14 മാസം, 4000 യൂണിറ്റ്; ഇലക്ട്രിക് വാഹന ലോകത്തെ സൂപ്പർതാരമാണ് നെക്സോൺ
Mail This Article
രാജ്യത്ത് ഏറ്റവും മികച്ച വിൽപ്പന നേടുന്ന വൈദ്യുത വാഹന(ഇ വി)മെന്ന പെരുമ ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് എസ് യു വിയായ നെക്സോൺ ഇവിക്ക്. 2020 ജനുവരി 28ന് അരങ്ങേറിയ നെക്സോൺ ഇ വിക്കു മികച്ച സ്വീകാര്യതയാണ് ഇന്ത്യൻ വാഹന വിപണിയിൽ ലഭിച്ചതെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.
നിരത്തിലെത്തി ഏഴു മാസത്തിനകം ഓഗസ്റ്റ് 18ന് ‘നെക്സൻ ഇ വി’ വിൽപന 1,000 യൂണിറ്റ് പിന്നിട്ടു. 2020 ഡിസംബർ രണ്ടിനാവട്ടെ വിൽപന 2,000 യൂണിറ്റ് കടന്നു. മാർച്ച് അവസാനവാരമെത്തിയതോടെ 4,000 യൂണിറ്റും പിന്നിട്ടു മുന്നേറ്റം തുടരുകയാണു നെക്സോൺ ഇവി വിൽപന. വൈദ്യുത വാഹനങ്ങളോടു പ്രത്യേകിച്ച് ആഭിമുഖ്യം പ്രകടിപ്പിക്കാത്ത ഇന്ത്യൻ കാർ വിപണിയിൽ അരങ്ങേറ്റം കഴിഞ്ഞ് 14 മാസത്തിനകമാണ് നെക്സോൺ ഇ വി വിൽപ്പനയിൽ ഈ നേട്ടം കൈവരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നെക്സോണിന്റെ കരുത്തിൽ മാർച്ച് മാസത്തിലും കഴിഞ്ഞ ജനുവരി–മാർച്ച് ത്രൈമാസത്തിലും വൈദ്യുത വാഹന വിൽപ്പനയിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാനും ടാറ്റ മോട്ടോഴ്സിനായി. മാർച്ചിൽ 705 ഇ വി വിറ്റാണു ടാറ്റ മോട്ടോഴ്സ് ചരിത്രം സൃഷ്ടിച്ചത്. 2021 ജനുവരി – മാർച്ച് ത്രൈമാസക്കാലത്തെ വൈദ്യുത വാഹന വിൽപനയാവട്ടെ 1,711 യൂണിറ്റുമായിരുന്നു. പണത്തിനു മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതുകൊണ്ടുതന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന വൈദ്യുത കാറായും നെക്സോൺ ഇ വി മാറിയിട്ടുണ്ട്. വൈദ്യുത വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതമാവട്ടെ 64% ആയി ഉയരുകയും ചെയ്തു.
എസ് യു വി എന്ന നിലയിലുള്ള കാഴ്ചപ്പകിട്ടിനും പൊലിമയ്ക്കുമപ്പുറം അടിസ്ഥാന കാര്യങ്ങളിൽ ടാറ്റ മോട്ടോഴ്സ് കൈവരിച്ച മികവാണു നെക്സോൺ ഇ വിയുടെ സ്വീകാര്യത മെച്ചപ്പെടുത്തുന്നത്. എതിരാളികളെ അപേക്ഷിച്ച് ഏഴു ലക്ഷത്തോളം രൂപ വില കുറവാണെന്നതും ‘നെക്സൻ ഇ വി’യെ കൂടുതൽ ആകർഷകമാക്കുന്നു. ഡ്രൈവിങ് ശൈലി വിലയിരുത്തി വാഹനത്തിൽ വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കിയതും ഉടമസ്ഥരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും നെക്സോൺ ഇ വി യിലെ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയതുമൊക്കെ കാർ കൂടുതൽ ജനപ്രിയമാവാൻ വഴിതെളിച്ചിട്ടുണ്ട്.
പരമ്പരാഗത എൻജിനുള്ള വകഭേദങ്ങളെ അപേക്ഷിച്ച് നെക്സോണിന്റെ ‘ഇ വി’ രൂപാന്തരത്തിനു വില അധികമാണ്. എന്നാൽ ‘ഫെയിം ടു’ പ്രകാരമുള്ള ഇളവുകളും പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് തീരെ കുറഞ്ഞ പ്രവർത്തന ചെലവുമാണ് ‘നെക്സൻ ഇ വി’യുടെ ആകർഷണം. ഒറ്റ ചാർജിൽ ‘നെക്സൻ ഇ വി’ 312 കിലോമീറ്റർ ഓടുമെന്നാണ് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ‘റേഞ്ച്’.
English Summary: Tata Nexon EV Sales Cross 4000 Unites in 14 Months