ADVERTISEMENT

വാക്‌സിനുകള്‍ കൊണ്ടുപോവാനുള്ള ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്ന ആദ്യ വാഹനമായി ടൊയോട്ട ലാൻഡ് ക്രൂസര്‍ 78. ഡബ്ല്യുഎച്ച്ഒയുടെ പെര്‍ഫോമെന്‍സ് ക്വാളിറ്റി ആന്റ് സേഫ്റ്റി(പിക്യുഎസ്) അനുമതിയാണ് ടൊയോട്ട സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലോകാരോഗ്യ സംഘടനക്കൊപ്പം ഡബ്ല്യുഎച്ച്ഒയുടെ അനുമതിയുള്ള വിവിധ സംഘടനകള്‍ക്കും എന്‍ജിഒകള്‍ക്കും ഈ ടൊയോട്ട വാഹനം വാക്‌സിനുകള്‍ കൊണ്ടുപോകാനായി ഉപയോഗിക്കാനാകും.

കോവിഡ് 19 അടക്കമുള്ള പല മഹാമാരികള്‍ക്കുമെതിരായ പ്രതീക്ഷയാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍. സാധാരണ വാക്‌സിനുകള്‍ രണ്ടു ഡിഗ്രി മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലാണ് സൂക്ഷിക്കേണ്ടത്. പല വികസ്വര- അവികസിത രാജ്യങ്ങളിലേയും ഉള്‍പ്രദേശങ്ങളിലേക്ക് വാക്‌സിനുകള്‍ എത്തിക്കുന്നത് ഇക്കാരണംകൊണ്ടുതന്നെ വെല്ലുവിളിയാവാറുണ്ട്. ഏതാണ്ട് 20 ശതമാനം വാക്‌സിന്‍ ഈ താപനിലയില്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത കാരണം ഒന്നു കൊണ്ട് മാത്രം ഉപയോഗശൂന്യമാവാറുണ്ട്.

toyota-land-cruiser-vaccine-transporter-1

റഫ്രിജറേറ്റര്‍ ഘടിപ്പിക്കാവുന്ന ലാൻഡ് ക്രൂസര്‍ 78 ടൊയോട്ടയാണ് പുറത്തിറക്കുക. ബി മെഡിക്കല്‍ സിസ്റ്റംസാണ് ലാന്‍‍ഡ് ക്രൂസര്‍ 78ന് വേണ്ട വാക്‌സിന്‍ റഫ്രിജറേറ്റര്‍ നിര്‍മിക്കുക. ടൊയോട്ട ഗ്രൂപ്പ് കമ്പനികളായ ടൊയോട്ട കസ്റ്റമൈസിംങ് ആന്റ് ഡെവലപ്‌മെന്റും ടൊയോട്ട സൂഷോയും ചേര്‍ന്നാണ് ഈ വാഹനങ്ങളുടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക. 400 വാക്‌സിന്‍ പാക്കേജുകള്‍ കൊള്ളുന്ന 396 ലിറ്റര്‍ റഫ്രിജറേറ്ററാണ് ടൊയോട്ട ലാന്‍‍ഡ് ക്രൂസര്‍ 78ല്‍ ഘടിപ്പിക്കുക. ഒരിക്കല്‍ ചാര്‍ജ്ജ് ചെയ്താല്‍ 16 മണിക്കൂര്‍ വരെ ഈ റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കും. വാഹനത്തിലെ ബാറ്ററി ഉപയോഗിച്ചോ പുറത്തുനിന്നുള്ള പവര്‍ സോഴ്‌സില്‍ നിന്നോ റഫ്രിജറേറ്റര്‍ ചാര്‍ജ്ജ് ചെയ്യാനും സാധിക്കും.

1984ല്‍ പുറത്തിറങ്ങിയ ലാന്‍‍ഡ് ക്രൂസര്‍ 70 സീരിസിനെ അടിസ്ഥാനപ്പെടുത്തിയാണ് ലാന്‍‍ഡ് ക്രൂസര്‍ 78 നിർമിച്ചിരിക്കുന്നത്. ലാന്‍‍ഡ് ക്രൂസര്‍ ശ്രേണിയില്‍ പെട്ട ഏറ്റവും ദീര്‍ഘകാലം പുറത്തിറങ്ങിയ വാഹനം കൂടിയാണിത്. സിംഗിള്‍, ഡബിള്‍ കാബ് പിക്ക് അപ്പ്, ഫൈവ് ഡോര്‍ വാഗണ്‍, ത്രീ ഡോര്‍ ട്രൂപ് കാരിയര്‍ തുടങ്ങി പല രൂപങ്ങളില്‍ ഈ വാഹനം ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ത്രീ ഡോര്‍ ട്രൂപ് കാരിയറില്‍ കാര്‍ഗോ സ്‌പേസിന് പുറമേ 13 പേര്‍ക്ക് യാത്ര ചെയ്യാനും സാധിക്കും. ഏത് ചെങ്കുത്തായ വഴികളും മറികടക്കാന്‍ 4 വീല്‍ ഡ്രൈവ് അടക്കമുള്ള സൗകര്യങ്ങള്‍ ലാന്‍‍ഡ് ക്രൂസര്‍ 78ന് കരുത്തു നല്‍കുന്നുണ്ട്.

English Summary: Toyota Land Cruiser vaccine transporter gets WHO Prequalification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com