ഉറുസ് വിൽപന: സെഞ്ചുറി തികച്ച് ലംബോർഗിനി ഇന്ത്യ
Mail This Article
പ്രകടനക്ഷമതയേറിയ സൂപ്പർ എസ് യു വിയായ ഉറുസിന്റെ ഇന്ത്യയിലെ വിൽപന 100 യൂണിറ്റ് കടന്നെന്ന് ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗിനി. ഷോറൂമിൽ 3.15 കോടിയോളം രൂപ വിലമതിക്കുന്ന ‘ഉറുസി’ന്റെ ഇന്ത്യൻ അരങ്ങേറ്റം 2018 ജനുവരിയിലായിരുന്നു. തുടർന്നുള്ള മൂന്നു വർഷത്തിനിടെയാണ് ‘ഉറുസ്’ ഇന്ത്യയിൽ സെഞ്ചുറി പൂർത്തിയാക്കിയത്. ഇറ്റലിയിലെ സന്ത് അഗ്ത ബൊളോണീസിലെ ശാലയിൽ നിന്ന് ഇറക്കുമതി വഴിയാണ് ‘ഉറുസ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്.
ഇന്ത്യയിലെ ആദ്യ ബാച്ച് ‘ഉറുസ്’ ഉടമസ്ഥർക്കു കൈമാറിയത് 2018 സെപ്റ്റംബറിലായിരുന്നു. ‘ഉറുസി’നു തകർപ്പൻ വരവേൽപ്പാണ് ഇന്ത്യയിൽ ലഭിച്ചതെന്നാണു ലംബോർഗിനിയുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ, ഡെലിവറി തുടങ്ങി ആദ്യ വർഷത്തിനകം തന്നെ അൻപതിലേറെ ‘ഉറുസ്’ ഇന്ത്യയിലെത്തി.
‘ഉറുസി’നു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്; 650 ബി എച്ച് പി വരെ കരുത്തും 850 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള എസ് യു വിയിലെ എൻജിനിൽ നിന്നുള്ള കരുത്ത് 40:60 എന്ന അനുപാതത്തിലാണു മുൻ — പിൻ ചക്രങ്ങളിലെത്തുക. 2.2 ടണ്ണോളം ഭാരമുണ്ടെങ്കിലും നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഉറുസി’ന് വെറും 3.6 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം. മണിക്കൂറിൽ 305 കിലോമീറ്ററാണ് ‘ഉറുസി’ന്റെ പരമാവധി വേഗം; ലോകത്തിലെ തന്നെ ഏറ്റവും വേഗമുള്ള എസ് യു വിയായിരുന്നു ‘ഉറുസ്’. എന്നാൽ ബെന്റ്ലിയുടെ ‘ബെന്റൈഗ’ മണിക്കൂറിൽ 306 കിലോമീറ്റർ വേഗം കൈവരിച്ചതോടെ ഈ പെരുമ ‘ഉറുസി’നു നഷ്ടമായി.
വിൽപ്പനയിൽ മികവു കാട്ടുന്ന ‘ഉറുസി’നായി ലംബോർഗിനി സന്ത്അഗ്ത ബൊളോണീസിലെ നിർമാണശാലയായ മാനിഫാറ്റുറ ലംബോർഗിനിയിൽ പ്രത്യേക അസംബ്ലി ലൈൻ തന്നെ നീക്കി വച്ചിട്ടുണ്ട്. പുത്തൻ സാങ്കേതികവിദ്യകൾ സ്വാംശീകരിക്കാൻ സാധിക്കുന്ന ‘ഫാക്ടറി 4.0’ മാതൃക അടിസ്ഥാനമാക്കിയാണ് ഈ അസംബ്ലി ലൈൻ സജ്ജീകരിച്ചിരിക്കുന്നത്.
അത്യാംഡബര കാർ വിപണിയിൽ സ്വന്തം ഇടം ഉറപ്പിക്കാൻ ‘ഉറുസി’നു സാധിച്ചതായി ലംബോർഗിനി ഇന്ത്യ മേധാവി ശരദ് അഗർവാൾ വിലയിരുത്തുന്നു. സ്വന്തമായി പുതിയൊരു വിഭാഗം തന്നെ സൃഷ്ടിച്ച ‘ഉറുസ്’ വിഭാഗത്തിൽ വിൽപ്പന വളർച്ചയും കൈവരിച്ചെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലംബോർഗിനിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ വിൽപനയുടെ പകുതിയിലേറെയും ‘ഉറുസി’ന്റെ സംഭാവനയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എസ് യു വി രൂപത്തിലുള്ള സ്പോർട്സ് കാറായ ‘ഉറുസി’ൽ ആറു ഡ്രൈവിങ് മോഡുകളും ലംബോർഗിനി വാഗ്ദാനം ചെയ്യുന്നു.
ലംബോർഗ്നിയുടെ ആദ്യ എസ് യു വിയെന്ന പെരുമ പേറുന്ന ‘ഉറുസി’ന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. 2019ൽ 4,962 യൂണിറ്റ് വിൽപ്പനയോടെ ലംബോർഗിനിയുടെ ശ്രേണിയിലെ തന്ത്രപ്രധാന മോഡലായി ‘ഉറുസ്’ മാറി. ‘ഹുറാകാൻ’ 2,139 യൂണിറ്റും ‘അവന്റെഡോർ’ 1,104 യൂണിറ്റും വിറ്റപ്പോഴായിരുന്നു ‘ഉറുസി’ന്റെ ഈ ഉജ്വല പ്രകടനം.
കഴിഞ്ഞ ജൂലൈയിൽ ‘ഉറുസ്’ നിർമാണം 10,000 യൂണിറ്റ് തികഞ്ഞിരുന്നു; അരങ്ങേറ്റം കുറിച്ച് വെറും രണ്ടു വർഷത്തിനുള്ളിലായിരുന്നു ഈ ഉജ്വല നേട്ടം. ലംബോർഗിനി ചരിത്രത്തിൽ തന്നെ ഏതെങ്കിലും മോഡൽ അവതരണം കഴിഞ്ഞു രണ്ടു വർഷത്തിനകം 10,000 യൂണിറ്റ് വിൽപ്പന കൈവരിക്കുന്നത് ഇതാദ്യമായിരുന്നു.
‘ഷാസി നമ്പർ 10000’ എന്നു രേഖപ്പെടുത്തിയ നീറൊ നൊക്ടിസ് മാറ്റ്(ലളിതമായി പറഞ്ഞാൽ കറുപ്പ്) നിറത്തിലുള്ള ‘ഉറുസ്’ ലംബോർഗ്നി വിറ്റതു റഷ്യയിലാണ്. കാർബൺ ഫൈബർ പാക്കേജിൽ കറുപ്പും ഓറഞ്ചും സമന്വയിക്കുന്ന ഇരട്ട വർണ അഡ് പഴ്സൊനെം അകത്തളവുമായിട്ടാണ് ഈ ‘ഉറുസ്’ നിരത്തിലെത്തിയത്.
English Summary: Lamborghini Urus India sales cross 100 units