ADVERTISEMENT

വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമൃദ്ധമാണ് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലെ ഓരോ ചിത്രങ്ങളും. ആ പതിവ് തെറ്റിക്കാതെയാണ് ഏറ്റവും പുതിയ ചിത്രമായ എഫ് 9ന്റെ ട്രെയിലറും എത്തിയിരിക്കുന്നത്. ഇതുവരെയുള്ള ചിത്രങ്ങളിലൊന്നും ഇല്ലാത്ത പുതിയൊരു സാങ്കേതികവിദ്യയും എഫ് 9 ട്രെയിലര്‍ കാണിച്ചു തരുന്നു. ചെങ്കുത്തായ മലയുടെ മുകളില്‍ നിന്നും താഴേക്ക് പോകുന്ന കാറിനെ ഒരു പോര്‍വിമാനം റാഞ്ചിയെടുത്തുപോകുന്ന രംഗം ട്രെയിലറിലുണ്ട്. ഇതെന്താണ് സംഭവമെന്ന് ട്രെയിലര്‍ പൂര്‍ണമായും ശ്രദ്ധയോടെ കണ്ടാല്‍ മനസിലാക്കാനാകും.

ട്രെയിലറിന്റെ രണ്ടാം മിനുറ്റില്‍ ഡോം കാറിനുള്ളിലെ വൃത്താകൃതിയിലുള്ള ഒരു സ്വച്ച് തിരിക്കുന്നുണ്ട്. ഇതോടെ അടുത്തുണ്ടായിരുന്ന രണ്ടു വാനുകളെ കാന്തമെന്ന പോലെ കാര്‍ വലിച്ചടുപ്പിക്കുകയാണ്. വാനുകളുടെ കൂട്ടത്തില്‍ സമീപത്തെ ഇലക്ട്രോണിക് ഷോപുകളിലെ ഉപകരണങ്ങളും കാന്തിക ആകര്‍ഷണത്തില്‍ പെട്ട് പറന്നു വരുന്നുണ്ട്. കാന്തികബലം ഉപയോഗിച്ചാണ് ഈ പണി നടത്തുന്നതെന്നതിന്റെ സൂചനകള്‍ എഫ് 9 ട്രെയിലറില്‍ ഉടനീളമുണ്ട്. 

ഇടക്ക് ടൈറസെ ഗിബ്‌സണ്‍ അവതരിപ്പിക്കുന്ന റോമന്‍ പിയേഴ്‌സ് എന്ന കഥാപാത്രം 'ഇപ്പൊ നമ്മുടെ കളി കാന്തം വച്ചാണ്' എന്ന് പറയുന്നുമുണ്ട്. വൈദ്യുതി കമ്പികളും പോസ്റ്റും കാറുകളും പൊലീസ് വാഹനങ്ങളുമെല്ലാം ഡോമിന്റേയും സംഘത്തിന്റേയും കാന്തം കൊണ്ടുള്ള വലിയില്‍ പിടിച്ചെടുക്കപ്പെടുന്നുണ്ട്. ഈയൊരു കാന്തിക സാങ്കേതികവിദ്യകൊണ്ട് മാത്രം ആക്ഷന്‍ രംഗങ്ങളുടെ വലിയൊരു സാധ്യതയാണ് എഫ് 9 മുന്നോട്ടുവയ്ക്കുന്നത്.

പൊട്ടിത്തെറിക്ക് വരെ കാന്തത്തെ ഉപയോഗിക്കുന്ന രംഗങ്ങള്‍ ട്രെയിലറില്‍ ഉണ്ട്. സുന്‍ കാങിന്റെ ഹാന്‍ എന്ന കഥാപാത്രമാണത് ചെയ്യുന്നത്. വാനിനുള്ളില്‍ വെച്ച് തന്നെ ആക്രമിക്കുന്നയാള്‍ക്ക് നേരെ കാന്തത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുവാണ് പ്രയോഗിക്കുന്നത്. അക്രമിയുടെ ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തില്‍ ഇത് ഒട്ടിയിരിക്കുന്നതിന് പിന്നാലെ ഡോറും അയാളുടെ വസ്ത്രത്തിലെ പാരച്യൂട്ടും തുറന്ന് പുറത്തേക്ക് വിടുകയാണ്. ഇത് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുന്നു.

എഫ് 9 ട്രെയിലറിലെ ഏറ്റവും ത്രസിപ്പിക്കുന്ന അവസാന രംഗങ്ങളിലും കാന്തത്തിന് പ്രാധാന്യമുണ്ട്. കറുത്ത നിറമുള്ള കൂറ്റന്‍ ട്രെയിലര്‍ തലകുത്തനെ മറിക്കുന്നത് ഇത്തരമൊരു കാന്തികവിദ്യ ഉപയോഗിച്ചാണ്. ബഹിരാകാശ സ്യൂട്ടില്‍ റോക്കറ്റ് പോലെ ആകാശത്ത് പറക്കുന്ന കാറിന്റെ രംഗത്തോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്യുന്ന എഫ് 9 ജൂണ്‍ 25നാണ് തിയേറ്ററുകളിലെത്തുക. വിന്‍ ഡീസല്‍, ജോണ്‍ സിന, മിഷേല്‍ റോഡ്രിഗസ്, ടൈറസ് ഗിബ്‌സണ്‍, ക്രിസ് ബ്രിഡ്ജസ്, ജോര്‍ഡാന ബ്രൂസ്റ്റര്‍, നതാലിയ ഇമ്മാനുവല്‍, സങ് കാങ്, ഹെലെന്‍ മിരന്‍, ചാര്‍ളൈസ് തെറോണ്‍, കാന്‍ഡിഡ് ബി എന്നിവരാണ് പ്രധാന താരങ്ങള്‍.

English Summary: Jumps, drifts, chase, magnetized cars; Fast & Furious 9 trailer has it all

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com