ഫോഡിന് സൂപ്പർ ലോട്ടോ; എസ്യുവിയുടെ വില 43.66 ലക്ഷം, ആദ്യ മോഡൽ വിറ്റത് 7.8 കോടി രൂപയ്ക്ക്
Mail This Article
മഹീന്ദ്ര ഥാറിന്റെ ആദ്യ പതിപ്പ് 1.11 കോടി രൂപയ്ക്ക് വിറ്റുപോയ വാർത്ത അദ്ഭുതത്തോടെയാണ് നാം വായിച്ചത്. ഏകദേശം 15 ലക്ഷം രൂപ വരുന്ന വാഹനം പൊന്നും വിലയ്ക്ക് സ്വന്തമാക്കിയ ഡൽഹി സ്വദേശി അന്നു വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഫോഡിന്റെ എസ്‌യുവി ബ്രോങ്കോയും കണ്ണു തള്ളുന്ന വിലയ്ക്ക് ലേലത്തിൽ വിറ്റിരിക്കുന്നു.
അമേരിക്കയിലാണ് ലേലം നടന്നത്. 10.75 ലക്ഷം ഡോളറിനാണ് (ഏതാണ്ട് 7.8 കോടിരൂപ) ഫോഡിന്റെ എസ്‍യുവിയായ ബോങ്കോ ലേലത്തില്‍ പോയിരിക്കുന്നത്. ഫോഡ് ബ്രോങ്കോ 2021ന്റെ ആദ്യ എഡിഷന്‍ പുറത്തിറക്കുന്ന വിവരം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കമ്പനി അറിയിച്ചത്. ആദ്യം 3500 മോഡലുകള്‍ക്കുള്ള ബുക്കിങ് ചൂടപ്പം പോലെ തീര്‍ന്നപ്പോള്‍ കമ്പനി വാഹനങ്ങളുടെ എണ്ണം 7000 ആക്കി. അപ്പോഴും ആവശ്യക്കാര്‍ക്ക് കുറവുണ്ടായില്ലെങ്കിലും കൂടുതല്‍ വാഹനങ്ങള്‍ ഇറക്കുന്നില്ലെന്ന് തീരുമാനിച്ച ഫോഡ് തങ്ങളുടെ വാഹനത്തിന്റെ ആദ്യ പതിപ്പ് ലേലത്തിന് വയ്ക്കുകയും ചെയ്തു.
ഇരട്ട ഡോറുള്ള ഫോര്‍ഡ് ബോങ്കോയ്ക്ക് 59,305 ഡോളറും (ഏതാണ്ട് 43.66 ലക്ഷം രൂപ) നാലു ഡോറുകളുള്ളതിന് 63,500 ഡോളറുമാണ് (ഏതാണ്ട് 46.75 ലക്ഷം രൂപ) കമ്പനി വില. ലേലത്തിലൂടെ ലഭിച്ച അധിക തുക നാഷണല്‍ ഫോറസ്റ്റ് ഫൗണ്ടേഷനും വിദ്യാഭ്യാസ എന്‍ജിഒയായ ഔട്ട്‌വേഡ് ബോണ്ടിനുമാകും ഫോഡ് നല്‍കുക.
'ഒമ്പത് വാഹനങ്ങളാണ് ഞങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭിക്കുന്നതിനായി ഇക്കുറി ലേലത്തില്‍ വച്ചത്. ഇതില്‍ ഫോഡ് ബ്രോങ്കോയുടെ 2021 എഡിഷനിലെ ആദ്യ വാഹനത്തിനാണ് റെക്കോഡ് പണം ലഭിച്ചത്. സഹായം ഏറ്റവും ആവശ്യമുള്ളവര്‍ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ഇനിയും തുടരും'' എന്നായിരുന്നു ലേലത്തെക്കുറിച്ച് ലേലം നടത്തിപ്പുകാരായിരുന്ന ബാരെറ്റ് ജാക്‌സണ്‍ കമ്പനിയുടെ സിഇഒ പ്രതികരിച്ചത്.
ഫോഡ് ബോങ്കോ 2021 ന്റെ ആദ്യ എഡിഷനില്‍ മാത്രമായി ലൈറ്റ്‌നിങ് ബ്ലൂ നിറമുള്ള വാഹനങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. Lux, Sasquatch പാക്കേജുകള്‍ 2021 ബോങ്കോ ഫസ്റ്റ് എഡിഷനില്‍ ലഭ്യമാണ്. ഹീറ്റഡ് ലെതര്‍ ഇരിപ്പിടങ്ങളും ബി ആന്റ് ഒ സൗണ്ട് സിസ്റ്റവും 12 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേയും വാഹനത്തിനുണ്ട്. മുകള്‍ഭാഗം ആവശ്യമെങ്കില്‍ ഊരിയെടുക്കാനുള്ള സൗകര്യവുമുണ്ട്.
രണ്ടു എൻജിൻ ഓപ്ഷനുകളാണ് ഫോര്‍ഡ് ബ്രോങ്കോ 2021ലുള്ളത്. 2.3 ലിറ്റര്‍ എക്കോബൂസ്റ്റ് 4 സിലിണ്ടറും 2.7 ലീറ്റര്‍ എക്കോബൂസ്റ്റ് 6 സിലിണ്ടര്‍ വി6 ഉം. ആദ്യത്തേതിന് 270 എച്ച്പിയും 420 എൻഎമ്മുമാണെങ്കിൽ രണ്ടാമത്തെ ശക്തിയേറിയ എൻജിന് 310 കുതിരശക്തിയും 542 എൻഎം ടോര്‍ക്കുമാണ് ഉള്ളത്. 7 സ്പീഡിലും 10 സ്പീഡിലും വാഹനം ലഭ്യമാണ്. രണ്ടു എൻജിനുകളും 4x4 ഡ്രൈവാണ്.
English Summary: Ford Bronco 1st Unit Auctioned For 7.8 Crore