ADVERTISEMENT

എലിസബത്ത് രാജ്ഞിയുടെ ജീവിതപങ്കാളിയായിരുന്ന ഫിലിപ് രാജകുമാരന്റെ (99) അന്തിമ യാത്ര  ബ്രിട്ടനിലെ എക്കാലത്തെയും വിഖ്യാതമായ വാഹനത്തില്‍. ഫിലിപ് രാജകുമാരന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ സ്വന്തം ലാന്‍ഡ് റോവറിലായിരുന്നു അന്ത്യയാത്ര. ശവപ്പെട്ടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍  വാഹനം പുതുക്കി പണിതു. ലാന്‍ഡ് റോവർ ഡിഫെന്റര്‍ 130 ഗണ്‍ബസാണ് ഫിലിപ് രാജകുമാരനൊപ്പം അവസാനയാത്രയിലും കൂട്ടായത്. 

എസ്റ്റേറ്റ് യാത്രയിലെ തോഴന്‍

വിശാലമായ എസ്റ്റേറ്റുകളിലെ യാത്രകള്‍ക്കാണ് ഗണ്‍ ബസ് എന്ന് വിളിച്ചിരുന്ന ലാന്‍ഡ് റോവര്‍ ഡിഫെന്ററിനെ ഫിലിപ് രാജകുമാരന്‍ ഉപയോഗിച്ചിരുന്നത്.  2003 ല്‍, തന്റെ 82 ാം വയസ്സിലായിരുന്നു ഫിലിപ് ഇതിന്റെ മോഡിഫിക്കേഷൻ ആരംഭിച്ചത്. അവസാന മാറ്റങ്ങള്‍ വരുത്തിയത് രണ്ടു വര്‍ഷം മുമ്പും.

BRITAIN-ROYALS-PHILIP
Image: REUTERS

സൈനിക വാഹനങ്ങള്‍ക്ക് സമാനമായ കടുംപച്ച നിറവും അദ്ദേഹത്തിന്റെ സിലക്‌ഷനായിരുന്നു. വാഹനത്തിന്റെ പിന്‍ഭാഗം കൈകൊണ്ട് പ്രത്യേകമായി നിര്‍മിച്ചെടുത്തതായിരുന്നു. രാജകുമാരന്റെ നിര്‍ദേശപ്രകാരം മലിനീകരണം ഒഴിവാക്കാന്‍ വാഹനം വൈദ്യുതിയില്‍ ഓടുന്നതാക്കി മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

BRITAIN-ROYALS-PHILIP

ഒപ്പം നിന്ന് മോഡിഫിക്കേഷന്‍

വാഹനത്തിന്റെ മോഡിഫിക്കേഷനുകളിൽ ഫിലിപ് രാജകുമാരന് സ്വന്തം തീരുമാനമുണ്ടായിരുന്നു. പണിയുടെ ആദ്യാവസാനം അദ്ദേഹവും പങ്കാളിയായി. വാഹനങ്ങളോട് അതിയായ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്  വാഹന ഡിസൈനില്‍ ആഴത്തിലുള്ള അറിവും ഉണ്ടായിരുന്നു. പല മുതിര്‍ന്ന വാഹന നിര്‍മാതാക്കളും അദ്ദേഹത്തിന്റെ ഈ അറിവിനെ പ്രശംസിച്ചിട്ടുണ്ട്.

BRITAIN-ROYALS-PHILIP
Image: REUTERS

‘വാഹനങ്ങളുടെ സാങ്കേതികവിദ്യയിലും എൻജിനീയറിങ്ങിലും ഡിസൈനിലുമെല്ലാം വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങളുടെ ഫാക്ടറികളിലേക്കുള്ള സന്ദര്‍ശനത്തിനിടെ ജീവനക്കാരുമായി സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അപ്പോഴെല്ലാം ഫിലിപ് രാജകുമാരന്റെ വാഹന ഇഷ്ടം അടുത്തറിയാനായി. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങള്‍ക്ക് തീരാനഷ്ടമാണ്’ എന്നായിരുന്നു ജാഗ്വര്‍ ലാൻഡ് റോവര്‍ സിഇഒ തിയറി ബല്ലോര്‍ പ്രതികരിച്ചത്.

'റോയല്‍ വാറന്റ്' 

ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ലാന്‍ഡ് റോവര്‍ പ്രേമം നേരത്തേതന്നെ പ്രസിദ്ധമാണ്. ഫിലിപ് രാജകുമാരന്‍ ഓടിച്ചിരുന്നതിൽ ഭൂരിഭാഗവും ലാന്‍ഡ് റോവറുകളായിരുന്നു. ബ്രിട്ടിഷ് രാജകുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. 40 വര്‍ഷം മുമ്പ് ഫിലിപ് രാജകുമാരന്‍ ‘റോയല്‍ വാറന്റ്’ ലാന്‍ഡ് റോവറിന് നല്‍കുകയും ചെയ്തിട്ടുണ്ട്. രാജകുടുംബാംഗങ്ങള്‍ക്ക് ലാന്‍ഡ് റോവര്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ തുടരുമെന്നതിന്റെ ഉറപ്പായിരുന്നു ഇത്.

BRITAIN-ROYALS-PHILIP
Image: REUTERS

2019 ല്‍ അപകടം

2019 ല്‍ ബ്രിട്ടിഷ് രാജകുടുബത്തിന്റെ സാന്‍ഡ്രിങ്ങാം എസ്റ്റേറ്റില്‍ വച്ച് ഫിലിപ് രാജകുമാരന്‍ ഓടിച്ച ലാന്‍ഡ് റോവര്‍ അപകടത്തില്‍ പെട്ടിരുന്നു. സൂര്യവെളിച്ചം കണ്ണിലേക്ക് അടിച്ചപ്പോള്‍ അല്‍പസമയത്തേക്ക് കാഴ്ച തടസ്സപ്പെട്ടതാണ് അപകടകാരണമെന്നാണ് ഫിലിപ് രാജകുമാരന്‍ പറഞ്ഞത്. അന്ന് 97 വയസുണ്ടായിരുന്ന രാജകുമാരന്റെ ലാന്‍ഡ് റോവര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം ലാന്‍ഡ് റോവറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഫിലിപ് സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വൈകാതെ തന്റെ ഡ്രൈവിങ് ലൈസന്‍സ് സ്വമേധയാ തിരിച്ചേല്‍പിക്കാനുള്ള തീരുമാനവും ഫിലിപ് രാജകുമാരന്‍ എടുത്തു.

 

English Summary: Prince Philip helped customize the Land Rover that will carry his coffin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com