5 വർഷം, 6 ലക്ഷം യൂണിറ്റ്; ചെറു എസ്യുവി വിപണിയിലെ രാജാവായി വിറ്റാര ബ്രേസ
Mail This Article
സബ് കോംപാക്ട് വിഭാഗത്തിൽപെട്ട സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ വിറ്റാര ബ്രെസയുടെ ഇതുവരെയുള്ള വിൽപ്പന ആറു ലക്ഷം കവിഞ്ഞതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 2016ൽ അരങ്ങേറിയ ‘വിറ്റാര ബ്രെസ’ അഞ്ചു വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിപണിയിൽ മികച്ച സ്വീകാര്യത കൈവരിച്ചു മുന്നേറുന്ന ‘വിറ്റാര ബ്രെസ’യെ കഴിഞ്ഞ വർഷം മാരുതി സുസുക്കി പരിഷ്കരിക്കുകയും ചെയ്തിരുന്നു.
ഇരട്ട വർണ റൂഫും മസ്കുലർ ബോഡി കിറ്റും എൽ ഇ ഡി ഹെഡ്ലാംപും ഡേ ടൈം റണ്ണിങ് ലാംപുമൊക്കെയായി തന്റേടം സ്ഫുരിക്കുന്ന രൂപകൽപ്പനയാണു ‘വിറ്റാര ബ്രെസ’യ്ക്കായി മാരുതി സുസുക്കി പിന്തുടരുന്നത്. അകത്തളത്തിലാവട്ടെ വോയ്സ് റക്കഗ്നീഷൻ, വെഹിക്കിൾ അലെർട്ട്, എ എച്ച് എ റേഡിയോ വഴി ഓൺലൈൻ ലഭ്യതയുമൊക്കെയുള്ള സ്മാർട് പ്ലേ സ്റ്റുഡിയോ സഹിതം 17.78 സെ മീ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ലഭ്യമാണ്. സുരക്ഷ മെച്ചപ്പെടുത്താൻ ഓട്ടോ റിട്രാക്റ്റിങ് ഔട്ട്സൈഡ് റിയർവ്യൂ മിറർ, ഓട്ടോ ഡിമ്മിങ് – ആന്റി ഗ്ലെയർ ഇൻസൈഡ് റിയർ വ്യൂ മിറർ, ഗീയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ തുടങ്ങിയവയുമുണ്ട്.
‘വിറ്റാര ബ്രെസ’യ്ക്കു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള, 1.5 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. ഓട്ടമാറ്റിക് പതിപ്പുകൾക്ക് ലീറ്ററിന് 18.76 കിലോമീറ്ററും മാനുവൽ ട്രാൻസ്മിഷനൊപ്പം ലീറ്ററിനു 17.03 കിലോമീറ്ററുമാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
അരങ്ങേറ്റ വേള മുതൽ ഉപയോക്താക്കളുടെയും വിമർശകരുടെയും മനം കവർന്ന ചരിത്രമാണു ‘വിറ്റാര ബ്രെസ’യുടേതെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വിശദീകരിച്ചു. കരുത്തിന്റെയും നിർമാണ മികവിന്റെയും സൗകര്യങ്ങളുടെയും യാത്രാ സുഖത്തിന്റെയും പ്രീമിയം സ്പർശത്തിന്റെയുമൊക്കെ സമന്വയമാണെന്നതാണു ‘വിറ്റാര ബ്രേസ’യെ വിപണിക്കു പ്രിയങ്കരമാക്കിയതെന്നും അദ്ദേഹം വിലയിരുത്തി.
അഞ്ചു വർഷത്തിനിടെ ആറു ലക്ഷം യൂണിറ്റ് വിൽപ്പന തികച്ചതോടെ ഈ വിപണിയിലെ നേതൃപദം ഉറപ്പിക്കാൻ ‘വിറ്റാര ബ്രെസ’യ്ക്കു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തയിടെ വിപണിയിലെത്തിയ റെനോ ‘കൈഗ’റും ഹ്യുണ്ടേയ് ‘വെന്യൂ’, കിയ ‘സോണെറ്റ്’, ടാറ്റ ‘നെക്സൻ’, മഹീന്ദ്ര ‘എക്സ് യു വി 300’, ഫോഡ് ‘ഇകോസ്പോർട്’ തുടങ്ങിയവയാണു ‘വിറ്റാര ബ്രേസ’യുടെ എതിരാളികൾ. കൂടാതെ ‘വിറ്റാര ബ്രേസ’യുടെ ബാഡ്ജ് എൻജിനീയറിങ് പതിപ്പ് ‘അർബൻ ക്രൂസർ’ എന്ന പേരിൽ ടൊയോട്ട കിർലോസ്കർ മോട്ടോറും വിൽപനയ്ക്കെത്തിക്കുന്നുണ്ട്.
English Summary: Maruti Suzuki Vitara Brezza clocks six lakh Sales within five years of Launch