രണ്ടാം വരവ് ഗ്രാൻഡാക്കി സഫാരി, ബുക്ക് ചെയ്ത് കാത്തിരിപ്പ് 45 ദിവസം വരെ
Mail This Article
സൂപ്പർഹിറ്റായി മുന്നേറുകയാണ് ടാറ്റ സഫാരിയുടെ രണ്ടാം വരവ്. ബുക്ക് ചെയ്ത് ഏകദേശം 45 ദിവസം വരെ പുതിയ സഫാരിക്കായി കാത്തിരിക്കണം എന്നാണ് ഡീലർഷിപ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന സഫാരിയുടെ വില പ്രഖ്യാപിച്ചത് ഫെബ്രുവരി 22നാണ്. ഡീസൽ ഓട്ടമാറ്റിക്, മാനുവൽ വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന് 14.69 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. ആറു സീറ്റ്, ഏഴു സീറ്റ് വകഭേദങ്ങളിൽ പുതിയ സഫാരി ലഭ്യമാണ്.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പുതിയ സഫാരി ടാറ്റ അനാവരണം ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 4 മുതൽ സഫാരിയുടെ ബുക്കിങ്ങും ആരംഭിച്ചു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരിൽ ടാറ്റ വിപണിയിലെത്തിക്കുന്നത്. ആറു വകഭേദങ്ങളിൽ പുതിയ വാഹനം വിപണിയിലെത്തും.
1998ൽ വിപണിയിലെത്തിയപ്പോൾ ഇന്ത്യൻ വിപണിക്ക് അന്നുവരെ അന്യമായിരുന്നൊരു വന്യ സൗന്ദര്യമായിരുന്നു ടാറ്റ സഫാരി. ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി പിന്നീട് ഇന്ത്യൻ വാഹനലോകത്തെ കരുത്തിന്റെ പ്രതീകമായി. ഇന്ത്യൻ സൈന്യത്തിൽ വരെ സാന്നിധ്യമറിയിച്ച ഈ എസ്‌യുവി 2019 ലാണ് നിരത്തൊഴിയുന്നത്. വിപണിയിൽ നിന്നു പിൻമാറിയെങ്കിലും വാഹനപ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ വാഹനമായിരുന്നുവത്.
സഫാരി എന്ന പേരിന്റെ ജനപ്രീതി പുതിയ എസ്‌യുവിക്ക് ഒരു മുതൽകൂട്ടാകും എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ടാറ്റ ഹാരിയറിന്റെ വലുപ്പം കൂടിയ വകഭേദമാണ് പുതിയ സഫാരി. ഇംപാക്റ്റ് 2.0 ഡിസൈൻ ഫിലോസഫി പ്രകാരം ഡിസൈൻ ചെയ്തിരിക്കുന്ന വാഹനത്തിന് ഹാരിയറിനെക്കാൾ 70 എംഎം നീളമുണ്ട്. 8.8 ഇഞ്ച് ഫ്ലോട്ടിങ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൂന്ന് സ്പോക്ക് സ്റ്റിയറിങ് വീൽ, 9 സ്പീക്കറുകളുള്ള ജെബിഎൽ മ്യൂസിക് സിസ്റ്റം, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, പനോരമിക് സൺറൂഫ് തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്.
മൂന്നു നിരകളിലായി ആറും ഏഴും സീറ്റുള്ള വകഭേദങ്ങളിൽ സഫാരി ലഭ്യമാകും. ഹാരിയറിനെ പോലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിനാവും സഫാരിക്കും കരുത്തേകുക. 168 ബിഎച്ച്പി വരെ കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടായി ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ.
English Summary: Tata Safari waiting period creeping up