75–ാം വയസിലും കൊച്ചു സുന്ദരിയാണീ വെസ്പ
Mail This Article
രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികളേയും നിയന്ത്രണങ്ങളേയും തുടര്‍ന്നാണ് ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോ വ്യോമയാന മേഖലയില്‍ നിന്നും ഇരുചക്രവാഹന നിർമാണത്തിലേക്ക് തിരിയുന്നത്. പിയാജിയോയുടെ ഈ തീരുമാനത്തിന്റെ സന്തതിയാണ് വെസ്പ. ഇറ്റാലിയന്‍ ഭാഷയില്‍ 'കടന്നല്‍' എന്നര്‍ഥം വരുന്ന വെസ്പ 1946ലാണ് ഓടി തുടങ്ങുന്നത്. ഇപ്പോള്‍ 75 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഈ ഇറ്റാലിയന്‍ കമ്പനി.
പടിപടിയായുള്ള ഉയര്‍ച്ച
ഇറ്റലിയിലെ പൊന്റെഡെറ പ്ലാന്റിലാണ് 1946ല്‍ ആദ്യ വെസ്പ ജനിച്ചത്. പിന്നീട് ഇന്നുവരെ ഏതാണ്ട് 1.9 കോടി വെസ്പ സ്‌കൂട്ടറുകള്‍ വിപണിയിലേക്കെത്തിക്കഴിഞ്ഞു. പടിപടിയായിട്ടായിരുന്നു വെസ്പയുടെ വളര്‍ച്ച. 1947ല്‍ 2500 ഇരുചക്രവാഹനങ്ങള്‍ വിറ്റ കമ്പനി 1948ല്‍ വില്‍പന പതിനായിരമാക്കി. 1952ലാണ് ആദ്യമായി വെസ്പ ഒരു ലക്ഷം വാഹനങ്ങള്‍ ഒരു വര്‍ഷം വില്‍ക്കുന്നത്. ഇതിന് വെസ്പയെ സഹായിച്ചതാവട്ടെ അക്കാലത്ത് ഇറങ്ങിയ റോമന്‍ ഹോളിഡേ എന്ന സിനിമയായിരുന്നു. റോം കാണാനിറങ്ങിയ രാജകുമാരിയുടെ കഥപറയുന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ ഉപയോഗിച്ച വാഹനം വെസ്പയായിരുന്നു.
നിലവില്‍ 83 രാജ്യങ്ങളില്‍ വെസ്പ ഇറങ്ങുന്നുണ്ട്. ഇടക്കാലത്ത് മങ്ങിപോയ വെസ്പ 2005 കാലത്ത് ഏതാണ്ട് അരലക്ഷം യൂണിറ്റുകളാണ് വിറ്റത്. 2007ല്‍ ഇത് ഒരു ലക്ഷമായും 2018ല്‍ ഇത് രണ്ട് ലക്ഷമായും വര്‍ധിപ്പിക്കാന്‍ വെസ്പക്ക് സാധിച്ചു.
75 വര്‍ഷം ചെറുപ്പം
ഇരുചക്ര വാഹന നിര്‍മ്മാണത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരം ആഘോഷിക്കാന്‍ തന്നെയാണ് വെസ്പയുടെ തീരുമാനം. പ്രത്യേകം ജിടിഎസ് 300 ഈ അവസരത്തില്‍ വെസ്പ പുറത്തിറക്കും. സഫയര്‍ ബ്ലൂ, റൂബി റെഡ്, സള്‍ഫര്‍ യെല്ലോ തുടങ്ങി മൂന്നു നിറങ്ങളിലാണ് ഈ സ്‌പെഷല്‍ വെസ്പ ഇറങ്ങുക. വാഹനത്തിന്റെ വശങ്ങളില്‍ '75' എന്ന് വലിയ അക്കത്തില്‍ എഴുതിയിട്ടുണ്ട്. ഇതിന് പുറമേ 1940കളെ ഓര്‍മ്മിപ്പിക്കും വിധം പ്രത്യേകം ഡിസൈന്‍ ചെയ്ത സ്‌പെയര്‍ ചക്രം പിന്‍ഭാഗത്ത് പിടിപ്പിച്ചിട്ടുമുണ്ട്.
വരവും പോക്കും, തിരിച്ചുവരവും...
ഇന്ത്യന്‍ വിപണിയില്‍ 1960കളിലാണ് വെസ്പ എത്തുന്നത്. ബജാജുമായി ചേര്‍ന്നായിരുന്നു ഇറ്റാലിയന്‍ നിർമാതാക്കളുടെ വരവ്. 1980കളില്‍ എല്‍എംഎല്ലുമായി ചേര്‍ന്നുള്ള എല്‍എംഎല്‍ വെസ്പ ഏറെക്കാലം ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയുടെ മുഖമുദ്രയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് 1999ല്‍ എല്‍എംഎല്ലുമായി പിരിഞ്ഞ വെസ്പ ഇന്ത്യയില്‍ നിന്നും താല്‍ക്കാലികമായി വിടവാങ്ങി.
പിന്നീട് 2012ലാണ് വാഹനനിര്‍മ്മാതാക്കള്‍ക്ക് എളുപ്പത്തില്‍ ഒഴിവാക്കാനാവാത്ത ഇന്ത്യന്‍ വിപണിയിലേക്ക് വെസ്പ തിരിച്ചുവരുന്നത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള പരിചയവും ഈ രണ്ടാംവരവില്‍ വെസ്പയെ തുണച്ചു. എല്‍എക്‌സ് 125 മോഡലിലൂടെയായിരുന്നു വെസ്പ ഇന്ത്യയിലേക്കെത്തിയത്. നിലവില്‍ 125, 150 സിസി വിഭാഗത്തില്‍ പല മോഡലുകള്‍ വെസ്പ ഇന്ത്യയില്‍ ഇറക്കുന്നു.
ആഗോള തലത്തില്‍ മൂന്ന് നിർമാണ യൂണിറ്റുകളാണ് വെസ്പക്കുള്ളത്. യൂറോപിലേക്ക് വേണ്ട വെസ്പ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് ഇറ്റലിയിലെ പ്രധാന ഫാക്ടറിയിലാണ്. വിയറ്റ്‌നാമിലെ വിന്‍ ഫുക് നിര്‍മ്മാണ ശാലയാണ് രണ്ടാമത്തേത്. വിയറ്റ്‌നാമിന് പുറമേ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും വേണ്ട വെസ്പ ഇവിടെയാണ് നിര്‍മ്മിക്കുക. മൂന്നാമത്തെ ഫാക്ടറി 2012ല്‍ ഇന്ത്യയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യക്കും നേപാളിനും വേണ്ട വെസ്പ വാഹനങ്ങള്‍ ബരമാട്ടി ഫാക്ടറിയിലാണ് ഉണ്ടാക്കുന്നത്.