ADVERTISEMENT

യാത്രാവാഹന വിഭാഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷവും ഏറ്റവുമധികം കയറ്റുമതി നടത്തിയത് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) തന്നെ. ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപുതൂരിലെ ശാലയിൽ നിന്ന് 1.40 ലക്ഷത്തോളം വാഹനങ്ങളാണു ഹ്യുണ്ടേയ് 88 രാജ്യങ്ങളിലേക്കായി കയറ്റുമതി ചെയ്തത്. ഇടത്തരം എസ്  യു വിയായ ‘ക്രേറ്റ’യും എച്ച് എം ഐ എൽ അഞ്ചു വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. 

ഇന്ത്യൻ നിർമിത ‘ക്രേറ്റ’യ്ക്കു പുറമെ ചെന്നൈ ശാലയിൽ നിന്നുള്ള സബ് കോംപാക്ട് എസ് യു വിയായ ‘വെന്യു’വും മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണ ആഫ്രിക്ക, നേപ്പാൾ, ചിലെ എന്നീ രാജ്യങ്ങളിലെക്ക് ഹ്യുണ്ടേയ് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനം നിരത്തിലെത്തിയ പുത്തൻ ‘ഐ ട്വന്റി’യാവട്ടെ എച്ച് എം ഐ എൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. 

ഇന്ത്യൻ വിപണിക്കു മാത്രമല്ല കയറ്റുമതി കൂടി ലക്ഷ്യമിട്ടുള്ള ഉൽപ്പാദന ഹബ്വായി ചെന്നൈ ശാലയെ മാറ്റാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഹ്യുണ്ടേയ് വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയും ആഗോളതലത്തിൽതന്നെ കനത്ത വെല്ലുവിളി സൃഷ്ടിച്ച വർഷമാണു കടന്നു പോയതെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം അഭിപ്രായപ്പെട്ടു. വിവിധ വിപണികളിൽ ദൃശ്യമായ അനിശ്ചിതത്വും ഇറക്കുമതിയിലെ നിയന്ത്രണങ്ങളും സപ്ലൈ ചെയിനിൽ നേരിച്ച പ്രതിബന്ധങ്ങളുമൊക്കെ അതിജീവിച്ചാണ് ഹ്യുണ്ടേയ് ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹം വിലയിരുത്തി. 

കഴിഞ്ഞ വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് ഇതുവരെയുള്ള മൊത്തം കാർ കയറ്റുമതി 30 ലക്ഷം യൂണിറ്റ് പിന്നിടുകയെന്ന നേട്ടവും ഹ്യുണ്ടേയ് സ്വന്തമാക്കിയിരുന്നു. 2008 മാർച്ചിലാണ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ കാർ കയറ്റുമതി അഞ്ചു ലക്ഷം യൂണിറ്റ് തികഞ്ഞത്. 2010 ഫെബ്രുവരിയോടെ മൊത്തം കയറ്റുമതി 10 ലക്ഷം യൂണിറ്റായും 2014 മാർച്ചോടെ 20 ലക്ഷം യൂണിറ്റായും ഉയർന്നു. 

നിലവിൽ 10 മോഡലുകളാണു ഹ്യുണ്ടേയ് ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യുന്നത്: ‘സാൻട്രോ’(‘ആറ്റോസ്’), ‘ഗ്രാൻഡ് ഐ 10’, ‘എക്സെന്റ്’, ‘ഗ്രാൻഡ് ഐ 10 നിയൊസ്’, ‘ഓറ’(ഗ്രാൻഡ്  ഐ 10’), ‘വെർന’ (‘അക്സന്റ്’), ‘വെന്യു’, ‘ക്രേറ്റ’ എന്നിവ. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളും വടക്കൻ അമേരിക്കയിലെ മെക്സിക്കോയും 28 ആഫ്രിക്കൻ രാജ്യങ്ങളും ഏഷ്യ പസഫിക് മേഖലയിലെ 26 രാജ്യങ്ങളും യൂറോപ്യൻ രാജ്യവുമൊക്കെ ചേർന്ന് മൊത്തം 88 വിദേശ വിപണികളിലാണ് ഇന്ത്യയിൽ നിർമിച്ച ഹ്യുണ്ടേയ് കാറുകൾ വിൽപ്പനയ്ക്കെത്തുന്നത്. 

English Summary: Hyundai tops chart of car exporters from India in FY21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com