ഇലക്ട്രിക് ചേതക് ബുക്കിങ് പുനഃരാരംഭിച്ചു ബജാജ്
Mail This Article
വൈദ്യുത സ്കൂട്ടറായ ‘ചേതക്കി’നുള്ള ബുക്കിങ് ബജാജ് ഓട്ടോ ലിമിറ്റഡ് വീണ്ടും സ്വീകരിച്ചു തുടങ്ങി. 2,000 രൂപ അഡ്വാൻസ് നൽകി കമ്പനി വെബ്സൈറ്റ് വഴി വൈദ്യുത ‘ചേതക്’ ബുക്ക് ചെയ്യാം. ബുക്കിങ് റദ്ദാക്കുന്ന പക്ഷം 1,000 രൂപ കാൻസലേഷൻ ചാർജായി ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. വൈദ്യുത സ്കൂട്ടറായ ‘ചേതക്കി’ന്റെ വിപണനം ഘട്ടം ഘട്ടമായി ബജാജ് ഓട്ടോ വിപുലീകരിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറിൽ 18 ഡീലർഷിപ്പുകൾ മുഖേനയാണു കമ്പനി ‘ചേതക്’ വിറ്റിരുന്നത്; ഇതിൽ അഞ്ചെണ്ണം പുണെയിലും ബാക്കി ബെംഗളൂരുവിലുമാണ്.
ഇതോടൊപ്പം രാജ്യാന്തരതലത്തിൽ ‘ചേതക്’ വിൽപ്പനയ്ക്കെത്തിക്കാനും ബജാജിനു പദ്ധതിയുണ്ട്. യൂറോപ്യൻ വിപണികൾ ലക്ഷ്യമിട്ടു കഴിഞ്ഞ വർഷം തന്നെ ബജാജ് ‘ചേതക്കി’ന്റെ ഡിസൈൻ യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫിസിൽ റജിസ്റ്റർ ചെയ്തു പകർപ്പവകാശം സ്വന്തമാക്കിയിരുന്നു. 2029 നവംബർ വരെയാണു ബജാജ് ‘ചേതക്കി’ന്റെ യൂറോപ്പിലെ റജിസ്ട്രേഷൻ.
ഇന്ത്യൻ സ്കൂട്ടർ വിപണിയെ കാലങ്ങളോളം അടക്കിവാണ ‘ചേതക്’ ബ്രാൻഡിനെ കഴിഞ്ഞ വർഷം ആദ്യമാണു ബജാജ് ഓട്ടോ തിരിച്ചു കൊണ്ടുവന്നത്. ആദ്യ ‘ചേതക്കി’ൽ പെട്രോൾ എൻജിൻ ഇടംപിടിച്ചപ്പോൾ രണ്ടാം വരവിൽ ‘ചേതക്’ വൈദ്യുത സ്കൂട്ടറായി മാറിയെന്ന വ്യത്യാസമുണ്ട്.
പുതിയ ‘ചേതക്കി’ലെ വൈദ്യുത മോട്ടോറിന് സ്ഥിരതയോടെ 3.8 കിലോവാട്ട് അവർ കരുത്തും പരമാവധി 4.1 കിലോവാട്ട് അവർ കരുത്തുമാണു സൃഷ്ടിക്കാനാവുക. സവിശേഷ ഓട്ടമേറ്റഡ് ട്രാൻസ്മിഷനാണു മോട്ടോറിൽ നിന്നുള്ള കരുത്ത് പിൻചക്രത്തോളമെത്തിക്കുക. മൂന്നു കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണു സ്കൂട്ടറിലുള്ളത്; ഒറ്റ ചാർജിൽ ഇക്കോമോഡിൽ 95 കിലോമീറ്ററും സ്പോർട് മോഡിൽ 85 കിലോമീറ്ററുമാണു ‘ചേതക്’ പിന്നിടുക.
English Summary: Bajaj Chetak Electric Scooter Bookings Reopen in India