ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഒരു വർഷത്തിനകം ടോൾ ബൂത്തുകൾ നിർത്തലാക്കുമെന്നും വാഹനങ്ങളിൽ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിച്ചുള്ള ടോൾ പിരിവു സംവിധാനം വരുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 

സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം ടോൾ നൽകിയാൽ മതിയാകും. ടോൾ ഉള്ള ഭാഗത്തു വാഹനം കയറിയാൽ എത്രദൂരം സഞ്ചരിച്ച ശേഷമാണോ ടോൾ പാത വിടുന്നത് അത്രയും ദൂരത്തിന് ഈടാക്കേണ്ട തുക ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കും. ജിപിഎസ്– ജിപിആർഎസ് സംവിധാനം അടിസ്ഥാനമാക്കിയാകും വാഹന നീക്കം നിരീക്ഷിക്കുക. ഇന്ത്യ വികസിപ്പിച്ച ‘നാവിക്’ എന്ന ഗ്ലോബൽ പൊസിഷനിങ് സംവിധാനവും പരിഗണിക്കുന്നു. നിലവിലുള്ള പഴയ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കുന്നതും പരിഗണിക്കും. വ്യക്തികളുടെ സ്വകാര്യതയും ഉറപ്പാക്കും.

2019 മുതൽ ഇറങ്ങുന്ന വാണിജ്യ വാഹനങ്ങളിൽ ജിപിഎസ് ഉണ്ടെങ്കിലും പ്രവർത്തന സജ്ജമാക്കിയിട്ടില്ല. ഭാവിയിൽ ഇത് എല്ലാ വാഹനങ്ങൾക്കും നിർബന്ധമാക്കും. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചുവിൽക്കാനും ഉപയോഗത്തിൽ തുടരുന്നവയ്ക്ക് റീ റജിസ്ട്രേഷൻ–ഫിറ്റ്നസ് ടെസ്റ്റ് നിരക്കുകൾ വർധിപ്പിക്കാനും നിർദേശിക്കുന്ന പൊളിച്ചുവിൽക്കൽ നയം ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

നടപ്പാക്കുന്നത് ജപ്പാൻ, യൂറോപ്പ് മാതൃക

ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കിയത് 1997ൽ ഹോങ്കോങ്ങിലാണ്. പിന്നീട് ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലും നടപ്പാക്കി. പാതകളിലെ ഇലക്ട്രോണിക് കവാടത്തിനടിയിലൂടെ കടന്നുപോകുമ്പോൾ ടോൾ പിരിക്കുന്ന രീതിയാണ് യുഎഇയിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com