ADVERTISEMENT

യു എസിലെ മുൻനിര വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയുമായി പങ്കാളിത്തത്തിനു പദ്ധതിയില്ലെന്നു ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. ഇലോൻ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുമായി ചർച്ചയൊന്നും നടത്തുന്നില്ലെന്നു വ്യക്തമാക്കിയ ചന്ദ്രശേഖരൻ, വൈദ്യുത വാഹന വിഭാഗത്തിൽ ടാറ്റയുടെ പ്രവർത്തനം സ്വന്തം നിലയിലാവുമെന്നും വെളിപ്പെടുത്തി. 

വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ടാറ്റ മോട്ടോഴ്സിനും ബ്രിട്ടീഷ് ഉപസ്ഥാപനമായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)നും വിപുലമായ പദ്ധതിയുണ്ട്. എന്നാൽ ടെസ്‌ലയുമായി ഇതു സംബന്ധിച്ചു ചർച്ചയൊന്നും നടത്തുന്നില്ലെന്നു ചന്ദശേഖരൻ വിശദീകരിച്ചു ടാറ്റ മോട്ടോഴ്സിന്റെയും ജെ എൽ ആറിന്റെയും വൈദ്യുത മോഡലുകൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സാഹചര്യത്തിൽ വിദേശ പങ്കാളിയെ തേടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നു ടെസ്‌ല പ്രഖ്യാപിച്ചതു മുതൽ കമ്പനിയുടെ പ്രാദേശിക പങ്കാളികളെക്കുറിച്ചുള്ള അഭ്യൂഹവും ശക്തമായിട്ടുണ്ട്. ഇന്ത്യയിലെ പ്രവർത്തനത്തിൽ ടാറ്റ ഗ്രൂപ്പാവും ടെസ്‌ലയുടെ പങ്കാളിയെന്നാണു പ്രചരിക്കുന്ന വാർത്തകളിൽ അധികവും. ഇത്തരം അഭ്യൂഹങ്ങളുടെ പിൻബലത്തിൽ ടാറ്റ മോട്ടോഴ്സ് ഓഹരികളുടെ വിലയും ഉയർന്നിരുന്നു. 

പങ്കാളിത്തം സംബന്ധിച്ച ഊഹാപോഹങ്ങൾക്കു കരുത്തു പകരുന്ന രീതിയിൽ കഴിഞ്ഞ ജനുവരി 15നു ‘ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് മൊബിലിറ്റി’ എന്ന ഹാൻഡിലിൽ നിന്നു ട്വീറ്റും പ്രത്യക്ഷപ്പെട്ടു. ‘ബ്രഹ്മചാരി’ എന്ന ഹിന്ദി ചിത്രത്തിൽ മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ ‘ആജ്  കൽ തേരേ മേരെ പ്യാർ കെ ചർച്ചെ ഹർ സുബാൻ പർ’ എന്ന ഗാനത്തിന്റെ അനുകരണമായി ‘ആജ് കൽ തേരേ മേരെ പ്യാർ കെ ചർച്ചെ ഹർ അഖ്ബാർ മെ, സബ് കോ മൂലം ഹെ ഔർ സബ് കോ ഖബർ ഹോ ഗയി’(‘നമുക്കിടയിൽ മൊട്ടിടുന്ന പ്രണയത്തെക്കുറിച്ചുള്ള ചർച്ചയാണ് എല്ലാ പത്രത്തിലും; ഇക്കാര്യം പരസ്യമായി’ എന്ന് അർഥം) എന്നായിരുന്നു ട്വീറ്റ്. ‘വെൽക്കം ടെസ്‌ല’, ‘ടെസ്‌ല ഇന്ത്യ’ എന്നീ ഹാഷ്ടാഗ് സഹിതം, ടെസ്‌ലയെയും ഇലോൻ മസ്കിനെയും ടാഗ് ചെയ്ത് ‘ടാറ്റ മോട്ടോഴ്സ് ഇവി’ എന്ന ഹാൻഡിലിൽ നിന്നുള്ള ട്വീറ്റ് പക്ഷേ അധികം വൈകാതെ നീക്കുകയും ചെയ്തു.

എന്തായാലും ചന്ദ്രശേഖർ അഭിപ്രായം പറയുംവരെ ഈ വിഷയത്തിൽ ടെസ്ലയോ ടാറ്റ ഗ്രൂപ്പോ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ടെസ്‌ല മോട്ടോഴ്സ് ഇന്ത്യ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പുതിയ കമ്പനി റജിസ്റ്റർ ചെയ്ത് അടുത്തയിടെയാണു ടെസ്‌ല ബെംഗളൂരു ആസ്ഥാനമായി ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. 

English Summary: Tata Group Shuts Down Rumours Regarding Tesla Tie-Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com