ADVERTISEMENT

പൈലറ്റുമാരുടെ കഴിവ് മാത്രമല്ല സാങ്കേതികവിദ്യയുടെ മികവും പോര്‍വിമാനങ്ങള്‍ തകരുന്നത് തടയാൻ സഹായിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം വ്യത്യസ്ത അവസരങ്ങളില്‍ അമേരിക്കയിലെ നെവാഡക്ക് മുകളിലൂടെ എഫ് 16 പോര്‍വിമാനങ്ങള്‍ പറത്തിയിരുന്ന രണ്ട് പൈലറ്റുമാര്‍ക്ക് ആകാശത്തു വച്ച് ബോധക്ഷയമുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട പോര്‍വിമാനം ഭൂമിയില്‍ വീണ് തകരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് എഫ് 16ലെ സുരക്ഷാ സോഫ്റ്റ്‌വെയര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്താണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്.

ജി ലോക്ക്

ജി ലോക്ക്(G-LOC) എന്ന് വിളിക്കുന്ന അവസ്ഥയിലൂടെ പൈലറ്റുമാര്‍ കടന്നുപോയതോടെയാണ് അവര്‍ക്ക് ബോധക്ഷയമുണ്ടായത്. പോര്‍വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്കിടയില്‍ ഇത്തരം ബോധക്ഷയങ്ങള്‍ സ്വാഭാവികമാണ്. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം ജി ഫോഴ്‌സിനെ മറികടക്കാനുള്ള പരിശീലനങ്ങള്‍ ഓരോ പോര്‍വിമാന പൈലറ്റുമാരും പൂര്‍ത്തിയാക്കാറുണ്ട്.

തലച്ചോറില്‍ നിന്നും രക്തം കൂടുതലായി പുറത്തേക്ക് പോകുമ്പോഴാണ് ജി ലോക്ക്(G-induced loss of consciousness) അഥവാ ബോധക്ഷയം സംഭവിക്കാറ്. അതിവേഗത്തിലുള്ള തിരിവുകളും വായുവിലെ മറിച്ചിലുകളുമൊക്കെയാണ് ഇതിന് കാരണമാകുന്നത്. പ്രത്യേകം ജി സ്യൂട്ടുകള്‍ ധരിച്ചും ശ്വാസഗതിയേയും പേശികളേയും നിയന്ത്രിക്കുന്ന വ്യായാമങ്ങള്‍ ചെയ്തുമാണ് ഇത് മറികടക്കാന്‍ പോര്‍വിമാനങ്ങളിലെ പൈലറ്റുമാര്‍ ശ്രമിക്കാറ്.

ഇത്തരം മുന്‍കരുതലുകളൊക്കെയും ഫലപ്രദമല്ലാത്ത അവസരങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് കഴിഞ്ഞ വര്‍ഷം രണ്ട് എഫ് 16 പോര്‍വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്കുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തെ ഓട്ടോ GCAS എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തിലാണ് സുരക്ഷിതമാക്കിയത്. വിമാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലോക്ഹീഡ് മാര്‍ട്ടിന്‍ തന്നെ നിര്‍മിച്ച സംവിധാനമാണ് ഓട്ടോ ജിസിഎഎസ് അഥവാ ഓട്ടമാറ്റിക് ഗ്രൗണ്ട് കൊളിഷൻ അവോയിഡൻസ് സിസ്റ്റം. ബോധക്ഷയം സംഭവിച്ച രണ്ടു പൈലറ്റുമാര്‍ക്കും നിമിഷങ്ങള്‍ക്കകം ബോധം തിരികെ ലഭിക്കുകയും പോര്‍വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. ഇതുവരെ 10 എഫ് 16 പോര്‍വിമാനങ്ങളുടേയും 11 പൈലറ്റുമാരുടേയും ജീവന്‍ തങ്ങളുടെ സോഫ്റ്റ്‌വെയറുകള്‍ രക്ഷിച്ചിട്ടുണ്ടെന്നാണ് ലോക്ഹീഡ് മാര്‍ട്ടിന്റെ വക്താവ് അവകാശപ്പെടുന്നത്.

ഭൂരിഭാഗം എഫ് 16, എഫ് 35 പോര്‍വിമാനങ്ങളിലും ഓട്ടോ ജിസിഎഎസ് സംവിധാനമുണ്ട്. നിരവധി വിവരങ്ങള്‍ കണക്കിലെടുത്താണ് ഈ സോഫ്റ്റ്‌വെയര്‍ സംവിധാനം പോര്‍വിമാനം നിലംപതിക്കാന്‍ പോവുകയാണോ എന്ന് സ്വയം തിരിച്ചറിയുന്നതും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും. പൈലറ്റുമാരുടേയും പോര്‍വിമാനങ്ങളുടേയും ആയുസ്സ് നീട്ടുന്ന സോഫ്റ്റ്​വെയറാണ് ഓട്ടോ ജിസിഎഎസ്.

English Summary: Two F-16 Pilots Pass Out Mid-Flight, Software Saves Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com