പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടേയ് പ്രീമിയം 7 സീറ്റ് എസ്‍യുവി അൽക്കസർ, ഉടൻ വിപണിയിൽ
Mail This Article
പ്രീമിയം എസ്‍യുവി അൽക്കസറിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബോൾഡായ സി പില്ലർ എന്നിവ പുതിയ വാഹനത്തിലുണ്ട്. മികച്ച സൗകര്യങ്ങളുമായാണ് പുതിയ എസ്‍യുവി വിപണിയിലെത്തുക എന്ന് ഹ്യുണ്ടേയ് പ്രഖ്യാപിച്ചിരുന്നു. രണ്ടാം മൂന്നാം നിര സീറ്റിലെ യാത്രക്കാർക്ക് മികച്ച സ്ഥലസൗകര്യം എസ്‍യുവി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് ഹ്യുണ്ടേയ് പറയുന്നത്.
ക്രേറ്റയെ അടിസ്ഥാനപ്പെടുത്തി ഹ്യുണ്ടേയ് നിർമിക്കുന്ന 7 സീറ്റ് എസ്‍യുവി അൽക്കസറിന്റെ ആദ്യ പ്രദർശനം ഏപ്രിൽ 6ന് നടക്കുമെന്ന് ഹ്യുണ്ടേയ് പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര വിപണിയ്ക്കായി ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനം മേയ് മാസത്തിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി അവസാനമാണ് ഹ്യുണ്ടേയ് പുതിയ വാഹനത്തിന്റെ പേര് വെളിപ്പെടുത്തിയത്.
സ്പാനിഷ് കൊട്ടാരത്തിന്റെ പേരിൽ നിന്നാണ് എസ്‌യുവിയ്ക്ക് അൽക്കസർ എന്ന പേര് ഹ്യുണ്ടേയ് കണ്ടുപിടിച്ചത്. പ്രീമിയവും മികച്ച സ്ഥല സൗകര്യവും ആഡംബരം നിറഞ്ഞതുമായ എസ്‌യുവിക്ക് ഏറ്റവും ചേർന്ന പേരാണ് അൽക്കസർ എന്ന് ഹ്യുണ്ടേയ് പറയുന്നു.
പുതിയ വാഹനത്തിന്റെ നിർമാണവും ആദ്യമായി പുറത്തിറങ്ങുന്നതും ഇന്ത്യയിൽ തന്നെയായിരിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിരിക്കുന്നത്. മികച്ച സ്റ്റൈലും ഉഗ്രൻ ഇന്റീരിയറുമായി എത്തുന്ന വാഹനത്തിന് കണക്റ്റുവിറ്റി അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടാകും. ഏഴ്, ആറ് സീറ്റ് വകഭേദങ്ങളിൽ വാഹനം വിപണിയിലെത്തും.
കിയ സെല്‍റ്റോസിനും ഹ്യുണ്ടേയ് ക്രെറ്റയ്ക്കും അടിസ്ഥാനമാകുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും അല്‍ക്കസര്‍ നിർമിക്കുന്നത്. ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും പുതിയ വാഹനത്തിൽ. ടാറ്റ ഗ്രാവിറ്റാസ്, എംജി ഹെക്ടർ പ്ലസ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും അൽക്കസർ മത്സരിക്കുക.
English Summary: Hyundai Alcazar 7-Seater SUV Showcased In A Unique Castle Themed Camouflage Ahead Of Global Debut