ADVERTISEMENT

ആദ്യ വൈദ്യുത വാഹനമായി  പുത്തൻ ക്രോസോവർ അനാവരണം ചെയ്തു ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ. ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാൻ പ്രാപ്തിയുള്ള സവിശേഷ പ്ലാറ്റ്ഫോമിലാണു കിയയുടെ ആദ്യ വൈദ്യുത മോഡലായ ഇ വി സിക്സിന്റെ വരവ്. യു എസ് നിർമാതാക്കളായ ടെസ്‍ലയുടെ എൻട്രി ലവൽ വൈദ്യുത സെഡാനുകളോടു കിട പിടിക്കുംവിധത്തിൽ 4.50 കോടി വോൺ(ഏകദേശം 29.11 ലക്ഷം രൂപ) മുതൽ 5.50 കോടി വോൺ(35.58 ലക്ഷത്തോളം രൂപ) വരെയാണ് ‘ഇ വി സിക്സി’നു വില.

kia-ev6-1

മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടോർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം(ഇ – ജി എം പി) ആണു കിയയുടെ വൈദ്യുത ക്രോസോവറായ ഇ വി സിക്സിനും അടിത്തറയാവുന്നത്. കഴിഞ്ഞ മാസം ഹ്യുണ്ടേയ് അനാവരണം ചെയ്ത അയോണിക് ഫൈവും ഇതേ പ്ലാറ്റ്ഫോമിലാണു സാക്ഷാത്കരിച്ചിരിക്കുന്നത്. രണ്ടു ബാറ്ററി പായ്ക്ക് സാധ്യതകളോടെയാവും ഇ വി സിക്സിന്റെ വരവ്. സാധാരണ 58 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും സഞ്ചാര പരിധി(റേഞ്ച്)യേറിയ 77.4 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും. 800 വോൾട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന, ലോങ് റേഞ്ച് മോഡലിന് ഒറ്റ ചാർജിൽ 510 കിലോമീറ്റർ പിന്നിടാനാവുമെന്നാണു കിയയുടെ വാഗ്ദാനം. ഹ്യുണ്ടേയ്യുടെ ‘അയോണിക് ഫൈവ്’ ഓരോ ചാർജിലും 430 കിലോമീറ്റർ ഓടുന്ന സ്ഥാനത്താണിത്. 

kia-ev6-3

വെറും 18 മിനിറ്റിനകം കാറിലെ ബാറ്ററി 80% ചാർജ് ചെയ്യാനാവുമെന്നും കിയ ഉറപ്പു നൽകുന്നു. സാധാരണ വൈദ്യുത കാറുകളെ അപേക്ഷിച്ച് അധിക സ്ഥലസൗകര്യവും ‘ഇ വി സിക്സി’ൽ കിയ വാഗ്ദാനം ചെയ്യുന്നു. വൈദ്യുതീകരണത്തിലേക്കുള്ള പരിവർത്തനം പ്രതിഫലിപ്പിക്കുന്ന സവിശേഷ രൂപകൽപ്പനയാണു കാറിനായി കിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കൊല്ലം 30,000 ‘ഇ വി സിക്സ്’ വിൽക്കാനാണു കിയ ലക്ഷ്യമിടുന്നത്. മുന്തിയ വകഭേദം കൂടിയെത്തുന്നതോടെ അടുത്ത വർഷം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് കവിയുമെന്നും കിയ കരുതുന്നു. 

kia-ev6-2

വൈദ്യുത വാഹന വിഭാഗത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി 2026നകം 11 ഇ വികൾ പുറത്തിറക്കാനാണ് കിയ ലക്ഷ്യമിടുന്നത്. നിലവിൽ ഗ്യാസ്, സങ്കര ഇന്ധന വകഭേദങ്ങൾക്കൊപ്പം ‘നിരൊ’യും ‘സോളും’ കിയ ഇ വി പതിപ്പായും വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. വാഹന നിർമാതാക്കളെന്ന നിലയിൽ നിന്ന് പുതുമയുള്ള യാത്രാസാധ്യതകൾ ലഭ്യമാക്കുന്നവർ എന്ന നിലയിലേക്കുള്ള പരിവർത്തനം പ്രഖ്യാപിച്ച ശേഷം കിയ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് ‘ഇ വി സിക്സ്’ എന്നു കമ്പനി പ്രസിഡന്റ് സോങ് ഹോ സങ് വെളിപ്പെടുത്തി. 2030ൽ മൊത്തം വിൽപനയുടെ 40% പരിസ്ഥിതി സൗഹൃദ മോഡലുകളിൽ നിന്നാവണമെന്നു ലക്ഷ്യമിട്ട ശേഷം കിയ വികസിപ്പിച്ച പ്രതീകാത്മക മോഡലുമാണ് ‘ഇ വി സിക്സ്’. 

English Summary: Kia reveals new design philosophy and full images of EV6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com