ആരെയും അതിശയിപ്പിക്കും ഈ കൊച്ചു വാഹനങ്ങൾ
Mail This Article
അങ്കമാലി ∙ മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിധുൽ കൃഷ്ണയുടെ ലോറിയും പിക്കപ് വാനുമൊക്കെ കണ്ടാൽ ആരും നോക്കി നിന്നു പോകും. ഒറിജിനലിനെ വെല്ലുന്ന ഫിനിഷിങ്. 17 ഇഞ്ച് ഉയരവും 26 ഇഞ്ച് നീളവുമുള്ള ലോറിയാണു അടുത്തിടെ മിധുൽ ഉണ്ടാക്കിയത്. പൂതംകുറ്റി അമ്പലപ്പാടൻ എ.വി.സാബുവിന്റെയും സന്ധ്യയുടെയും മകനാണ്. അച്ഛന് നേരത്തെ ഓട്ടമൊബീൽ വർക്‌ഷോപ് ഉണ്ടായിരുന്നു. വർക്‌ഷോപ്പിൽ പോയി വാഹനങ്ങൾ കണ്ടിട്ടാണു മിധുലിനു വാഹനങ്ങളോടു കമ്പം തുടങ്ങിയത്.
വർക്‌ഷോപ് നിർത്തിയപ്പോൾ അച്ഛൻ ലോറി ഓടിക്കാൻ തുടങ്ങി. അച്ഛൻ ഓടിച്ചിരുന്ന ലോറി മനസ്സിൽ കണ്ടിട്ടാണു മിധുൽ ലോറിയുടെ മോഡൽ ഉണ്ടാക്കിയിരിക്കുന്നത്. ഒട്ടേറെ പേർ മിധുലിന്റെ സ്റ്റിൽ മോഡലുകൾ കാണാനായി എത്തുന്നുണ്ട്. മിധുലിന്റെ സഹോദരൻ അതുലും ഇത്തരം സ്റ്റിൽ മോഡലുകൾ ഉണ്ടാക്കാറുണ്ട്. ഹാർഡ് ബോർഡ്, ഫോം ഷീറ്റ്, പശ തുടങ്ങിയവ ഉപയോഗിച്ചാണു നിർമാണം. ഒരു വാഹനത്തിന്റെ മോഡൽ ഉണ്ടാക്കണമെങ്കിൽ 3 ദിവസം വേണം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിധുൽ ഇത്തരം മോഡലുകൾ ഉണ്ടാക്കിത്തുടങ്ങിയത്.
English Summary: Miniature Craft Vehicle