വില 3.26 ലക്ഷം രൂപ, 170 കി.മീ റേഞ്ച്; ഇന്ത്യയിലെത്തുമോ എംജിയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ?
Mail This Article
സിഎസ് എന്ന ഇലക്ട്രിക് ഇന്റർനെറ്റ് എസ്‍യുവിയിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ അരങ്ങേറിയ എംജി വില കുറഞ്ഞ ഇ കാർ പുറത്തിറക്കാനൊരുങ്ങുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 15 മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള മോഡലും ചെറു ഇവിയും എംജി ഇന്ത്യയിൽ പുറത്തിറക്കിയേക്കും എന്നാണ് സൂചന. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ എംജി പ്രദർശിപ്പിച്ച ഇ200നെയോ ഹോങ് ഗ്വാങ് മിനിയെയോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.
ചൈനീസ് വിപണിയിൽ ടെസ്‌ലയെ പിന്തള്ളി ആഗോളതലത്തിൽതന്നെ ഏറ്റവുമധികം വിൽപനയുള്ള വൈദ്യുത വാഹന(ഇവി)മെന്ന പെരുമയാണു വുലിങ്ങിന്റെ മിനി സ്വന്തമാക്കിയിരുന്നു. ചൈനയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായ മിനിക്ക് 28,800 യുവാനാണ് വില (3.26 ലക്ഷം രൂപ).
ചൈനയിലെ പൊതുമേഖല സ്ഥാപനമായ ‘സായ്കും’ വുലിങ് മോട്ടോഴ്സും യുഎസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സും ചേർന്നുള്ള സംയുക്ത സംരംഭമാണ് ‘ഹോങ് ഗ്വാങ് മിനി’ ഇവി നിർമിക്കുന്നത്. ചൈനീസ് വിപണിയിൽ വുലിങ് എന്ന ചുരുക്കപ്പേരിലാണ് ഈ കമ്പനി അറിയപ്പെടുന്നത്. വലുപ്പത്തിലും ‘മിനി ഇ വി’ തീർത്തും ചെറുകാറാണ്. 2921 എംഎം നീളവും 1499 എംഎം വീതിയും 1626 എം എം ഉയരവുമാണു കാറിനുള്ളത്. 1940 എംഎം വീൽ ബേസുള്ള കാറിന്റെ ഭാരമാവട്ടെ 665 കിലോഗ്രാം മാത്രമാണ്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ കാറിനാവുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം; പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ.
സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായ ഇലക്ട്രിക് കാർ വിപണിയിൽ വില കുറഞ്ഞ വാഹനം പുറത്തിറക്കി ആധിപത്യം സ്ഥാപിക്കാനായിരിക്കും എംജി ശ്രമിക്കുക.
English Summary: MG Looking at More Affordable EVs