ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ!, കടലാസും തെർമോകോളും ഉപയോഗിച്ച് ബൈക്കുകള്‍ ഒരുക്കി ഷാരോൺ
Mail This Article
വൈപ്പിൻ∙ ബൈക്കുകളുടെ ചെറുരൂപങ്ങൾ മികവോടെ ഒരുക്കി യുവാവ്. ചെറായി കോവിലകത്തുംകടവ് കടേപ്പറമ്പിൽ ഷാരോൺ (25) ആണ് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ കടലാസും തെർമോകോളും ഉപയോഗിച്ച് ബൈക്കുകളുടെ മിനിയേച്ചറുകൾ നിർമിക്കുന്നത്. പ്ലസ്‌വൺ പഠനകാലത്താണ് ആദ്യമായി ഷാരോൺ ഇത്തരത്തിൽ ബൈക്കിന്റെ ചെറുരൂപം ഉണ്ടാക്കിയത്. കട്ടിയുള്ള പേപ്പർ ഉപയോഗിച്ചായിരുന്നു ആദ്യം നിർമാണം.
പിന്നീടു കട്ടിയുള്ള തെർമോകോൾ ഉപയോഗിച്ചു തുടങ്ങി. ബൈക്കിലെ ടാങ്ക്, സീറ്റ് തുടങ്ങിയവയാണ് തെർമോകോളിൽ തയാറാക്കുന്നത്. ഹാൻഡിലും മറ്റും ലോഹക്കമ്പികൾ ഉപയോഗിച്ചും. 6 വർഷം മുൻപ് നിർമിച്ചവ ഇപ്പോഴും കേടുപാടു കൂടാതെ ഷാരോണിന്റെ കയ്യിലുണ്ട്. യഥാർഥ ബൈക്കുകളുടെ വിവിധ ആംഗിളുകളിലുളള ചിത്രങ്ങൾ നോക്കിയും ഡ്രോയിങ് തയാറാക്കിയുമാണു ചെറുരൂപങ്ങൾ സൃഷ്ടിക്കുന്നത്.
4 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ വലുപ്പത്തിലാണു ബൈക്കുകൾ ഒരുക്കുന്നത്. വാഹനപ്രേമികളായ ചെറുപ്പക്കാരാണു തങ്ങളുടെ ബൈക്കുകളുടെ ചെറുരൂപങ്ങൾ ഒരുക്കാൻ വേണ്ടി ഷാരോണിനെ പ്രധാനമായും സമീപിക്കുന്നത്. യമഹ ആർഎക്സ്100, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയ ബൈക്കുകളുടെ രൂപങ്ങൾക്കാണു കൂടുതൽ ആവശ്യക്കാരുള്ളതെന്നു ഷാരോൺ പറയുന്നു.
English Summary: Miniature Bikes By Sharon