വെനം എഫ് ഫൈവി’ന്റെ തകർപ്പൻ കുതിപ്പിനു പിന്നിലെന്നാണു ഹെന്നെസ്സിയുടെ വിശദീകരണം.

hennessey-venom-f5-1

പുത്തൻ രൂപകൽപ്പനയുള്ള ഷാസിയും ഏറോഡൈനമിക് മികവിനു മുൻതൂക്കം നൽകുന്ന കാർബൺ ഫൈബർ ബോഡിയുമായാണ് ‘വെനം എഫ് ഫൈവി’ന്റെ വരവ്; വായു സൃഷ്ടിക്കുന്ന പ്രതിരോധം ഏറ്റവും കുറയ്ക്കാൻ പര്യാപ്തമാവുംവിധമാണു കാറിന്റെ ഘടന. കാർബൺ ഫൈബർ ഉപയോഗിച്ചുള്ള മോണോകോക് നിർമിതി വാഹനം ഭാരവും ഗണ്യമായി കുറയ്ക്കുന്നു. ദൃഢതയേറിയ കാർബൺ ഫൈബർ ഉപയോഗിച്ചാണു കാറിന്റെ പുറംഭാഗത്തെ ബോഡി പാനലുകളുടെ നിർമിതി. ഇതുവഴി ഭാരം കുറയ്ക്കുന്നതിനു പുറമെ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനുമാവുമെന്ന് നിർമാതാക്കൾ വിശദീകരിക്കുന്നു. 

അഞ്ചു ഡ്രൈവ് മോഡുകളോടെയാണ് ‘വെനം എഫ് ഫൈവി’ന്റെ വരവ്: സ്പോർട്, ട്രാക്ക്, ഡ്രാഗ്, വെറ്റ്, എഫ് ഫൈവ്, വേഗമേറിയ വിമാനങ്ങളുടെ കോക്പിറ്റിനെ അനുസ്മരിപ്പിക്കുന്ന അകത്തളമാണ് ‘വെനം എഫ് ഫൈവി’ന്റേത്; ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടാത്ത വിധത്തിൽ പ്രായോഗികതയ്ക്ക് ഊന്നൽ നൽകുന്ന രൂപകൽപ്പന. അകത്തളത്തിൽ ആഡംബരത്തിന്റെ സ്പർശമായി വാതിലിലും ഡാഷ് ബോഡിലും സീറ്റിലുമൊക്കെ ലതർ പാനലുകളും ഇടംപിടിക്കുന്നു. എഫ് വൺ റേസ് കാറിൽ നിന്നു പ്രചോദിതമാണ് ‘എഫ് ഫൈവി’ന്റെ കാർബൺ ഫൈബർ സ്റ്റീയറിങ്; ഇതിൽ ലൈറ്റുകൾ, വിൻഡ്സ്ക്രീൻ വൈപ്പർ, ടേൺ സിഗ്നൽ തുടങ്ങിയ നിയന്ത്രിക്കാനുള്ള ബട്ടനുകളും ഇടംപിടിക്കുന്നു. ‌ആപ്പ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയും ഉപഗ്രഹ നാവിഗേഷനും സഹിതം ഏഴ് ഇഞ്ച് ഇൻസ്ട്രമെന്റ് ഡിസ്പ്ലേ ക്ലസ്റ്ററും കാറിലുണ്ട്. സ്റ്റീരിയോ ഫംക്ഷനാലിറ്റി, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഫോൺ പെയറിങ് തുടങ്ങിയവയും സാധ്യമാണ്.

English Summary: Hennessey Venom F5: A hypercar designed to set new speed record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com