ADVERTISEMENT

അപകടങ്ങളുണ്ടാകുമ്പോൾ ജീവൻ പിടിച്ചു നിർത്തും സീറ്റ് ബെൽറ്റ് എന്നാണ് പറയുന്നത്. യാത്രക്കാർക്കുണ്ടാകുന്ന മരണകാരണമായ പരിക്കുകൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നത് സീറ്റ് ബെൽറ്റുകളാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ശബരിമല പാതയിൽ ഉണ്ടായ അപകടം. 

പോക്കറ്റ് റോഡിൽ നിന്ന് ശബരിമല പാതയിലേക്ക് വാഹനം കയറിയതോടെ സീറ്റ്ബെൽറ്റ് ധരിക്കാൻ ഭാര്യയും ഭർത്താവും തീരുമാനിച്ചു. വലിയൊരു അപകടത്തിൽ നിന്ന് അവരുടെ ജീവൻ രക്ഷിച്ചത് ഈ തീരുമാനമായിരുന്നു. വാങ്ങിയിച്ച് രണ്ടു ദിവസം മാത്രമായ വാഹനം റോഡിലെ തിട്ടയിലിടിച്ച് തലകീഴയായി മറിയുകയായിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഇരുവരും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ട് മാത്രമാണ് ഇവർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടത്.

ജീവിതത്തിലേക്കു പിടിച്ചുനിർത്തും ബെൽറ്റ്

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ നമ്മൾ സഞ്ചരിക്കുന്നു. അപ്പോൾ, നമ്മളും – നമ്മുടെ ശരീരവും – അതേവേഗത്തിലായിരിക്കും മുന്നോട്ടുപോകുന്നത്. ഈ വാഹനം പെട്ടെന്നു നിൽക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, എവിടെയെങ്കിലും ഇടിച്ചോ മറ്റോ) വാഹനത്തിന്റെ സ്പീഡ് നൂറിൽനിന്നു പൂജ്യത്തിലേക്കു പൊടുന്നനെ കുറയും. 

എന്നാൽ, വാഹനത്തിലുള്ള നമ്മുടെ വേഗം പൂജ്യത്തിലെത്തില്ല. അപ്പോൾ നമ്മൾ ഇരിപ്പിടത്തിൽനിന്നു മുന്നിലേക്ക് എടുത്തെറിയപ്പെടും; നൂറുകിലോമീറ്റർ വേഗത്തിൽത്തന്നെ. ഈ വേഗത്തിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അതു താങ്ങാനാകില്ല.  ഇതിനു പുറമേയാണ്, ആന്തരികാവയവങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടാകുന്ന ഗുരുതര പരുക്കുകൾ. ശ്വാസകോശം വാരിയെല്ലിൽ ഇടിക്കുന്നതും ഹൃദയം വാരിയെല്ലിൽ ഇടിക്കുന്നതുമൊക്കെ സാധാരണമാണ്.  ഇവിടെയാണു സീറ്റ് ബെൽറ്റ് അനുഗ്രഹമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നതുമൂലം നമ്മൾ സീറ്റിൽത്തന്നെ ഉറച്ചിരിക്കും, എടുത്തെറിയപ്പെടില്ല. 

സീറ്റ് ബൈൽറ്റ് ധരിച്ചാൽ, ഡ്രൈവറുടെയും മുൻസീറ്റിലിരിക്കുന്ന യാത്രക്കാരന്റെയും മരണസാധ്യത 45% കുറയുമെന്നു പഠനങ്ങൾ. ഗുരുതര പരുക്കിന്റെ സാധ്യത പകുതിയായും കുറയും.  കാറിലെ ഓട്ടമാറ്റിക് അല്ലാത്ത സുരക്ഷാ ഉപകരണങ്ങളിൽ, 90 ശതമാനത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഒന്നാണ് സീറ്റ്ബെൽറ്റ് എന്നാണ് അമേരിക്കൻ ഓട്ടമൊബീൽ അസോസിയേഷൻ പറയുന്നത്.  സീറ്റ് ബെൽറ്റ് ഇടാത്തയാൾ വാഹനാപകടങ്ങളിൽ പുറത്തേക്കു തെറിച്ചുവീഴാനുള്ള സാധ്യത 30 ഇരട്ടി. പുറത്തേക്കു തെറിച്ചുവീണവരിലെ മരണസാധ്യത അഞ്ചിരട്ടിയും. 

ധരിക്കേണ്ടത് ഇങ്ങനെ 

ശരീരത്തിനു കുറുകെ വരുന്ന ഭാഗം തോളിൽനിന്നു മറുവശത്തെ ഇടുപ്പിലേക്കു തന്നെയാകണം. അപകടസമയത്തു  ശരീരത്തിലുണ്ടാക്കുന്ന മർദം താങ്ങാൻ ഈ ഭാഗങ്ങൾക്കു കൂടുതൽ കഴിവുണ്ട്. ഒരുകാരണവശാലും സീറ്റ്ബെൽറ്റ് കഴുത്തിനു കുറുകെ ആകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടമുണ്ടാകുമ്പോൾ ബെൽറ്റ് കഴുത്തിൽ മുറുകാനിടയുണ്ട്.  

പിന്നിലാണെങ്കിലും...

കാറിന്റെ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണമെന്നു നിലവിൽ നമ്മുടെ നാട്ടിൽ നിയമമില്ല. പിന്നെന്തിനാണ് ഈ പുലിവാലെന്നു കരുതരുത്. പുറകിൽ സീറ്റ് ബെൽറ്റ് ഇടാതെ ഇരിക്കുന്നയാൾക്ക് അപകടമുണ്ടായാൽ കിട്ടാവുന്ന ഇടികൾക്കും പരുക്കുകൾക്കും കണക്കില്ല. 

English Summary: Kerala accident, seat belt saves two lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com