ഈ ഓട്ടോക്കാരെന്താ ഇങ്ങനെ? അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ: വിഡിയോ
Mail This Article
സിസിടിവി ദൃശ്യങ്ങൾ പലപ്പോഴും വാഹനാപകടങ്ങളിലെ പ്രധാന തെളിവാണ്. പലപ്പോഴും അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കാണുമ്പോഴായിരിക്കും കുറ്റക്കാരൻ ആരാണെന്ന് മനസിലാകുക. അത്തരത്തിൽ കണ്ണൂരിലെ ഇരിക്കൂർ ചാലോട് നടന്ന അപകടത്തിന്റെ ദൃശ്യമാണ് ഇത്.
വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതാണ് എന്നാകും പെട്ടെന്ന് ആളുകൾ ചിന്തിക്കുക. എന്നാൽ ദൃശ്യങ്ങളിൽ നിന്നാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നു മനസിലാകും. റോഡിൽ യൂടേൺ എടുക്കുന്ന ഓട്ടോറിക്ഷ കാർ വരുന്നത് ശ്രദ്ധിക്കാതിരുന്നതാണ് അപകടകാരണം. മറ്റു വാഹനങ്ങള്‍ക്ക് അപകടമുണ്ടാകാതിരിക്കാൻ വെട്ടിച്ച് മാറ്റി കാർ ഡ്രൈവർ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഓട്ടോ ചേട്ടൻമാരേ.. ഇതൊന്നു ശ്രദ്ധിക്കണേ
ഓട്ടോറിക്ഷകൾ (3 ചക്രവാഹനങ്ങള്‍) ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും, വസ്തുതകളും
(കേരള പൊലീസ് നിർദ്ദേശങ്ങള്‍)
പെട്ടെന്നുള്ള ഇടം വലം തിരിയലുകളും യു ടേൺ എടുക്കലുകളും ഒഴിവാക്കുക. അമിതവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടക്കാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.
റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. വലതുവശത്തുകൂടി മാത്രം മറ്റുവാഹനങ്ങളെ മറികടക്കുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി പ്രവർത്തിപ്പിച്ചു വണ്ടി ഓടിക്കാതിരിക്കുക.
വശങ്ങളിലേക്ക് തിരിയുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ ശ്രമിക്കുന്നതിന് അൽപം മുൻപും സിഗ്നലുകൾ ഇടാൻ ശ്രമിക്കുക. പുറകില്‍ നിന്നു വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം, അപകടം ഉണ്ടാവില്ല എന്നുറപ്പുവരുത്തി വശങ്ങളിലേക്ക് തിരിയുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യുക. മറ്റു വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അവർക്ക് പ്രതികരിക്കാന്‍ സമയം നല്‍കണം. ഇടത്തേക്കും വലത്തേക്കും വെട്ടിക്കുമ്പോഴും യു ടേൺ എടുക്കുമ്പോഴും അപകടസാദ്ധ്യതയുണ്ട് എന്ന കാര്യം എപ്പോഴും ഓര്‍ക്കുക.
വഴിവക്കില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്‍പായി പുറകില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പു വരുത്തുക. കൂടാതെ മറ്റു വാഹനങ്ങൾക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്നല്‍ നല്‍കിയ ശേഷം മാത്രം വാഹനം നിര്‍ത്തുകയോ, തിരിക്കുകയോ ചെയ്യുക. തിരിവുകളും യു ടേണുകളും അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ അതിന് ശ്രമിക്കരുത്.
ഓട്ടോറിക്ഷകളുടെ പരമാവധി വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ 30 കിലോമീറ്റർ, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നീ സ്ഥലങ്ങളില്‍ 30 കിലോമീറ്റർ, ഗ്രാമീണ റോഡുകളിൽ 35 കിലോമീറ്റർ, സംസ്ഥാന-ദേശീയ ഹൈവേകളിലും നാലുവരി പാതകളിലും 50 കിലോമീറ്റർ, മറ്റു സ്ഥലങ്ങളില്‍ 40 കിലോമീറ്റർ എന്നിങ്ങനെയാണ്. ഈ വേഗപരിധി മറികടക്കുന്നത് നിയമവിരുദ്ധവും, അപകടകരവുമാണ്.
വളവുകളിലും കവലകളിലും മറ്റു വാഹനങ്ങളെ മറികടക്കരുത്. മറ്റ് വാഹനങ്ങൾ നിങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോള്‍ വേഗം കുറയ്ക്കുകയും ശരിയായ രീതിയില്‍ മറികടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.
പ്രധാന റോഡിലേക്ക് കയറുമ്പോള്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീട് വലത്തോട്ടും നോക്കി മെയിന്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് മാത്രം പ്രവേശിക്കുക.
ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ അതു കൂടുതല്‍ ദുഷ്കരമാക്കുന്ന രീതിയിലോ ഗതാഗതം സ്‌തംഭിപ്പിക്കുന്ന രീതിയിലോ പ്രവർത്തിക്കാതിരിക്കുക. അൽപം സംയമനവും അച്ചടക്കവും പാലിച്ച് ഓട്ടോറിക്ഷ നിര്‍ത്തിയാല്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പോലും അവ ഒഴിവാക്കുവാന്‍ സാധിക്കും. അറിയാം.. നിങ്ങളോടുന്നത് അന്നത്തിനു വേണ്ടിയാണ്... പക്ഷേ, അത് മറ്റുള്ളവന്റെ കണ്ണീരുവീഴ്ത്തികൊണ്ടാകരുത്.
English Summary: Auto Rickshaw Driver Negligence Caused Accident