ഇവയൊക്കെ പറക്കുമോ? ലോകത്തെ അമ്പരപ്പിച്ച വിചിത്ര വിമാനങ്ങൾ
Mail This Article
പലകാലങ്ങളില്‍ അമ്പരപ്പിച്ചിട്ടുള്ള അതിസുന്ദരമായ വിമാനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പി 51 മഷ്താഗ്, സൂപ്പര്‍മറീന്‍ സ്പിറ്റ് ഫയര്‍, എഫ്15 ഈഗിള്‍ തുടങ്ങി ആ പട്ടിക നീണ്ടതാണ്. എന്നാല്‍ സുന്ദരമായ വിമാനങ്ങള്‍ മാത്രമല്ല ഇതെന്ത് ഡിസൈന്‍ എന്ന് തോന്നിപ്പിക്കും വിധമുള്ള വിമാനങ്ങളുടെ കൂടിയാണ് ചരിത്രം. ഒറ്റക്കാഴ്ച്ചയില്‍ അത്ഭുതപ്പെടുത്തുന്ന എന്നാല്‍ അധികം ആയുസ്സില്ലാതെ പോയ വിമാനങ്ങളാണ് ഈ പട്ടികയിലുള്ളത്.
കൈപ്പിഴ പോലെ ME 1109
ഒറ്റനോട്ടത്തില്‍ തന്നെ എന്തോ തകരാറ് പോലെ തോന്നിപ്പിക്കുന്ന വളഞ്ഞ ചിറകുകകളാണ് ഈ വിമാനത്തിനുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലങ്ങളില്‍ ജര്‍മന്‍ എൻജിനീയര്‍മാരാണ് ഈ വശപ്പിശകുള്ള വിമാനം ഡിസൈന്‍ ചെയ്തത്. വേഗത പരമാവധി കൂട്ടുകയെന്നതായിരുന്നു ലക്ഷ്യം. വായുവിലൂടെ ചലിക്കുമ്പോഴുള്ള പിന്നോട്ട് വലിയല്‍ പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ഈ ചരിഞ്ഞ ചിറകുകള്‍ ഡിസൈന്‍ ചെയ്തത്. എന്നാല്‍ ഈ വിമാനം നിര്‍മ്മാതാക്കളുടെ ആശയങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
കുഴലുപോലെ ഒരു വിമാനം
അലക്‌സാണ്ടര്‍ ലിപ്പിഷ് ഡിസൈന്‍ ചെയ്ത വിചിത്രമായൊരു വിമാനമായിരുന്നു എയറോഡെയ്ന്‍. ജെറ്റ് എൻജിന്‍ ഘടിപ്പിച്ച പറക്കുന്നൊരു കുഴലുപോലുള്ള ആകൃതിയായിരുന്നു ഇതിന്. പരീക്ഷണമാണ് ഡിസൈനര്‍ ഉദ്ധേശിച്ചതെന്ന് വ്യക്തം. ലോകത്തെ ആദ്യത്തെ റോക്കറ്റ് ഫൈറ്റര്‍ ME 163 കോമറ്റ് നിർമിച്ചതും അലക്‌സാണ്ടര്‍ ലിപ്പിഷായിരുന്നു. പലരും ഈ വിമാനത്തെ ചിറകില്ലാ വിമാനമെന്നായിരുന്നു വിളിച്ചിരുന്നത്. കുത്തനെ പറന്നുയരാനും ഇറങ്ങാനും ഈ വിമാനത്തിന് സാധിച്ചിരുന്നു. 1972 സെപ്തംബറില്‍ ഇതിന്റെ പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും പിന്നീട് പ്രായോഗികമല്ലെന്ന് കണ്ട് ഈ പദ്ധതി വേണ്ടെന്നുവെക്കുകയായിരുന്നു.
ചിറകിലിരിക്കുന്ന പൈലറ്റ്
അന്നുവരെ കണ്ടുവന്നിരുന്ന വിമാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ബ്ലോഹം ആന്റ് വോസ് ബിവി 141ന്റെ ഡിസൈന്‍. വിമാനങ്ങള്‍ നിർമിക്കുമ്പോള്‍ ഇരുവശങ്ങളും തുല്യമായിരിക്കണമെന്ന ചിന്തയെ പോലും വെല്ലുവിളിക്കും വിധമായിരുന്നു ഇവ നിര്‍മ്മിച്ചത്. വിമാനം നിയന്ത്രിക്കുന്നവര്‍ക്ക് ഇരിക്കാനുള്ള സ്ഥലം നിര്‍മ്മിച്ചത് ഇതിന്റെ ഒരു ചിറകിന് മുകളിലായിരുന്നു. വിമാനം പറത്തുന്ന പൈലറ്റ്, നിരീക്ഷിക്കുന്നയാള്‍, ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നയാള്‍ തുടങ്ങി മൂന്നു പേരടങ്ങുന്ന സംഘത്തിനാണ് ചിറകിന് മുകളില്‍ ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നത്. ഇത്തരത്തിലുള്ള നിരവധി വിമാനങ്ങള്‍ നിർമിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നു പോലും പൂര്‍ണ്ണ രൂപത്തില്‍ രണ്ടാം ലോക മഹായുദ്ധത്തെ അതിജീവിച്ചില്ല. യുദ്ധത്തിനിടെ ഈ വിമാനങ്ങളുടെ പല ഭാഗങ്ങളും സഖ്യകക്ഷി സേന കണ്ടെടുത്തിട്ടുണ്ട്.
'പാരസൈറ്റ്' വിമാനം
'പാരസൈറ്റ്' എന്ന വിളിപ്പേരില്‍ തന്നെ McDonnell XF-85 എന്ന പോര്‍ വിമാനത്തിന്റെ വിചിത്ര രൂപത്തെക്കുറിച്ച് സൂചനയുണ്ട്. ഡിസൈന്‍ മാത്രമല്ല ഇതിന് പിന്നില്‍. ആകാശത്തുവെച്ച് കൊണ്‍വെയര്‍ ബി 36 ബോംബര്‍ വിമാനങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തേക്കും തിരിച്ചും വരാന്‍ ശേഷിയുള്ള രീതിയിലായിരുന്നു മക്‌ഡോണല്‍ എക്‌സ്എഫ്-85 നിർമിച്ചിരുന്നത്. പരോപജീവിയെന്ന വിളിപ്പേരിന് വേറൊരു കാരണം വേണ്ടല്ലോ. വലിയ പോര്‍വിമാനങ്ങളെ ബോംബര്‍ വിമാനങ്ങളുടെ സംഘങ്ങള്‍ ആക്രമിക്കുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് മക്‌ഡോണല്‍ എക്‌സ്എഫ്-85 നിര്‍മ്മിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ പോര്‍വിമാനങ്ങളില്‍ നിന്നും വേര്‍പെട്ടുപോയി പ്രത്യാക്രമണം നടത്തുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്യുക എന്നതായിരുന്നു ആശയം. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇത് നിർമിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് 1949ല്‍ ഈ പാരസൈറ്റ് വിമാന പദ്ധതി ഒഴിവാക്കപ്പെട്ടു.
മുങ്ങിക്കപ്പലുകളുടെ അന്തകന്‍
1970കളിലാണ് മുങ്ങിക്കപ്പലുകളെ വേട്ടയാടാനായി സോവിയറ്റ് യൂണിയന്‍ ബാര്‍ട്ടിനി ബെറീവ് വിവിഎ-14 എന്ന വിമാനം നിര്‍മ്മിക്കുന്നത്. ഭൂമിയില്‍ തട്ടുന്ന നിലയിലുള്ള ചിറക് വിമാനത്തെ വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനും പര്യാപ്തമാക്കാന്‍ വേണ്ടിയായിരുന്നു. വെള്ളത്തില്‍ പറന്നിറങ്ങാനും പറന്നുയരാനുമുള്ള ശേഷി വിവിഎ 14നുണ്ടായിരുന്നു. ദീര്‍ഘദൂരം അതിവേഗത്തില്‍ മറികടക്കാനുള്ള ശേഷിയായിരുന്നു മറ്റൊരു പ്രത്യേകത.
റോബര്‍ട്ട് ബാര്‍ട്ടിനി നിർമിച്ച ഈ വിമാനത്തിന്റെ രണ്ട് മാതൃകകളും നിർമിച്ചിരുന്നു. ഇതുരണ്ടും 100 പരീക്ഷണ പറക്കലുകളും പൂര്‍ത്തിയാക്കി. എന്നാല്‍ റോബര്‍ട്ട് ബാര്‍ട്ടിനിയുടെ മരണത്തെ തുടര്‍ന്ന് അനാഥമായ ഈ വിമാന സങ്കല്‍പം 1980കളില്‍ സോവിയറ്റ് യൂണിയന്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്ന ഒരു വിവിഎ 14 മുന്‍ സോവിയറ്റ് യൂണിയന്‍ വ്യോമസേനയുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇജക്ടര്‍ സീറ്റുള്ള സാബ് 21
1940കളിലാണ് ഈ വ്യത്യസ്ത രൂപത്തിലുള്ള വിമാനം സ്വീഡന്‍ വികസിപ്പിക്കുന്നത്. പത്തു വര്‍ഷത്തോളം സജീവമായി സേവനത്തിലുണ്ടായിരുന്ന SAAB 21 രണ്ടാം ലോകമഹായുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. പൈലറ്റിന് വിശാലമായ മുന്‍കാഴ്ച്ച നല്‍കുന്ന രീതിയിലായിരുന്നു വിമാനത്തിന്റെ ഡിസൈന്‍. വിമാനം തകരുമെന്ന ഘട്ടത്തില്‍ സീറ്റ് അടക്കം പുറത്തേക്ക് തെറിക്കാന്‍ പൈലറ്റിനെ സഹായിക്കുന്ന ഇജക്ടര്‍ സീറ്റും സാബ് 21ന്റെ പ്രത്യേകതയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പുതിയ വിമാനങ്ങള്‍ വന്നതോടെ ഈ വിമാനത്തിന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു.
നാസിപ്പടയുടെ 'അമ്പ്'
രണ്ടാം ലോകമഹായുദ്ധത്തിനിടെ ജര്‍മ്മന്‍ നാസിപ്പടക്കുവേണ്ടി ഡോര്‍ണിയര്‍ കമ്പനിയാണ് Do 335 വിമാനം നിര്‍മ്മിച്ചത്. രൂപത്തിന്റെ പ്രത്യേകതകൊണ്ട് 'അമ്പ്' എന്ന വിളിപ്പേര് ഈ വിമാനത്തിനുണ്ടായിരുന്നു. മുന്നിലും പിന്നിലുമുള്ള വലിയ പ്രൊപ്പല്ലറുകളായിരുന്നു ഒറ്റനോട്ടത്തില്‍ കാണാവുന്ന പ്രത്യേകത. ഈ വിമാനത്തിനും മറ്റുമാര്‍ഗ്ഗങ്ങളില്ലാത്ത അവസരത്തില്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഇജക്ടര്‍ സീറ്റുകള്‍ ഉണ്ടായിരുന്നു. മണിക്കൂറില്‍ 846 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ഈ വിമാനത്തിന് സാധിച്ചിരുന്നു.
ഹെലിക്കോപ്റ്റര്‍ + വിമാനം = എഡ്‌ഗ്ലെ ഒപ്റ്റിക
ഹെലികോപ്റ്ററും വിമാനവും ചേര്‍ന്നൊരു ഡിസൈനാണ് എഡ്‌ഗ്ലെ ഒപ്റ്റികയുടേത്. ഹെലികോപ്റ്ററിന് പകരം വെക്കാവുന്ന ചിലവ് കുറഞ്ഞ നിരീക്ഷണ വിമാനം എന്ന ആശയമാണ് ബ്രിട്ടീഷ് വ്യോമയാന കമ്പനി ഒപ്റ്റിക വഴി പ്രാവര്‍ത്തികമാക്കിയത്. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റര്‍ മാത്രമായിരുന്നു ഈ വിമാനത്തിന്റെ വേഗത. ജോണ്‍ എഡ്‌ഗ്ലെ നിര്‍മ്മിച്ച ഈ വിമാനം 1970കളിലാണ് ആദ്യമായി പറന്നത്. 1980കളില്‍ ആകെ ഇരുപതോളം വിമാനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ഇതില്‍ പത്തെണ്ണം പിന്നീട് നിർമാണ സ്ഥലത്തുണ്ടായ അപകടത്തില്‍ നശിച്ചു.
റോക്കറ്റിന് ചിറക് വെച്ച ലെഡുക് 0.21
റോക്കറ്റിന് ചിറകുവെച്ചതുപോലുള്ള ഡിസൈനാണ് ലുഡെക് 0.21ന്റേത്. തണ്ടര്‍ബേഡ് 1ന്റെ പ്രചോദനത്തില്‍ ഫ്രാന്‍സില്‍ 1950കളിലായിരുന്നു ഈ വിചിത്ര വിമാനം നിർമിക്കപ്പെട്ടത്. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ വിമാനത്തിന് ശേഷിയുണ്ടായിരുന്നു. സ്വന്തമായി പറന്നുയരാന്‍ ശേഷിയില്ലാത്ത വിമാനമായിരുന്നു ലുഡെക് 0.21. മറ്റു വിമാനങ്ങളില്‍ കെട്ടിവലിച്ചാണ് ഇത് ആകാശത്തേക്ക് ഉയര്‍ത്തിയിരുന്നത്. റെനേ ലുഡെക് ഡിസൈന്‍ ചെയ്ത ഈ വാഹനത്തിന്റെ രണ്ടു വര്‍ക്കിംങ് മോഡലുകളാണ് നിര്‍മ്മിച്ചിരുന്നത്.
ചിറകുകളാല്‍ സമ്പന്നമായ പ്രോട്ടീയുസ് മോഡല്‍ 281
ഒരു വിമാനത്തിന്റെ ചിറകുകള്‍ക്ക് ഇത്രയും പ്രാധാന്യമോ എന്ന് തോന്നിപ്പിക്കും വിധമുള്ള ഡിസൈനായിരുന്നു പ്രോട്ടിയുസ് മോഡല്‍ 281ന്റേത്. ഏതാണ്ട് 16700 കിലോമീറ്റര്‍ വരെ ഉയരത്തില്‍ 18 മണിക്കൂറിലേറെ പറക്കാനുള്ള ശേഷിയുള്ള വിമാനമായിരുന്നു ഇത്. വാര്‍ത്താ വിനിമയ സൗകര്യങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ വിമാനം പല ദൗത്യങ്ങള്‍ക്കും പിന്നീട് നിയോഗിക്കപ്പെട്ടു. 1998ല്‍ നിര്‍മ്മിക്കപ്പെട്ട ഈ വിമാനത്തിന്റെ ഉടമസ്തത നോര്‍ത്രോപ് ഗ്രുമ്മനാണ്. നാസ അടക്കമുള്ളവര്‍ പല ഗവേഷണങ്ങള്‍ക്കും ഈ കാര്യക്ഷമതയുള്ള വിമാനത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 5670 കിലോഗ്രാം ഭാരം വഹിച്ച് മാക് 0.55(മണിക്കൂറില്‍ ഏതാണ്ട് 680 കിലോമീറ്റര്‍) വേഗത്തില്‍ വരെ ഇത് സഞ്ചരിച്ചിട്ടുണ്ട്. ആകെ ഒന്നേ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളൂവെങ്കിലും ഉയരങ്ങളിലെ പറക്കലിന്റെ കാര്യത്തില്‍ പല റെക്കോഡുകളും ഈ വിമാനം നേടിയിട്ടുണ്ട്.