ഹോണ്ട സിറ്റിയോട് മത്സരിക്കാൻ അംബാസിഡർ, ചെറു എസ്‍യുവി: രണ്ടും കൽപിച്ച് സിട്രോണ്‍
Mail This Article
സിട്രോണിന്റെ ബ്രാൻഡിൽ സി5 എയർ ക്രോസ് എസ്‍യുവിയുമായി ഇന്ത്യയിലെത്തിയ പിഎസ്എ കൂടുതൽ വാഹനങ്ങൾ ഉടൻ വിപണിയിലെത്തിക്കും. മാരുതി ബ്രെസ, ഹ്യുണ്ടേയ് വെന്യു, കിയ സോനറ്റ്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ ചെറു എസ്‍യുവി സി 3 എയർക്രോസും അതിനു ശേഷം അംബാസിഡർ എന്ന പേരിൽ ഹോണ്ട സിറ്റിയുടെ എതിരാളിയും സിട്രോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകള്‍.
കൂടാതെ രാജ്യാന്തര വിപണികളിൽ വിൽപ്പനയ്ക്കുള്ള സി ഫോർ കാക്റ്റസ് ആധാരമാക്കി പുതിയ എസ്‍യുവിയും കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപെ അംബാസിഡർ എന്ന ജനപ്രിയ ബ്രാൻഡ് നാമവും കമ്പനി സ്വന്തമാക്കിയിരുന്നു. സിട്രോണിനെ പരിചയമില്ലാത്ത ഇന്ത്യക്കാർക്കിടയിലേക്ക് അവർക്ക് നന്നായി അറിയുന്ന അംബാസിഡറുമായി എത്തി പേരെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ച് തമിഴ്നാട്ടിൽ നിർമാണ ശാലയിൽ നിന്നാണ് വാഹനം പുറത്തിറങ്ങുക.
മൂന്നാം അങ്കത്തിനായാണ് സി 5 എയർ ക്രോസിലൂടെ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയിലെത്തിയത്. പ്രീമിയർ ഓട്ടമൊബീൽസുമായുള്ള സംയുക്ത സംരംഭവുമായാണ് പിഎസ്എ ഗ്രൂപ്പിന്റെ ആദ്യ വരവ്. പ്യൂഷോ 309 എന്ന ഒറ്റ മോഡലിലൊതുങ്ങിയ പരീക്ഷണം അവസാനിപ്പിച്ച് 1990 ഒടുവിൽ കമ്പനി ഇന്ത്യൻ വിപണിയോടു വിട പറഞ്ഞു. രണ്ടാം തവണ 2011ൽ പുതിയ ശാല സ്ഥാപിക്കാനായി ഗുജറാത്തിൽ സ്ഥലം പോലും വാങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ പിഎസ്എ ഗ്രൂപ്പ് പിൻമാറിയിരുന്നു.
English Summary: Citreon Amabassador as Honda City Rival